അറഫ സംഗമ ദിനത്തില്‍ കഅബയെ പുതിയ വസ്ത്രം അണിയിച്ചു

മക്ക: അറഫ സംഗമ ദിനത്തില്‍ കഅബയെ പുതിയ വസ്ത്രം (കിസ്‌വ) അണിയിച്ചു. 670 കിലോ ശുദ്ധ പട്ടില്‍ 120 കിലോ സ്വര്‍ണം, 100 കിലോ വെള്ളി നൂലുകള്‍ ഉപയോഗിച്ചാണ് കിസ്‌വയില്‍ അലങ്കാരപ്പണികളും ഖുര്‍ആന്‍ സൂക്തങ്ങളും ആലേഖനം ചെയ്തിരിക്കുന്നത്. ഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഹജ് തീര്‍ഥാടനത്തിലെ ഏറ്റവും പ്രധാന അനുഷ്ഠാനമായ അറഫ സംഗമം നടക്കുന്ന ദുല്‍ഹജ് ഒന്‍പതിനാണ് കിസ്‌വ മാറ്റല്‍ ചടങ്ങു നടക്കുന്നത്. അറഫ സംഗമം കഴിഞ്ഞ് ആദ്യ കല്ലേറും നിര്‍വഹിച്ച്, നിര്‍മല മനസ്സുമായി തീര്‍ഥാടകര്‍ മക്കയില്‍ തിരിച്ചെത്തുമ്പോള്‍ കഅബ പുതുവസ്ത്രം ധരിച്ച് അവരെ കാത്തിരിപ്പുണ്ടാകും.

അതേസമയം മക്കയില്‍ കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റ് വീശുന്നുണ്ട് മക്കയില്‍. എന്നാല്‍ ഹജ് തീര്‍ഥാടനത്തെ ഇത് ബാധിക്കാനിടയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് വീശിയടിച്ച പൊടിക്കാറ്റിന് പിന്നാലെ രാത്രി മിനായിലും അറഫയിലും മണിക്കൂറുകളോളം ശക്തമായ മഴയും അനുഭവപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് അറഫയിലെ ഏതാനും ടെന്റുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ അറഫയില്‍ ചാറ്റല്‍മഴ ഉണ്ടായിരുന്നു. സുരക്ഷാവകുപ്പ് നേരത്തേ തന്നെ മുന്നൊരുക്കം നടത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top