ചെറുതും വലുതുമായ ഒരുപാട് സിനിമകള്‍ ആണ് ഈ വര്‍ഷവും മലയാളത്തില്‍ വന്നത്. ചിലതൊക്കെ വന്നതും പോയതും പലരും അറിഞ്ഞില്ലെങ്കിലും ചിലത് മലയാളത്തിലെ നാഴികല്ലുകളുമായി.
മലയാള സിനിമയെ പ്രണയ തരംഗം കീഴടക്കിയ വര്‍ഷവുമായിരുന്നു 2015. മലയാളത്തിലെ പല റെക്കോഡുകളും തകര്‍ത്ത ‘പ്രേമ’മായിരുന്നു ആദ്യം. ഇന്നത്തെ തലമുറയുടെ പ്രണയവും നൊസ്റ്റാള്‍ജിയയും കൃത്യമായി ഉപയോഗിച്ച പ്രേമം, മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളില്‍ ഒന്നായി. ജോര്‍ജ്് എന്ന യുവാവിന്റെ മൂന്നു കാലഘട്ടങ്ങളിലെ പ്രണയം എന്ന ഒരു സാദാകഥയെ ഇത്രയും മികച്ച സിനിമയാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും അല്‍ഫോന്‍സ് പുത്രന്‍ എന്ന സംവിധായകനു അവകാശപ്പെട്ടതാണ്. പിന്നെ സൗഹൃദമെന്ന വലിയൊരു ശക്തിക്കും. നായക കഥാപാത്രം ജോര്‍ജിന്റെ മൂന്നു കാലഘട്ടങ്ങളും നിവിന്‍ പോളിയുടെ കയ്യില്‍ ഭദ്രമായിരുന്നു. നിവിന്റെ താരമൂല്യം കുത്തനെ ഉയര്‍ത്താന്‍ പ്രേമത്തിലെ ജോര്‍ജിന് കഴിഞ്ഞു. മലയാള സിനിമക്ക് മൂന്നു നായികമാരെ കൂടി പ്രേമം സമ്മാനിച്ചു. മുടി കൊണ്ട് മലയാളികളെ കുരുക്കിയ മേരി, മുഖക്കുരു കൊണ്ട് കീഴടക്കിയ മലര്‍ മിസ്സ് എന്ന തമിഴ് സുന്ദരി, നിഷ്‌കളങ്കമായ ചിരികൊണ്ട് വീഴ്ത്തിയ സെലിന്‍.
‘പ്രേമം’ പുതുതലമുറയുടെ പ്രണയം അവതരിപ്പിച്ചപ്പോള്‍, പഴയകാലത്തെ പ്രണയ തീവ്രത വരച്ചു കാണിച്ച എന്നു നിന്റെ മൊയ്തീന്‍ ആണ് 2015ലെ പ്രണയ തരംഗം ശക്തിപ്പെടുത്തിയത്. നഷ്ടപ്രണയത്തിന്റെയും അവസാനിക്കാത്ത കാത്തിരിപ്പിന്റെയും നൊമ്പരം പേറുന്ന കാഞ്ചനമാലയുടെ കഥ മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മൊയ്തീനും അവന്റെ മുക്കത്തെ പെണ്ണും ഓരോ പ്രേക്ഷകന്റെയും കണ്ണ് നനയിച്ചു. ആര്‍.എസ്.വിമല്‍ എന്ന പുതുമുഖ സംവിധായകന്റെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സിനിമയുടെ വലിയ വിജയം.
ഒപ്പം ഈയിടെയായി തൊട്ടതെല്ലാം പൊന്നാക്കുന്ന പൃഥ്വിരാജ് എന്ന മികച്ച നടന്റെയും പാര്‍വതി മേനോന്‍ എന്ന മികച്ച നടിയുടെയും മികവേറിയ പ്രകടനങ്ങളും.
ഈ വര്‍ഷം യുവത്വം ഏറ്റെടുത്ത മറ്റൊരു സിനിമയായിരുന്നു ‘ഒരു വടക്കന്‍ സെല്‍ഫി’. ഇന്നത്തെ തലമുറയുടെ പള്‍സ് വളരെ കൃത്യമായി അറിയാവുന്ന വിനീത് ശ്രീനിവാസന്റെതിരക്കഥയില്‍ നവാഗതനായ പ്രജിത്ത് സംവിധാനം ചെയ്ത ഈ സിനിമ ഇന്നത്തെ യുവാക്കളുടെ ഉത്തരവാദിത്തമില്ലായ്മയെ തമാശയുടെയും സസ്‌പെന്‍സിന്റേയും മേമ്പൊടിയോടെ അവതരിപ്പിച്ചു.
യുവത്വത്തിന്റെ ആഘോഷങ്ങള്‍ നിറഞ്ഞ ‘അമര്‍ അക്ബര്‍ അന്തോണി’യാണ് ഈ വര്‍ഷം മികച്ച വിജയം നേടിയ മറ്റൊരു സിനിമ. ക്ലാസ്‌മേറ്റ്‌സിന് ശേഷം പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ കൂട്ടുകെട്ട് ഒന്നിച്ച ഈ സിനിമ തിയേറ്ററുകള്‍ ഉത്സവപ്പറമ്പുകളാക്കി. നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത ഈ സിനിമ ഒരു മികച്ച സന്ദേശം കൂടി നല്‍കുന്നതില്‍ വിജയിച്ചു.
വിക്കുള്ളവര്‍ സമൂഹത്തില്‍ നേരിടുന്ന അവഗണനകളും കളിയാക്കലുകളും അതെല്ലാം തരണം ചെയ്തു സുധി എന്ന യുവാവ് നേടുന്ന ജീവിത വിജയവുമൊക്കെയാണ് പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമക്ക് ശേഷം രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച സു..സു..സുധീവാത്മീകം എന്ന സിനിമ പറയുന്നത്. ജയസൂര്യയുടെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ നേട്ടം.
മമ്മൂട്ടി എന്ന നടനെ തിരിച്ചുതന്ന സിനിമയാണ് ഈ വര്‍ഷം ഇറങ്ങിയ പത്തേമാരി. കുഞ്ഞനന്തന്റെ കടക്ക് ശേഷം സലിം അഹമ്മദും മമ്മൂട്ടിയും ഒന്നിച്ച ഈ സിനിമ ഒരു സാധാരണ ഗള്‍ഫുകാരന്റ കഷ്ടപ്പാടുകളും സങ്കടങ്ങളും പറയുന്നു. കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും കണ്ണു നനയിക്കാന്‍ ഈ സിനിമക്ക് കഴിയുന്നു.
സുരാജ് വെഞ്ഞാറമ്മൂടിനു 2013ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ‘പേരറിയാത്തവന്‍’, മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ‘ഐന്‍’, ഈ വര്‍ഷത്തെ ഐഎഫ്എഫ്‌കെ സുവര്‍ണയ ചകോരം നേടിയ ഒറ്റാല്‍, അതിര്‍ത്തിയിലെ രണ്ട് പട്ടാളക്കാരുടെ സൗഹൃദത്തിന്റെ കഥ പറഞ്ഞ ‘പിക്കറ്റ് 43’, വലിയ നഗരങ്ങള്‍ നേരിടുന്ന ട്രാഫിക് ബ്ലോക്ക് എന്ന വലിയ കുരുക്കിനെ ആസ്പദമാക്കിയുള്ള ‘നിര്‍ണ്ണായകം’, അന്തര്‍മുഖിയായ ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ‘മിലി’ ഒക്കെ ഈ വര്‍ഷം ഇറങ്ങിയ മികച്ച സിനിമകളാണ്.