കാളികാവ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഏഴ് കെട്ടിയ കഥാനായകനാണ് താരം. അടുത്ത വിവാഹത്തിന് ഒരുങ്ങുകയായിരുന്നു ഇയാള്‍. ഇക്കാര്യം ഒരു ഭാര്യ അറിഞ്ഞു. അവര്‍ പോലീസില്‍ പരാതി നല്‍കി. കരുവാരക്കുണ്ട് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുറ്റിപ്പുറം സ്വദേശിയാണ് വിവാഹ വീരന്‍. കാളികാവ് പോലീസില്‍ കേസുള്ളതിനാല്‍ ഇയാളെ അവിടത്തെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഭാര്യമാര്‍ ഓരോരുത്തരായി വിവരങ്ങള്‍ തിരക്കി വരാന്‍ തുടങ്ങി. ഒടുവില്‍ വന്നത് പരാതി കൊടുത്ത ഭാര്യ അടക്കം ഏഴ് പേര്‍. പിന്നെ അവരുടെ ബന്ധുക്കളും മറ്റും. ആര്‍ക്കും അറിയില്ല കഥാനായകന്റെ വിവാഹ തട്ടിപ്പുകള്‍. എന്താണ് ഇത്രയധികം വിവാഹം കഴിക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത്. പോലീസാണ് ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്. ഒരു കല്യാണത്തിന്റെയും മക്കളുണ്ടാകുമ്പോഴുമുള്ള ബാധ്യത തീര്‍ക്കാനായിരുന്നു അടുത്ത കല്യാണം. അങ്ങനെ ഇപ്പോള്‍ ഏഴിലെത്തി. എട്ടാം കെട്ടിന് ഒരുങ്ങുകയായിരുന്നു ഇയാള്‍. കരുവാരക്കുണ്ടിലെ ഭാര്യവീട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് പൊക്കിയത്. കാളികാവിലെ ഭാര്യയായിരുന്നു പരാതിക്കാരി. വിവാഹസമയം നല്‍കിയ 50000 രൂപയും വിദേശത്തേക്ക് പോകാന്‍ ടിക്കറ്റിന് നല്‍കിയ 30000 രൂപയും തിരിച്ചുവേണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. അപ്പോള്‍ കൈമലര്‍ത്തുകയായിരുന്നു പ്രതി. എന്നാല്‍ ഈ സമയമാണ് അടുത്തയാളുടെ രംഗപ്രവേശം. പ്രതിയുടെ വിവാഹത്തിന് ചുക്കാന്‍ പിടിച്ചിരുന്ന ദല്ലാള്‍. അദ്ദേഹം 80000 ത്തിന് പകരം ഒരു ലക്ഷം തരാമെന്ന് ഉറപ്പു നല്‍കി. അപ്പോഴാണ് കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായത്. എട്ടാമത്തെ വിവാഹത്തിന്റെ കാര്യങ്ങള്‍ ഏകദേശം ഒത്തുവന്നതാ. കിട്ടാനിരിക്കുന്ന ബ്രോക്കറേജ് മുന്നില്‍ കണ്ടാണ് ആമപ്പൊയില്‍ സ്വദേശിയായ ദല്ലാള്‍ ഒരു ലക്ഷം കൊടുത്ത് പ്രശ്‌നം പരിഹരിച്ചത്. ആവശ്യത്തിലധികം തുക നല്‍കാമെന്ന് ദല്ലാള്‍ ഏറ്റതോടെ പരാതിക്കാരിയായ ഭാര്യ കേസില്‍ നിന്ന് പിന്‍മാറി. അടുത്ത കല്യാണം വയനാട്ടില്‍ നിന്നാണ് ഏകദേശം ഉറപ്പിച്ചിരിക്കുന്നതത്രെ.
ഇതിനിടയില്‍ മറ്റു ഭാര്യമാരെല്ലാം പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. അവര്‍ പരസ്പരം പരിചയപ്പെട്ടു. ചിലര്‍ അമര്‍ഷം ഉള്ളിലൊതുക്കി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മറ്റു ചിലര്‍ പോര് കാണിച്ചു. കേസ് ഒത്തുതീര്‍പ്പായതോടെ മറ്റു ഭാര്യമാരെല്ലാം ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ നിന്നിറങ്ങിപ്പോയി. ഒരു കല്യാണം കഴിച്ചു കുട്ടിയാകുമ്പോഴാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങുക. അപ്പോള്‍ പരിഹാരമായി അടുത്ത വിവാഹം കഴിക്കുകയാണ് പ്രതി ചെയ്തതെന്ന് പോലീസ് പറഞ്ഞു. ദല്ലാളും ഒന്നിലേറെ വിവാഹം ചെയ്തിട്ടുണ്ടത്രെ. ഇയാളുടെ പ്രേരണയിലാണ് കഥാനായകന്‍ പലപ്പോഴും വിവാഹം ചെയ്തിരുന്നത്. ഇപ്പോള്‍ എല്ലാ ഭാര്യമാരും വിഷയം അറിഞ്ഞു. ഇനി പ്രശ്‌നമുണ്ടാക്കിയിട്ട് കാര്യമില്ലെന്നാണ് എല്ലാവരുടെയും അഭിപ്രായം.