ഉണ്ണി മുകുന്ദൻ നിർമ്മിച്ച ‘ഷെഫീഖിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് ഉണ്ണി പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്നാണ് ബാല ആരോപിച്ചത്. ഉണ്ണി താൻ ഉദ്ദേശിച്ചപോലൊരു ആളല്ലെന്നും കോടികൾ ലാഭം ഉണ്ടായിട്ടും പ്രതിഫലം നൽകാതിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ബാലയുടെ ആരോപണം.
സംഭവത്തിൽ ഉണ്ണി മുകുന്ദനെതിരെ താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ബാല. പ്രതിഫലം നൽകാത്തത് സംബന്ധിച്ച് താൻ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ അറിയിച്ചിരുന്നുവെന്നും പരാതി എഴുതി നൽകാനാണ് ആവശ്യപ്പെട്ടത് എന്നായിരുന്നു ബാല പറഞ്ഞത്.
അതേസമയം ബാലയ്ക്കെതിരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.ഉണ്ണിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ബാല സിനിമ ചെയ്തതെന്നും പ്രതിഫലം വേണ്ടെന്നാണ് ബാല പറഞ്ഞതെന്നുമായിരുന്നു അണിയറ പ്രവർത്തകർ വിശദീകരിച്ചത്.
പ്രതിഫല വിഷയത്തിൽ നടൻ ബാലയുടെ ആരോപണങ്ങളെ തള്ളി ‘ഷെഫീഖിന്റെ സന്തോഷം’ സിനിമയുടെ സംവിധായകൻ അനൂപ് പന്തളം രംഗത്തെത്തിയിരുന്നു. തനിക്ക് പ്രതിഫലം ലഭിച്ചിരുന്നുവെന്നും അനാവശ്യ വിവാദമാണ് ഇപ്പോൾ നടക്കുന്നതെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇപ്പോഴിതാ ബാലയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയാണ് സിനിമയുടെ ക്യാമറാമാൻ എൽദോ ഐസകും. തനിക്ക് പുറമെ കാമറാമാനും പ്രതിഫലം നൽകിയില്ലെന്ന് ബാല ആരോപിച്ചിരുന്നു. പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിനിടെ എൽദോ ഐസകിനെ ബാല ഫോൺ വിളിക്കുകയും അത് പ്രേക്ഷകരെ കേൾപ്പിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ചെല്ലാം മറുപടി നൽകുകയാണ് അദ്ദേഹം.
എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ബാലയുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ്… എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെട്ടത്. ബാലയുടെ ഇന്റർവ്യൂന് ശേഷം വസ്തുതാ വിരുദ്ധമായ പല പ്രസ്താവനകളും സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്. തീർത്തും അപലപനീയം എന്നേ പറയാൻ സാധിക്കു… ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും എന്റെ ഖേദം പ്രകടിപ്പിക്കുന്നു’, എന്നായിരുന്നു എൽദോ പറഞ്ഞത്.