തിരുവനന്തപുരം: ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിന് കാന്റീന്‍ ജീവനക്കാരന് പിസി ജോര്‍ജ് എംഎല്‍എയുടെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ കഫേ കുടുംബശ്രീ കാന്റീന്‍ ജീവനക്കാരന്‍ മനു(22)വിന് പരിക്കേറ്റു. കണ്ണിനും ചുണ്ടിനുമാണ് പരിക്കേറ്റത്. ജീവനക്കാരന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
ഭക്ഷണം മുറിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വൈകിയതിന് മുഖത്തടിച്ചു എന്നാണ് പരാതി. എംഎല്‍എ ഹോസ്റ്റലില്‍ ഇന്നുച്ചയ്ക്കാണ് സംഭവം. എംഎല്‍എ ഹോസ്റ്റലിലെ മുറിയിലേക്കു ഭക്ഷണമെത്തിക്കാന്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെട്ടെന്ന് എത്തിക്കാനായില്ല. ആവശ്യപ്പെട്ട് ഇരുപതുമിനുട്ടോളം കഴിഞ്ഞപ്പോള്‍ ഭക്ഷണവുമായി മുറിയിലെത്തിയ മനുവിനെ ജോര്‍ജും സഹായി സണ്ണിയും ചേര്‍ന്നു മര്‍ദിച്ചു എന്നാണ് യുവാവ് പറഞ്ഞത്. എംഎല്‍എ ആദ്യം മുഖത്തടിയ്ക്കുകയായിരുന്നു പിന്നാലെ സഹായിയും മര്‍ദ്ദിക്കുകയായിരുന്നു.
ജോര്‍ജിന്റെ അടിയേറ്റ് മനുവിന്റെ മുഖത്തു മുറിവുണ്ടായിട്ടുണ്ട്. ജോര്‍ജിനെതിരേ സ്പീക്കര്‍ക്കു പരാതി നല്‍കുമെന്നു മനു പറഞ്ഞു. മനു മുറിയിലെത്തും മുമ്പു ഭക്ഷണം വൈകിയെന്നു പറഞ്ഞു കുടുംബശ്രീ കാന്റീനില്‍ വിളിച്ചു വനിതാ ജീവനക്കാരെ ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപവുമുണ്ട്. എന്നാല്‍ താനാരെയും മര്‍ദ്ദിച്ചില്ലെന്നും ദേഷ്യപെടുകമാത്രമാണ് ചെയ്തതെന്ന് പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.