
ഇസ്ലാമാബാദ്: പാക് ഭീകരസംഘടനയായ തെഹരീകെ താലിബാന്‍ നേതാവ് മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഫസലുല്ല കൊല്ലപ്പെട്ടതായി യുഎസ് സൈനിക വക്താവ് സ്ഥിരകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 13 ന് രാത്രിയാണ് ആക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാനിലെ കുണാര്‍ പ്രവിശ്യയില്‍ വച്ച് രാത്രി 11 ഓടെ മറ്റു നാലു ഭീകരര്‍ക്കൊപ്പം ഫസലുല്ല വാഹനത്തില്‍ വരുമ്പോഴായിരുന്നു ഡോണ്‍ ആക്രമണം ഉണ്ടായത്.
അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് മുഹമ്മദ് റദ്മാനിഷ് ഡോണ്‍ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. കുണാര്‍ പ്രവിശ്യയില്‍ വച്ചുണ്ടായ ഡോണ്‍ ആക്രമണത്തില്‍ താലിബാന്‍ നേതാവ് കൊല്ലപ്പട്ടതായി അദ്ദേഹം അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. 2012 ല്‍ മലാല യൂസഫ് സായ്ക്കുനേരെ വെടിവച്ചത് ഫസലുല്ലയാണെന്നാണ് കരുതുന്നത്.
2014 ല്‍ പെഷവാറിലെ സൈനിക സ്‌കൂള്‍ ആക്രമിച്ച് 130 കുട്ടികള്‍ ഉള്‍പ്പെടെ 151 പേരെ കൊന്നതിനുപിന്നില്‍ ഫസലുല്ലയെന്നാണ് കരുതപ്പെടുന്നത്. 2013 ലാണ് താലിബാന്‍ നേതാവായി ഫസലുല്ലയെ തിരഞ്ഞെടുക്കുന്നത്. സ്വകാര്യ റേഡിയോയിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രഭാഷണം നടത്തുന്ന ഫസലുല്ല ‘മുല്ല റേഡിയോ’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഫസലലുല്ലയുടെ തലയ്ക്ക് 5 മില്യന്‍ ഡോളറാണ് യുഎസ് വിലയിട്ടിരുന്നത്.