സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ ബിജെപിയിൽ വൻ പൊട്ടിത്തെറി. മുസ്ലീം ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിയുമായി ഒത്തുകളിച്ച് ബിജെപി നേതാക്കളിലെ ഒരു വിഭാഗം മോശം സ്ഥാനാർഥിയെ നിർത്തുകയായിരുന്നു എന്ന ആരോപണമാണ് ഇപ്പോൾ പാർട്ടിയ്ക്കുള്ളിലെ ഒരു വിഭാഗം ഉന്നയിക്കുന്നത്. ഇതിനിടെ കേരളത്തിൽ മോദി വിരുദ്ധ തരംഗമാണെന്നു പറഞ്ഞ ഒ.രാജഗോപാൽ കുമ്മനം അടക്കമുള്ള സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പും എയ്തു.
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണ് ബിജെപിയിൽ പടലപ്പിണക്കങ്ങളും പോരാട്ടവും മറനീക്കി പുറത്തു വന്നത്. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ആറിരട്ടിയായ വോട്ട് ഒരു ലക്ഷമാക്കുമെന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇതൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, ബിജെപിയ്ക്കു കനത്ത തിരിച്ചടിയാണ് മലപ്പുറത്ത് സംഭവിച്ചതും. ഇതിനിടെയാണ് ബിജെപി ദേശീയ നേതൃത്വം കേരളവും ബംഗാളുമാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെുന്നു പ്രഖ്യാപിച്ചത്. ഇതോടെയാണ് കേരള ബിജെപി ഘടകത്തിൽ വീണ്ടും ശക്തമായ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ബിജെപിയ്ക്കു മികച്ച വോട്ട് ശരാശരിയുണ്ടാക്കാമായിരുന്നിട്ടും മോശംസ്ഥാനാർഥിയെ നിർത്തിയതാണ് ഇത്തരത്തിൽ ദയനീയമായ പരാജയത്തിനു കാരണമായതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുമായി ധാരണയുണ്ടാക്കി ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം മോശം സ്ഥാനാർഥിയെ രംഗത്ത് ഇറക്കുകയായിരുന്നു എന്നാണ് ആരോപണം ഉയർത്തിയിരുന്നത്.