മലയാളി ഇരട്ടത്താപ്പൻ: മദ്യത്തിലൂടെയാണ് കേരളം ജീവിക്കുന്നതെന്നു മറക്കരുത്; മുന്നറിയിപ്പുമായി ജോയി മാത്യു

സ്വന്തം ലേഖകൻ

കോഴിക്കോട്: എന്തിനെയും പരസ്യമായി എതിർക്കുകയും രഹസ്യമായി പിൻതുണയ്ക്കുകയും ചെയ്യുന്ന മലയാളിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ ജോയ് മാത്യു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു മലയാളിയുടെ ഉള്ളിലെ ഇരട്ടത്താപ്പനെ പുറത്തിറക്കിവിട്ട് പരിഹസിച്ചത്. കോഴിക്കോട് സിവിൽ സ്‌റ്റേഷനു മുന്നിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപന ശാലയ്‌ക്കെതിരെ എതിർത്തു നടക്കുന്ന സമരത്തെ പരിഹസിച്ചാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്. പോസ്റ്റിന്റെ പൂർണരൂപം താഴെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

(ജോയ് മാത്യു, നടൻ സംവിധായകൻ)
കാപട്യമാണ് ഞാനടക്കമുള്ള മലയാളിയുടെ മുഖമുദ്ര എന്നുപറഞ്ഞാൽ ആരും അരിശപ്പെടേണ്ട. സത്യം അതാണ്. ഗതികേടുകൊണ്ട് അൻപതോ നൂറോ രൂപ കൈക്കൂലി വാങ്ങുന്നവനെ ഒളിഞ്ഞുനിന്നു വീഡിയോയിൽ പകർത്തി അവന്റെ പണിതെറിപ്പിക്കും. അതേസമയം മക്കൾക്ക് സ്‌കൂൾ അഡ്മിഷനോ ജോലിക്കാര്യത്തിനോ കൈക്കൂലി കൊടുക്കാനും ശുപാർശക്കത്ത് സംഘടിപ്പിക്കാനും നമ്മൾ മിടുക്കുകാണിക്കും. മതത്തെയും വിശ്വാസികളെയും ഫെയ്‌സ്ബുക്കുവഴിയും അല്ലാതെയും പരിഹസിക്കും. മക്കളുടെ വിവാഹം വരുമ്പോൾ ദൈവത്തെത്തന്നെ സാക്ഷിയാക്കും, ജാതിപ്പൊരുത്തത്തിന്റെ കാര്യത്തിലാണെങ്കിലോ ഒരു വിട്ടുവീഴ്ചക്കും നമ്മൾ തയ്യാറാവുകയുമില്ല. ഒരാണിനെയും പെണ്ണിനെയും ഒരുമിച്ചുകണ്ടാൽ നമ്മുടെ സദാചാരരോമം സടകുടഞ്ഞെഴുന്നേൽക്കും. എന്നാൽ, അവസരം കിട്ടിയാലോ അയൽക്കാരന്റെ കുളിമുറിയിലേക്കെത്തിനോക്കുകയോ ക്യാമറവെക്കുകയോ ചെയ്യും. അതിർത്തിയിൽ സംഘർഷമുണ്ടായാൽ രാജ്യസ്‌നേഹംകൊണ്ട് കണ്ണുകാണാതാവും. എന്നാൽ, മക്കളുടെ കാര്യംവരുമ്പോൾ പട്ടാളത്തിൽ ചേരുന്നതിനേക്കാൾ അറബിനാട്ടിൽ പണിയെടുക്കുന്നതാണിഷ്ടം എന്നു തീരുമാനിക്കും
ഇനി ബുദ്ധിജീവി കളിക്കുന്നവരാകട്ടെ നാഴികയ്ക്ക് നാല്പതുവട്ടം അമേരിക്കാവിരുദ്ധരാകും. എന്നാൽ, മക്കളെ എങ്ങനെയെങ്കിലും അമേരിക്കയിലേക്കയയ്ക്കാൻ ഇവർ എന്തും ചെയ്യും; ചാൻസ് കിട്ടിയാൽ ബുദ്ധിജീവിതന്നെ ആദ്യം വിമാനം കയറും (ഇനിയും ഈ ലിസ്റ്റിലേക്ക് വായനക്കാർക്ക് സംഭാവന ചെയ്യണമെന്നുണ്ടെങ്കിൽ നിരവധി ഉദാഹരണങ്ങൾ നിങ്ങൾക്കുതന്നെ കണ്ടെത്താൻ കഴിയും). നമ്മൾ മലയാളിക്ക് ചേരുന്ന ഒരു പേരുണ്ട്; ഇരട്ടത്താപ്പൻ.
പറഞ്ഞുവന്നത് നമ്മുടെ മലയാളികളുടെ കാപട്യത്തെക്കുറിച്ചാണല്ലോ അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മലയാളിയുടെയും മദ്യസേവയുടെയും ഇടയിലുള്ള കാപട്യക്കളി. ഒരു കാര്യം ആദ്യമേ പറഞ്ഞുകൊള്ളട്ടെ, ഞാൻ ഒരു മദ്യ പ്രോത്സാഹിയോ മദ്യവിരുദ്ധനോ അല്ല. എങ്കിലും സമ്പൂർണ മദ്യനിരോധനം നടപ്പാക്കാൻ സാധിക്കാത്ത ഒരു സംസ്ഥാനത്ത് പകരംവെക്കാൻ മറ്റൊരു സാമ്പത്തികസ്രോതസ്സ് ഇല്ലെന്നിരിക്കെ മദ്യവിപണനം നേരിടുന്ന ചില സാമൂഹികപ്രശ്‌നങ്ങളിലേക്ക് ബന്ധപ്പെട്ടവരുടെ ശ്രദ്ധക്ഷണിക്കലായി ഈ കുറിപ്പിനെ കണ്ടാൽമതി.
കഴിഞ്ഞ കുറച്ചുദിവസമായി കോഴിക്കോട് സിവിൽ സ്റ്റേഷനു മുമ്പിൽ ആരംഭിച്ച സർക്കാർ ഉടമസ്ഥതയിലുള്ള ബിവറേജസ് കോർപ്പറേഷന്റെ റീട്ടെയിൽ മദ്യവില്പനകേന്ദ്രത്തിനെതിരായി നടന്നുവരുന്ന സമരം. ശരിയാണ് മദ്യം വാങ്ങാൻ വരുന്നവരുടെ തിരക്കുമൂലം ഉണ്ടാകുന്ന ഗതാഗതതടസ്സം, മദ്യപന്മാരുടെ കൂടിച്ചേരലുകൾ സൃഷ്ടിക്കുന്ന മറ്റു മനോവിഷമങ്ങൾ… (ഒരു കാര്യം ശ്രദ്ധിക്കുക ഒരു ബിവറേജസ് കടയുടെ മുന്നിലും അടിപിടി, കത്തിക്കുത്ത്, ബലാത്സംഗം എന്നിവയൊന്നും നടന്നതായി ഇതുവരെ റിപ്പോർട്ടില്ല). എന്നാൽ, സിവിൽ സ്റ്റേഷൻ പരിസരത്ത് മിക്കവാറും എല്ലാ ദിവസങ്ങളിലും അരങ്ങേറുന്ന ധർണകൾ, സമരപ്രഹസനങ്ങൾ, പോലീസ് ലാത്തിച്ചാർജ് ആദിയായവ കലാകാലങ്ങളായി സഹിച്ചുപോന്നിട്ടുള്ള ഞാനടക്കമുള്ള പരിസരവാസികൾക്ക് ബിവറേജസിന്റെ മുമ്പിലെ നീണ്ട ക്യൂ എങ്ങനെ അസഹ്യമായി എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.
മദ്യ ഉപഭോഗത്തിന്റെ കാര്യത്തിൽ ആലപ്പുഴയും കൊല്ലവും തിരുവനന്തപുരവും ഒക്കെയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെങ്കിലും കോഴിക്കോടും മദ്യപാനത്തിന്റെ കാര്യത്തിൽ മോശക്കാരല്ല. ജനങ്ങളിൽനിന്ന് വസൂൽചെയ്യുന്ന നികുതിപ്പണംകൊണ്ട് മാത്രമല്ല കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് എന്ന് മുൻമന്ത്രി മാണിക്ക് മാത്രമല്ല ഇപ്പോഴത്തെ ധനമന്ത്രി തോമസ് ഐസക്കിനും അറിയാം. ജനങ്ങളെ പിഴിഞ്ഞുണ്ടാക്കുന്ന നികുതിപ്പണം, വാണിജ്യനികുതിയിനത്തിൽ ലഭിക്കുന്ന പണം, കേന്ദ്രസർക്കാറിനുവേണ്ടി കേരളത്തിൽനിന്ന് പിഴിഞ്ഞൂറ്റിക്കൊടുക്കുന്ന നികുതിയിൽനിന്ന് കേന്ദ്രത്തിന് ദയതോന്നി സംസ്ഥാനത്തിന് നൽകിവരുന്ന പണം എന്നിവയാണ് നമ്മുടെ സംസ്ഥാനത്തിന്റെ വരുമാനസ്രോതസ്സുകൾ. എന്നാൽ, നാം മനസ്സിലാക്കേണ്ടകാര്യം കേരളം എന്ന സംസ്ഥാനം പുലർന്നുപോകുന്നത് മേൽപ്പറഞ്ഞ ഞെക്കിപ്പിഴിഞ്ഞുകിട്ടുന്ന നികുതിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിലല്ല; മറിച്ച് മദ്യക്കച്ചവടത്തിലൂടെയും ലോട്ടറി കച്ചവടത്തിലൂടെയുമാണ്. 201314ൽ വാണിജ്യനികുതിയിനത്തിൽ 30 ശതമാനവും ലഭ്യമായത് മദ്യവില്പനയിയൂടെയാണ്. 20122013 കാലയളവിൽ കേരളത്തിന് മദ്യവില്പനയിലൂടെ ലഭിച്ചത് 7241 കോടി രൂപയാണ്. ഇതനുസരിച്ച് സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനത്തിന്റെ 24 ശതമാനവും ലഭ്യമാകുന്നത് മദ്യത്തിൽനിന്നാണെന്ന് കണക്കുകൾ പറയുന്നു. ഇനി ലോട്ടറി എന്ന കച്ചവടത്തിലൂടെയാകട്ടെ 201314ൽ 68 ശതമാനം നികുതിയിതരവരുമാനമാണ് സംസ്ഥാനസർക്കാറിന് ലഭിച്ചത്. മദ്യവിൽപ്പനയിലൂടെയും ലോട്ടറിക്കച്ചവടത്തിലൂടെയും ഉണ്ടാക്കുന്ന പണംകൊണ്ടും പ്രവാസികൾ നാട്ടിലേക്കയയ്ക്കുന്ന പണംകൊണ്ടും മാത്രം പുലർന്നുപോകുന്ന നാടാണ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്. അല്ലാതെ എന്തെങ്കിലും വ്യാവസായിക ഉത്പന്നകയറ്റുമതിയിലൂടെയോ കാർഷികനാണ്യവിളകളിൽനിന്ന് കിട്ടുന്ന പണംകൊണ്ടോ പുലരുന്ന മാമലനാടല്ല കേരളം എന്നാദ്യം മനസ്സിലാക്കുക.
സർക്കാർ ജീവനക്കാർ മുതൽ മന്ത്രിമാർ വരെ ശമ്പളം വാങ്ങിക്കുന്നത് മദ്യലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണെന്ന് സാമ്പത്തിക വിദഗ്ധർ തയ്യാറാക്കിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരുവശത്ത് മദ്യം വിപത്താണ് എന്ന് നമ്മളൊക്കെക്കൂടി പ്രചരിപ്പിക്കുക. മറുവശത്ത് വരൂ വരൂ മദ്യം വാങ്ങിക്കൂ എന്നിട്ട് ഞങ്ങൾക്കൊക്കെ ശമ്പളം തരൂ എന്ന് പറയുക, ഇതിനെ ഇരട്ടത്താപ്പ് എന്നല്ലാതെ എന്താണ് പറയുക!
സർക്കാറിന്റെ മറ്റൊരു പ്രധാന വരുമാനമാർഗം ലോട്ടറിയാണ്. മറ്റുള്ളവരുടെ പണം എളുപ്പത്തിൽ സ്വന്തം പോക്കറ്റിലാക്കാനുള്ള വിദ്യയാണല്ലോ ലോട്ടറിക്കച്ചവടം. അതിന് ‘ ഭാഗ്യം’ എന്ന ഒരു പരിവേഷവും നൽകുക. എല്ലാവരെയും പെട്ടെന്ന് പണക്കാരാക്കി അതുവഴി സോഷ്യലിസം കൊണ്ടുവരാനുള്ള വഴിയാണെന്ന് സാമ്പത്തികവിദഗ്ധനായ ധനമന്ത്രിപോലും തലകുലുക്കി സമ്മതിച്ചുകൊണ്ടിരിക്കുന്നു. പണ്ടുകാലത്ത് ഉത്സവങ്ങളോടനുബന്ധിച്ച് അമ്പലപ്പറമ്പുകളിലും ആളുകൾ കൂടുന്ന മറ്റിടങ്ങളിലും ‘ നാടകുത്ത്’ അല്ലെങ്കിൽ ‘ ഒന്നു വെച്ചാൽ രണ്ട്’ എന്നൊരു പരിപാടിയുണ്ടായിരുന്നു. അതായത് അടുത്തുനിൽക്കുന്നവന്റെ പോക്കറ്റിലെ പണം നാടകുത്തുകാരന്റെ കറക്കിക്കുത്തലിലൂടെ നമുക്കുകിട്ടുന്നു. പക്ഷേ, ലാഭം നാടകുത്തുകാരന്.
പോലീസ് വരുമ്പോൾ എല്ലാവരും ഓടിരക്ഷപ്പെടും കാരണം നിയമവിരുദ്ധമാണത്. എന്നാൽ, ഇപ്പോൾ സർക്കാറാണ് ഇവിടെ നാടകുത്തുകാരൻ. വരുവിൻ വരുവിൻ വന്നു നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കിൻ എന്നുപറഞ്ഞ് നാട്ടുകാരുടെ പോക്കറ്റടിക്കുകതന്നെ, ഒരുതരം Licensed Robbery. ഇരട്ടത്താപ്പിന്റെ മറ്റൊരു മുഖം (പാവം നാട്ടിൻപുറത്തെ നാടകുത്തുകാരൻ ഇപ്പോഴും പോലീസിനെ പേടിച്ച് എങ്ങോട്ടെക്കെയോ ഓടിക്കൊണ്ടിരിക്കുന്നു). ലോട്ടറിയിൽനിന്നുള്ള വരുമാനം ശതമാനമാണെങ്കിൽ മദ്യവിൽപ്പനയിലൂടെ സർക്കാർ ഖജനാവിലേക്ക് വരുന്നത് സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനത്തിന്റ 24 ശതമാനം.
എന്നാൽ, സർക്കാറിന്റെ സാമ്പത്തികനില ഭദ്രമാക്കുന്ന, അല്ലെങ്കിൽ സർക്കാർ ജോലിക്കാരുടെ ശമ്പളം മുടങ്ങാതെ കൊടുത്തുപോരുന്ന മദ്യ ഉപഭോക്താക്കൾക്ക് നമ്മൾ തിരിച്ച് എന്തു ബഹുമാനമാണ് നൽകുന്നത്?
ഉമ്മൻചാണ്ടിക്കിട്ടൊരു പണികൊടുത്ത് ആദർശധീരനാകാൻ സുധീരൻ കൊണ്ടുവന്ന ബാർ നിയമത്തെ മലർത്തിയടിച്ച് ഉമ്മൻചാണ്ടി സുധീരനേക്കാൾ വലിയ ആദർശവാനായെങ്കിലും പെട്ടത് മാണിയും ബാബുവും ആയിപ്പോയി, കൂടെ ലക്ഷക്കണക്കിന് മദ്യപന്മാരും വഴിയാധാരമായി. ഈ വഴിയാധാരമാക്കപ്പെട്ടവരുടെ വോട്ടുകൂടി ചേർത്താണ് ഇടതുപക്ഷം അധികാരത്തിലേറിയത് എന്നുപറഞ്ഞാൽ അത് തെറ്റാണോ?
ബാറുകൾ നിർത്തി, ശരിയാണ് പല ബാറുകൾക്കും നിലവാരമില്ല, ശുചിത്വമില്ല, ചിലതെല്ലാം വ്യാജ മദ്യവിൽപ്പന കേന്ദ്രങ്ങളുമാണ്. പക്ഷേ, മദ്യത്തിന് ഇത്രയധികം ഉപഭോക്താക്കളുള്ള കേരളത്തിൽ വിരലിലെണ്ണാവുന്ന റീട്ടെയിൽ ഷോപ്പുകളെ മാത്രം ആശ്രയിച്ചുള്ള കച്ചവടം സൃഷ്ടിക്കുന്നത് ക്രമാതീതമായ തിരക്കും ബഹളവും തന്നെ. അതുമൂലം ദുരിതമനുഭവിക്കുന്നവരോ ഉപഭോക്താക്കളെപ്പോലെതന്നെ സാധാരണക്കാരും പിന്നെ പരിസരവാസികളും (പ്രത്യേകിച്ചും ആഘോഷ, ഹർത്താൽ, ഉത്സവദിനങ്ങളോടനുബന്ധിച്ചും). കോഴിക്കോട് നഗരത്തിലെ വലിയൊരുശതമാനംവരുന്ന മദ്യഉപഭോക്താക്കൾക്ക് ആശ്രയിക്കാനുള്ളത് ബിവറേജസ് കോർപ്പറേഷൻ നടത്തുന്ന വെറും നാല് റീട്ടെയിൽ ഷോപ്പുകൾ മാത്രം. നിരത്തിന്റെ അറ്റംവരെയുള്ള നീളൻ ക്യൂ. അതുമൂലം ഉണ്ടാകുന്ന ഗതാഗതതടസ്സങ്ങൾ, മറ്റു ബുദ്ധിമുട്ടുകൾ.
ഒരു ജോലിയും ചെയ്യാതെ വെറുതെ നോക്കിനിന്ന് വേതനം വാങ്ങുന്നവർക്കുവരെ ഇവിടെ സംഘടിക്കാൻ അവകാശമുണ്ട്, വിലപേശലിന് സാധ്യതയുണ്ട്. എന്നാൽ, അസംഘടിതരായ മദ്യ ഉപഭോക്താക്കളുടെ സംഘത്തിന് പ്രതിഷേധിക്കാൻ മാർഗങ്ങളില്ല എന്നതാണ് അവരുടെ ദുരന്തം. ഇതുതന്നെയാണ് ലോട്ടറി ഉപഭോക്താക്കളുടെയും അവസ്ഥ. എന്നാൽ, ഈ അസംഘടിതരുടെ പണമാണ് തങ്ങൾക്ക് ശമ്പളമായി കിട്ടുന്നതെന്ന തിരിച്ചറിവ് എന്നാണ് നമ്മുടെ ഭരണാധികാരികൾക്കുണ്ടാവുക
മദ്യത്തേക്കാൾ മാരകമായ മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്ര മാന്യമായരീതിയിലാണ് നമ്മുടെ നാട്ടിൽ വിപണനം ചെയ്യുന്നതെന്ന് നോക്കുക. മദ്യ ഉപഭോക്താവിനെ ഇനിയെങ്കിലും ഒരു കസ്റ്റമർ ആയി കാണുക. വെയിലും മഴയിലും നീണ്ട ക്യൂവിൽ അച്ചടക്കത്തോടെ നിൽക്കുന്ന, കൃത്യമായി ചില്ലറവരെ കൈയിൽക്കരുതി ക്ഷമാശീലനായി ജയിലഴിക്ക് തുല്യമായ കൗണ്ടറിനപ്പുറം നിൽക്കുന്ന കസ്റ്റമറും അഴിക്കപ്പുറം ജയിൽ വാർഡറെപ്പോലെ ദയാരഹിതമായ പെരുമാറ്റവുമായി നിൽക്കുന്ന വില്പനക്കാരനും. ഇനിയെങ്കിലും ഒരു അപരാധിയെപ്പോലെ ഉപഭോക്താവിനെ കാണുന്ന രീതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നു പറയാതെവയ്യ. ഇത്രയധികം ഉപഭോക്താക്കളുള്ള ഒരു ഉത്പന്നം വിറ്റഴിക്കാൻ മാർഗങ്ങളില്ല എന്ന് സർക്കാർ പറയുന്നത് മറ്റൊരു ഇരട്ടത്താപ്പാണ്.
മുഴത്തിന് മുഴത്തിന് ആരാധനാലയങ്ങൾ കാരണം റീട്ടെയിൽ ഷോപ്പുകൾ സാധ്യമല്ല എന്ന് പറയുന്നു. ശരിയായിരിക്കാം. എന്നാൽ, അഞ്ചു പൈസ വരുമാനമില്ല എന്നത് പോകട്ടെ ദിനംപ്രതി നഷ്ടം മാത്രം വരുത്തിവെക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂറ്റൻകെട്ടിടങ്ങളും ഓഫീസുകളും നഗരത്തിലും നഗരപ്രാന്തങ്ങളിലും വെറുതെ കിടക്കുന്നു. റീട്ടെയിൽ ഷോപ്പുകൾ അവിടെ തുടങ്ങാമല്ലോ, എറണാകുളം പട്ടണത്തിൽ മദ്യവിൽപ്പനയ്ക്ക് വിശാലമായ സൂപ്പർ മാർക്കറ്റു തന്നെയുണ്ട്. ഇനി അതുമല്ലെങ്കിൽ ഇഷ്ടംപോലെ സ്ഥലസൗകര്യങ്ങളുള്ള പോലീസ് സ്റ്റേഷനുകൾ, അതും മാതൃകാ സ്റ്റേഷനുകൾ നമുക്കുണ്ടല്ലോ. അവിടെയാകുമ്പോൾ ക്രമസമാധാനപ്രശ്‌നവും ഉദിക്കുന്നില്ല (മാത്രവുമല്ല തിരക്കുള്ള ദിവസങ്ങളിൽ പോലീസുകാർ റീട്ടെയിൽ ഷോപ്പുകൾക്കുമുമ്പിൽ കാവൽനിൽക്കുന്നത് ഒഴിവാക്കുകയും ചെയ്യാം). ഇതിനൊക്കെ പുറമേ പോലീസിന്റെ ഒരു നോട്ടവും കൂടിയുണ്ടാവും!
വർഷത്തിൽ 7000 കോടി രൂപയിലധികം വരുമാനമുള്ള മറ്റൊരു ഉത്പന്നവും നമുക്ക് ഇല്ലെന്നിരിക്കെ ഉള്ളത് വിറ്റഴിക്കാൻ സ്വന്തമായി കെട്ടിടങ്ങൾ ഉണ്ടാക്കാൻ മടിക്കുന്നതെന്ത്? മദ്യവിരുദ്ധരും ഇസ്ലാമിക് രാജ്യവുമായ യു.എ.ഇ.യിൽ മദ്യഉപഭോക്താക്കളെ കേരളത്തിലെപ്പോലെ യാചകരുടെ മട്ടിലല്ല കാണുന്നത്. അവിടെ മദ്യവില്പനയ്ക്ക് സൂപ്പർ മാർക്കറ്റുകളാണുള്ളത് (കേരളംപോലെ മദ്യം വിറ്റുകിട്ടുന്ന പണംകൊണ്ട് പുട്ടടിക്കുന്നവരല്ല അവിടത്തെ ഭരണാധികാരികൾ എന്നുകൂടി ഓർക്കുക).
പണമുള്ളവന് സ്റ്റാർ ഹോട്ടലിൽ മദ്യപിക്കാം. ദരിദ്രന് പൊരിവെയിലിൽ ക്യൂ നിൽക്കാം. എന്നതായിരുന്നല്ലോ ഉമ്മൻചാണ്ടി സർക്കാറിന്റെ ലൈൻ. ഇടതുപക്ഷത്തിന് ഇതിൽനിന്നും വ്യത്യസ്തമായ ഒരു ലൈൻ ഇല്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. അതിനർഥം കഴിഞ്ഞ യു.ഡി.എഫ്. സർക്കാറും ഇപ്പോഴത്തെ ഭരണകർത്താക്കളും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നാണ്.
മദ്യം നിരോധിക്കുക എന്ന അപ്രായോഗികതയേക്കാൾ മദ്യം വർജിക്കാൻ തോന്നിപ്പിക്കുന്ന സാമൂഹികസാഹചര്യം സൃഷ്ടിച്ചെടുക്കുകയാണ് ശരിയായ ഇടതുപക്ഷം ചെയ്യേണ്ടത്. അതിനാദ്യം വേണ്ടത് സർക്കാർ വിൽക്കുന്ന ഉത്പന്നം, അത് മരുന്നായാലും മദ്യമായാലും അതിന്റെ ഉപഭോക്താക്കളെ അറവുമാടുകളെപ്പോലെ കാണുന്ന അഹങ്കാരക്കണ്ണട മാറ്റുകതന്നെ വേണം.

Top