സ്‌പോട്‌സ് ലേഖകൻ
ആധുനിക ക്രിക്കറ്റിലെ കൂറ്റടിക്കാരിൽ മക്കല്ലം എന്ന പേര് എന്നും ബൗണ്ടറി കടന്നു നിൽക്കും. ഏതിരാളി ആരായാവും കളിക്കുന്നത് മക്കല്ലത്തിന്റെ ബാ്റ്റും പന്തും മാത്രമായിരുന്നു. പന്ത് അതിർത്തി കടത്തുന്നതിൽ ഒരു പ്രത്യേക ഹരമുണ്ടായിരുന്നു മക്കല്ലത്തിന്. ഒടുവിൽ അനിവാര്യമായത് സംഭവിച്ചു, മക്കലം ബാറ്റ് താഴ്തി. പാഡഴിച്ചു..!
അർഹിച്ച യാത്രയയപ്പല്ല ലഭിച്ചത് പക്ഷേ, ബ്രണ്ടൻ മക്കല്ലം എന്ന ‘ബസ്’ പരാതിപ്പെടുന്നില്ല. സന്തോഷവും സംതൃപ്തിയും മാത്രം, കഴിഞ്ഞ 14 വർഷങ്ങളിൽ തന്റെ എല്ലാമായിരുന്ന കിവിപ്പട ലോകോത്തര നിരയായി വളർന്നതിൽ. അതിനായി തന്റെ കരുത്തും കഴിവും നിർലോഭം നൽകിയെന്ന വിശ്വാസവുമായി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പുൽമൈതാനങ്ങളിൽനിന്ന് എന്നെന്നേക്കുമായി മക്കല്ലം നടന്നകന്നു. ഗാലറികൾ തേടിപ്പറക്കുന്ന കരുത്തുറ്റ ഷോട്ടുകളെപ്പോലെ ഏത് കൊലകൊമ്പന് മുന്നിലും തലയുയർത്തി നിൽക്കുന്ന ടീമായി ന്യൂസിലൻഡിനെ മാറ്റിയതിന്റെ ക്രെഡിറ്റുമായാണ് 34കാരനായ മക്കല്ലം കളംവിടുന്നത്. കളിക്കാരനായും ക്യാപ്റ്റനായും ടീമിന്റെ വളർച്ചക്ക് ഊർജംപകർന്ന താരം, ടീമിലെ ഓരോ കളിക്കാരനിൽനിന്നും മികവുറ്റ പ്രകടനങ്ങൾ കൊണ്ടുവരുന്നതിൽ എന്നും പ്രചോദനമായിരുന്നു. തുടർച്ചയായ എട്ടു ജയവുമായി ഏകദിന ലോകകപ്പിൽ ആദ്യ ഫൈനലിലേക്കും ലോക മൂന്നാം നമ്പർ ടെസ്റ്റ് ടീമിലേക്കും ന്യൂസിലൻഡ് വളർന്നു. 201213 സീസണിൽ ന്യൂസിലൻഡിന്റെ ക്യാപ്റ്റനായ താരം, കരിയറിന്റെ അവസാനഘട്ടങ്ങളിലാണ് കൂടുതൽ അപകടകാരിയായത്. സ്വയം റെക്കോഡുകൾ തീർക്കുന്നതിനൊപ്പം കൂട്ടുകാരെ റെക്കോഡുകളിലേക്ക് നയിച്ചു. ശ്രമിച്ചുനോക്കുന്നതിൽനിന്ന് വിജയത്തിലേക്ക് പാതവെട്ടാനും കിവികളെ പഠിപ്പിച്ചത് പ്രിയപ്പെട്ട ബസ് തന്നെയാണ്. ഇക്കാലയളവിൽ ആക്രമണോത്സുകത ബ്‌ളാക് ക്യാപ്‌സിന്റെ മുഖമുദ്രയായതിന് പിന്നിലും മറ്റൊന്നല്ല രഹസ്യം.അവസാന മത്സരത്തിൽ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി (54 പന്തിൽ) സ്വന്തമാക്കി തന്റെ പ്രതിഭയോട് നീതിപുലർത്തിക്കൊണ്ടാണ് വിടപറയുന്നത് എന്നതുതന്നെയാണ് മക്കല്ലത്തിന്റെ മേന്മയും.
2002ൽ ആസ്‌ട്രേലിയക്കെതിരെ കളിച്ച ഏകദിനത്തിലൂടെയാണ് അന്താരാഷ്ട്ര തലത്തിൽ മക്കല്ലം അരങ്ങേറിയത്. പിന്നെയും രണ്ടു വർഷം കഴിഞ്ഞ് 2004 മാർച്ചിൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 260 ഏകദിനങ്ങൾ കളിച്ച താരം 6083 റൺസും നേടി. 166 റൺസ് ആണ് ഏകദിനത്തിൽ ടോപ്‌സ്‌കോർ. ടെസ്റ്റിൽ 101 മത്സരങ്ങളിൽനിന്ന് 6453 റൺസാണ് സമ്പാദ്യം. ഒരു ന്യൂസിലൻഡ് താരത്തിന്റെ ആദ്യ ട്രിപ്പ്ൾ സെഞ്ച്വറിയായ ഇന്ത്യക്കെതിരെ നേടിയ 302 റൺസ് ടെസ്റ്റിലെ ഉയർന്ന സ്‌കോർ. 71 ട്വൻറി20കളിൽ രണ്ടു സെഞ്ച്വറികൾ അടിച്ചിട്ടുള്ള മക്കല്ലം, 2140 റൺസിനും ഉടമയാണ്. 123 റൺസാണ് കുട്ടിക്രിക്കറ്റിലെ ടോപ് സ്‌കോർ. ട്വൻറി20യിൽ 1000 റൺസ് തികച്ച ആദ്യ താരവുമാണ്. ടെസ്റ്റിൽ ഏറ്റവുംകൂടുതൽ സിക്‌സ് (107) നേടിയ താരമായ മക്കല്ലം, ഏകദിനത്തിൽ 200 സിക്‌സുകളും പറത്തിയിട്ടുണ്ട്. മികവുറ്റ വിക്കറ്റ് കീപ്പർ കൂടിയായിരുന്ന താരം, ടെസ്റ്റിൽ 198 ക്യാച്ചും 11 സ്റ്റംപിങ്ങും ഏകദിനത്തിൽ 262 ക്യാച്ചും 15 സ്റ്റംപിങ്ങും ട്വൻറി20യിൽ 36 ക്യാച്ചും എട്ട് സ്റ്റംപിങ്ങും നടത്തി. ഇനി ഐ.പി.എല്ലിൽ ഗുജറാത്ത് ലയൺസിന്റെ കുപ്പായത്തിൽമാത്രം കാണാനാകുന്ന മക്കല്ലം തന്നെയാണ് അടുത്തമാസം നടക്കുന്ന ട്വൻറി20 ലോകകപ്പിന്റെ ഏറ്റവും വലിയ നഷ്ടം.