കൊച്ചി: നടിക്ക് നേരെ ഉണ്ടായ അക്രമം സിനിമാ രംഗത്തെ ചതിക്കുഴികളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളിലേയ്ക്ക് നയിച്ചിരിക്കുകയാണ്. സ്ത്രീകള്‍ തങ്ങള്‍ സിനിമാ ടിവി മേഖലകളില്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ താരങ്ങള്‍ തന്നെ തുറന്ന് പറയുന്നതിലേയ്ക്കും കാര്യങ്ങള്‍ എത്തി. ഇതിലൂടെഒക്കെ പുറത്ത് വരുന്നത് ഈ മേഖലയെ മാരകമായി ബാധിച്ചിരിക്കുന്ന മാഫിയാ ചങ്ങലകളെക്കുറിച്ചാണ്. ഗുണ്ടാ-മാഫിയാ ബന്ധങ്ങള്‍, മദ്യം മയക്കുമരുന്ന് അടക്കമുള്ള ലഹരിവസ്തുക്കളുടെ സ്വാധീനം, ലൈംഗിക ചൂഷണങ്ങള്‍, ആഘോഷങ്ങളുടേ പേരിലുള്ള പേക്കൂത്തുകള്‍ തുടങ്ങിയവയ പല കഥകളും സത്യമുണ്ടായിരുന്നുവെന്നാണ് ബോധ്യമാകുന്നത്.
ഇക്കൂട്ടത്തില്‍ പ്രമുഖമായതാണ് ഒരു യുവനടന്റെ പ്രകടനം. എറണാകുളത്തെ ഒരു മാധ്യമപ്രവര്‍ത്തകയാണ് കൂട്ടുകാരിക്ക് സംഭവിച്ച ദുര്‍ഗതിയെക്കുറിച്ച് വിവരിക്കുന്നത്. സുമുഖനും, കോമളഗാത്രനുമായ നടന് സാമൂഹികമാധ്യമങ്ങളിലും പുറത്തും ആരാധികമാര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്‍ പരിചയപ്പെടുന്ന യുവതികളുമായി ചാറ്റിംഗ് നടത്തുന്നത് പതിവാണ്. ബന്ധം ദൃഢമാകുന്നതോടെ സിനിമയില്‍ അവസരം ലഭ്യമാക്കാം എന്നതടക്കം പ്രലോഭനങ്ങള്‍ നിരത്തും ഈ താരം. പിന്നാലെ വീഡിയോ ചാറ്റിനും ക്ഷണിക്കും. അധികം വൈകാതെ തന്നെ വീഡിയോ ചാറ്റിംഗിലൂടെ യുവതികളുടെ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ താരം ആവശ്യപ്പെടും. ഇങ്ങനെ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്ന നടന്‍, കുറച്ചുകഴിഞ്ഞാല്‍ യുവതികളെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്നുവെന്നതാണ് പരാതി. എന്നാല്‍ മാനഹാനിയോ, ഭയമോ മൂലം ആരും പരാതിയുമായി ഇതുവരെ രംഗത്തെത്തിയിട്ടില്ലെന്നാണ് പൊലീസ് അധികൃതര്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നടന്റെ ലീലാവിലാസങ്ങള്‍ നിര്‍ബാധം തുടരുകയാണ്.
ഒരു ചലച്ചിത്രപ്രവര്‍ത്തകന്‍ കഞ്ചാവ് അടിച്ച് ലഹരി മൂത്തപ്പോള്‍ നഗ്നനായി തൊട്ടടുത്ത ഫ്ലാറ്റില്‍ കയറി വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചത് കുറച്ചുകാലം മുമ്പാണ്. എറണാകുളത്ത് തന്നെയാണ് ഈ സംഭവത്തിനും വേദിയായത്. വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയെങ്കിലും പിന്നീട് എല്ലാം കെട്ടടങ്ങി. കൊച്ചിയില്‍ അടുത്തിടെ ലഹരിമരുന്ന് റെയ്ഡിനെത്തുടര്‍ന്ന് യുവനടനും ഏതാനും മോഡലുകളും പിടിയിലായതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതേത്തുടര്‍ന്ന് സിനിമാമേഖലയിലെ ചിലരുടെ വീടുകളിലും ഫ്ലാറ്റുകളിലും ഓഫീസുകളിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കപ്പെട്ടതില്‍ പൊലീസിന് അകത്തുതന്നെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
കൊച്ചിയില്‍ താരങ്ങള്‍ പങ്കെടുത്ത മെഗാഷോയുടെ റിഹേഴ്സല്‍ ക്യാംപില്‍ വിദേശമദ്യവുമായി ഒരു അധോലോക സംഘത്തലവന്‍ എത്തിയെന്ന വാര്‍ത്തയും അക്കാലത്ത് ഏറെ പ്രചരിച്ചിരുന്നു. താരങ്ങള്‍ക്കൊപ്പം ഇയാള്‍ തമ്പടിച്ചതോടെ, സഹികെട്ട ഷോയുടെ സംവിധായകന്‍ ഇയാളെ പുറത്താക്കുകയായിരുന്നത്രെ. പിന്നീട് താരങ്ങള്‍ ഇയാളുടെ ഹോട്ടല്‍മുറിയില്‍ പോയി സല്‍ക്കാരത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അടുത്തകാലത്ത് ഇറങ്ങിയ ന്യൂജെന്‍ സിനിമകളുടെ പ്രചോദക ഘടകങ്ങളിലൊന്ന് കഞ്ചാവും ലഹരിപദാര്‍ത്ഥങ്ങളുമാണെന്നും ശക്തമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചില സിനിമകളുടെ പേര് ഉള്‍പ്പെടെ പരാമര്‍ശിച്ച് സിനിമകള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ച് എംഎല്‍എയും മുന്‍മന്ത്രിയുമായ കെബി ഗണേഷ്‌കുമാര്‍ തന്നെ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് സഹായങ്ങള്‍ ഒരുക്കുന്നവര്‍ പിന്നീട് ഇത്തരം ചിത്രങ്ങളിലൂടെ സിനിമയുടെ മുന്നണിയിലോ പിന്നണിയിലോ സ്വാധീനം നേടുന്നതായും സിനിമാമേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഹവാല തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു യുവനടന്‍ അറസ്റ്റിലായതും സമീപകാലത്താണ്. ചാന്‍സിനായും തുടര്‍ന്നും നടക്കുന്ന ചൂഷണങ്ങള്‍ വേറെയും. എന്നാല്‍ സിനിമ എന്ന ഗ്ലാമര്‍ ലോകത്തിന്റെ മായികതയും പണക്കൊഴുപ്പും, സിനിമാ മേഖലയിലുള്ളവര്‍ക്ക് രാഷ്ട്രീയക്കാരുമായുള്ള സ്വാധീനവുമെല്ലാം ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകളോ, പരാതികളോ വെറും ആരോപണങ്ങളായിത്തന്നെ അവശേഷിപ്പിക്കും. തുടര്‍ന്ന് അവസരം ലഭിച്ചേക്കില്ല എന്നതിനാല്‍ വ്യക്തമായ പരാതിയുമായി മുന്നോട്ടു വരാനും ആരും തയ്യാറാകാറുമില്ല. തൊഴില്‍ നിയമങ്ങളും അവകാശങ്ങളും നോക്കുകുത്തിയാകുന്ന ഈ ഗ്ലാമര്‍ മേഖലയില്‍ പൊളിച്ചുപണിയല്‍ അനിവാര്യമാണെന്ന് സമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു. വിഷയത്തിലിടപെടുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കാത്തിരുന്നുതന്നെ കാണണം.