മസ്‌ക്കറ്റ്: സാലാലയില്‍ കുത്തേറ്റ് മരിച്ച മലയാലി നഴ്‌സിന്റെ മരണത്തെ കുറിച്ചുള്ള ദുരൂഹത തുടരുന്നു. പോലീസ് കസ്റ്റഡിയിലായിരുന്ന അയല്‍ക്കാരന്‍ പാകിസ്ഥാന്‍ സ്വദേശിയെ പോലീസ് വിട്ടയചച്ചെങ്കിലും ഭര്‍ത്താവ് ലിന്‍സന്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. പ്രതികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം വിട്ടുതരാന്‍ കഴിയില്ലെന്ന് ഒമാന്‍ മന്ത്രാലയം വ്യക്തമാക്കി.
കേസിലെ യഥാര്‍ത്ഥ പ്രതികള്‍ പിടിയിലായാല്‍ മാത്രമ മൃതദേഹം വിട്ടു നല്‍കുവെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പിനെ ഒമാന്‍ അറിയിച്ചു. പ്രധാനമന്ത്രി മോദി നേരിട്ട് വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതോടെ മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കാന്‍ ഒമാന്‍ ഭരണകൂടവും തത്വത്തില്‍ സമ്മതിച്ചു. എന്നാല്‍ അന്വേഷണം മുന്നേറുന്ന സാഹചര്യത്തില്‍ മൃതദേഹം വിട്ടു നല്‍കാന്‍ കഴിയില്ലെന്നാണ് ഒമാന്‍ പൊലീസിന്റെ നിലപാട്.
അതേസമയം ചിക്കു കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു സാലലയില്‍ കൊല്ലപ്പെട്ട നഴ്‌സ് ചിക്കു റോബര്‍ട്ടിന്റേയും ഭര്‍ത്താവിന്റേയും മാതാപിതാക്കള്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. കേസിലെ യാഥാര്‍ത്ഥ കുറ്റവാളികള്‍ എത്രയും പെട്ടന്ന പിടിയിലാവുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൃതദേഹം ചിക്കുവിന്റെ ജന്മനാടായ കറുകുറ്റി കൊവേന്ത ക്രിസ്തുരാജാശ്രമം ഇടവക ദേവാലയത്തില്‍ സംസ്‌കരിക്കാനാണ് തീരുമാനം. ഇതിനായി നടപടികള്‍ വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വിദേശകാര്യ വകുപ്പും ഇടപെടല്‍ സജീവമാക്കിയിട്ടുണ്ട്.
സംഭവത്തിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് കൊലപാതകമെന്നതിനാല്‍ ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് കൊലയാളികള്‍ കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുക, ആന്തരികാവയവ പരിശോണ വീണ്ടും നടത്തുക എന്നീ നടപടിക്രമങ്ങള്‍ വേണ്ടിവരും. ഈ സാഹചര്യത്തില്‍ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നത് അന്വേഷണത്തെ സ്വാധീനിക്കുമെന്നാണ് പൊലീസ് വാദം.
ചിക്കു ജോലിചെയ്തിരുന്ന ആശുപത്രിയിലെ പുരുഷജീവനക്കാരുടെ വിരലടയാളം പൊലീസ് ചൊവ്വാഴ്ച ശേഖരിച്ചു. എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും വ്യാപകമാണ്. ചിക്കുവിന്റെ മരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായാണ് ഏറ്റവും ഒടുവില്‍ പ്രചരിക്കുന്ന ഊഹാപോഹം. എന്നാല്‍ പൊലീസ് ഇതുവരെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച് ഒന്നും പുറത്തുവിട്ടിട്ടില്ല. ദമ്പതിമാരുമായി പരിചയമുള്ളവരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും റോയല്‍ ഒമാന്‍ പൊലീസ് ഇതിനകം വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. മൊബൈല്‍ കാള്‍ റെക്കോഡുകള്‍ അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്.
അങ്കമാലി സ്വദേശിനിചിക്കു റോബര്‍ട്ടിനെ കഴിഞ്ഞ ബുധനാഴ്ചയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായ ചിക്കുവിന്റെ നെഞ്ചിലും വയറ്റിലും പുറത്തുമായി ഏഴോളം കുത്തുകളുണ്ടായിരുന്നു. ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്. ചിക്കുവിന്റെ സ്വര്‍ണാഭരണങ്ങളെല്ലാം മോഷ്ടിച്ചിട്ടുണ്ട്. സംഘമായി എത്തിയാണ് മോഷണവും കൊലപാതകവും നടത്തിയതെന്ന അനുമാനത്തിലാണു പൊലീസ്. സലാല ബദര്‍ അല്‍ സമ ആശുപത്രിയിലെ നഴ്‌സായ ചിക്കു റോബര്‍ട്ടിനെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സന്‍ ഇതേ ആശുപത്രിയിലെ പി.ആര്‍.ഒ. ആണ്. കറുകുറ്റി അസീസി നഗര്‍ തെക്കന്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകളാണ് ചിക്കു. ചിക്കു ഗര്‍ഭിണിയായതോടെ പഴയ ഫ്‌ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്‌ളാറ്റിലേക്കു മാറിയത്. ഫ്‌ളാറ്റിലെ എ.സിയുടെ കണ്ടന്‍സറിന്റെ മുകളില്‍ കയറി ജനല്‍പാളി ഇളക്കിമാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നതെന്നാണ് ഒമാനിലെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.
ലിന്‍സണിന് കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ലിന്‍സണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിന്‍സന്‍ ഫോണ്‍ ചെയ്‌തെങ്കിലും എടുത്തില്ല. തുടര്‍ന്ന് ലിന്‍സന്‍ ഫ്‌ളാറ്റിലെത്തിയപ്പോള്‍ ബെഡ്‌റൂമില്‍ കുത്തേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്. പഠിക്കാന്‍ മിടുക്കിയായിരുന്നു ബാസ്‌കറ്റ്‌ബോള്‍ താരം കൂടിയായ ചിക്കു. ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ നഴ്‌സിങ് പഠിച്ചയുടന്‍ ഒമാനിലെ സലാലയില്‍ ജോലി കിട്ടി. അവിടെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണു സഹപ്രവര്‍ത്തകന്‍ ലിന്‍സനെ പരിചയപ്പെട്ടതും കഴിഞ്ഞ ഒക്ടോബര്‍ 24ന് ഇരുവരും വിവാഹിതരായതും.