ഓസ്‌ട്രേലിയ: കാറിനുള്ളില്‍ വച്ച് പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മലയാളിയായ യൂബര്‍ ഡ്രൈവറെ കോടതി വെറുതെ വിട്ടു. പെണ്‍കുട്ടിയുടെ പ്രലോഭനത്തിന് വഴങ്ങിയാണ് ലൈംഗികപ്രവൃത്തിക്കളിലേര്‍പ്പെട്ടതെന്ന അനില്‍ ഇലവത്തുങ്കല്‍ തോമസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ജൂറിയുടെ വിധി. മൂന്നു ദിവസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ബ്രിസ്‌ബൈന്‍ ജില്ലാ കോടതി 39കാരനായ അനില്‍ തോമസിനെ കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയത്. 1
2 അംഗ ജൂറി ഐകകണ്‌ഠേനയാണ് തീരുമാനമെടുത്തതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ എസ്ബിഎസ് മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈംഗിക പീഡനത്തിന് അഞ്ചുകേസുകളും ബലാത്സംഗത്തിന് രണ്ടു കേസുകളും ബലാത്സംഗ ശ്രമത്തിന് ഒരു കേസുമാണ് അനില്‍ തോമസിന്റെ പേരില്‍ ചുമത്തിയിരുന്നത്. ഈ എല്ലാ കേസുകളിലും അനില്‍ തോമസിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.
2017 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബ്രിസ്‌ബൈനിലെ മാന്‍ലി വെസ്റ്റില്‍ കാറിനുള്ളില്‍ വച്ച് ഊബര്‍ ഡ്രൈവര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് 16കാരി പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പെണ്‍കുട്ടിയാണ് ലൈംഗിക ബന്ധത്തിന് തന്നെ പ്രലോഭിപ്പിച്ചതെന്നും തടയാന്‍ ശ്രമിച്ചെങ്കിലും തന്റെ മനോനിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്നുമായിരുന്നു അനില്‍ തോമസിന്റെ വാദം. പെണ്‍കുട്ടിയുമായി ലൈംഗിക ചേഷ്ടകളിലേര്‍പ്പട്ടെങ്കിലും പരസ്പരമുള്ള ലൈംഗിക ബന്ധമുണ്ടായിട്ടില്ലെന്നും അനില്‍ തോമസ് വാദിച്ചു. പെണ്‍കുട്ടിയുടെ നിര്‍ബന്ധപ്രകാരമുള്ള ലൈംഗികപ്രവൃത്തികളാണുണ്ടായതെന്നും പെണ്‍കുട്ടി ആരോപിക്കുന്നതുപോലെ പീഡനമോ ലൈംഗിക ബന്ധമോ ഉണ്ടായില്ലെന്നും അനില്‍ തോമസ് കോടതിയെ അറിയിച്ചു.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അനില്‍ തോമസ് യാത്രക്കാരിയുമായി ഇത്തരത്തില്‍ പെരുമാറിയത് അധാര്‍മ്മികമാണെന്ന് വാദിക്കാമെങ്കിലും ധാര്‍മ്മികതയുടെ വിഷയം കോടതി പരിഗണിക്കേണ്ട കാര്യമില്ല എന്നായിരുന്നു അനില്‍ തോമസിന്റെ അഭിഭാഷകന്റെവാദം. വിചാരണയുടെ രണ്ടാം ദിവസമാണ് അനില്‍ തോമസിന്റെ വാദം ബ്രിസ്‌ബൈന്‍ ജില്ലാ കോടതി കേട്ടത്. കരഞ്ഞുകലങ്ങിയ കണ്ണുകളും കാലുകളില്‍ നിറയെ ചെളിയുമായാണ് സംഭവ ദിവസം 16കാരി തന്റെ കാറില്‍ കയറിയത്. കാമുകനുമായി വഴക്കിട്ടെന്ന് പറഞ്ഞ പെണ്‍കുട്ടി, മദ്യപിക്കാനായി പല തവണ തന്നോട് പണം ആവശ്യപ്പെട്ടെന്നും അനില്‍ തോമസ് പറഞ്ഞു. കൈയില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടി രോഷാകുലയായി. ഇറങ്ങേണ്ട സ്ഥലത്തിന് അടുത്തെത്തിയപ്പോള്‍ കാര്‍ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടാനും പണമില്ലാത്തതിനാല്‍ ഊബര്‍ അക്കൗണ്ട് ഓഫ് ചെയ്യാനും ആവശ്യപ്പെട്ടു.
കാര്‍ ഒരു മരത്തിന് ചുവട്ടില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട പെണ്‍കുട്ടി, താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചതായി അനില്‍ ഇലവത്തുങ്കല്‍ തോമസ് പറഞ്ഞു.തന്നെ നിര്‍ബന്ധമായി സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുറച്ചുനേരം കഴിഞ്ഞപ്പോള്‍ തന്റെ നിയന്ത്രണം നഷ്ടമായെന്നും അനില്‍ തോമസ് വാദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ചില ലൈംഗിക ചേഷ്ടകളിലേര്‍പ്പെട്ടുവെന്നും എന്നാല്‍ പെണ്‍കുട്ടി അവകാശപ്പെടുന്നപോലെ ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.