മാലദ്വീപിനെ തകര്‍ത്തു: അഫ്ഗാന്‍ സെമിയില്‍; രണ്ടാം സെമിയില്‍ ഇന്ത്യയ്ക്കു മാലദ്വീപ് എതിരാളികള്‍

തിരുവനന്തപുരം: സാഫ് കപ്പിലെ അവസാന ലീഗ് മത്സരത്തില്‍ മാലദ്വീപിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് അഫ്ഗിസ്ഥാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി ഫൈനലില്‍. അഫ്ഗാനിസ്ഥാന് വേണ്ടി 20ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്‌സ്‌തെ, 34, 54 മിനിറ്റുകളില്‍ ഒമൈദ് പോപ്പല്‍സെ, 50ാം മിനിറ്റില്‍ മുഹമ്മദ് ഹാത്തിഫി എന്നിവര്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കായി ലക്ഷ്യം കണ്ടു. മാലദ്വീപിന്റെ ആശ്വാസഗോള്‍ 32ാം മിനിറ്റില്‍ ഫാസിര്‍ അലി നേടി. സെമിയില്‍ എ ഗ്രൂപ്പിലെ രാണ്ടാം സ്ഥാനക്കാരായ ശ്രീലങ്കയാണ് അഫ്ഗാന്റെ എതിരാളി. ബി ഗ്രൂപ്പില്‍ മാലദ്വീപ് എ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ നേരിടും.

ഇന്നലെ കളിയുടെ തുടക്കത്തില്‍ തന്നെ ചാമ്പ്യന്മാരെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് മാലദ്വീപ് താരങ്ങള്‍ നടത്തിയത്. 15ാം മിനിറ്റില്‍ വലതു വിങ്ങില്‍ മൈതാന മധ്യത്തില്‍ നിന്നും ലഭിച്ച ഹൈ ബോള്‍ ചെസ്റ്റില്‍ ട്രാപ് ചെയ്തു മുന്നേറിയ നാഷിദ് അഹമ്മദിനു മുന്‍പില്‍ പ്രതിരോധക്കാരുണ്ടായിരുന്നില്ല. അഫ്ഗാന്‍ ഗോളി ഒവയ്‌സ് അസീസിയെ കബളിപ്പിച്ച് ഷോട്ടുതിര്‍ക്കാന്‍ നൗഷാദിനായില്ല. അസീസിയുടെ കയ്യില്‍തട്ടി അഫ്ഗാന്‍ കോര്‍ണര്‍ വഴങ്ങി. ഫാസിര്‍ അലി എടുത്ത കോര്‍ണര്‍കിക്കും ലക്ഷ്യം കണ്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

20ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്‌സ്‌തെ അഫ്ഗാനെ മുന്നിലെത്തിച്ചു. രണ്ട് മാലദ്വീപ് ഡിഫന്‍ഡര്‍മാരെ മറികടന്നു മികച്ച ഒരു ഇടംകാലന്‍ ഷോട്ടിലൂടെ സ്‌കോര്‍ തുറന്നു. 32ാം മിനിറ്റില്‍ മാലദ്വീപ് തിരിച്ചടിച്ചു. മാലിയുടെ മിഡ് ഫീല്‍ഡര്‍ ഫാസിര്‍ അലി അഫ്ഗാന്‍ ഗോളി അസീസിയെയും മറികടന്നു വെടിയുതിര്‍ത്തു. എന്നാല്‍ 34ാം മിനിറ്റില്‍ത്തന്നെ അഫ്ഗാന്‍ വീണ്ടും സ്‌കോര്‍ ചെയ്തു. ഒമൈദ് പോപ്പല്‍സെ എടുത്ത ഫ്രീകിക്ക് ലക്ഷ്യം കണ്ടു. കളിയുടെ രാണ്ടാം പകുതിയില്‍ 50ാം മിനിറ്റില്‍ അഫ്ഗാന്‍ മൂന്നാം ഗോള്‍ നേടി. മുഹമ്മദ് ഹാത്തിഫിയാണ് അഫ്ഗാനുവേണ്ടി വലകുലുക്കിയത്. 54ാം മിനിറ്റില്‍ പോപ്പല്‍സെ വീണ്ടും വലകുലുക്കി തന്റെ രണ്ടാം ഗോള്‍ നേടി.

നാലു ഗോളുകള്‍ നേടിയതോടെ മാലദ്വീപിനെ വെറും കാഴ്ചക്കാരാക്കിയാണ് അഫ്ഗാന്‍ മുന്നേറിയത്. ഷോട്ട് പാസുകളിലൂടെയും പന്തടക്കത്തോടെ മികച്ച ഡ്രിബിളിങ്ങിലൂടെയും മാലദ്വീപിനെ അവര്‍ വട്ടം കറക്കി. പരാജയം സമ്മതിച്ച മട്ടിലായിരുന്നു മാലദ്വീപിന്റെ പ്രകടനം.
ചാമ്പ്യന്‍ഷിപ്പില്‍ ഇന്നും നാളെയും മത്സരങ്ങളില്ല. 31നു സെമി ഫൈനല്‍ മത്സരങ്ങളും ജനുവരി മൂന്നിനു ഫൈനലും നടക്കും.

Top