ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍ പോരാട്ടനിരയില്‍ എത്തുന്നില്ലായെന്ന് റിപ്പോര്‍ട്ട്. ഭീകര സംഘടനയില്‍ ചേരാനായി അഫ്ഗാനിസ്താനിലേക്ക് കാസര്‍ഗോട് നിന്ന് പോയവര്‍ അവിടെ ജിഹാദികള്‍ക്ക് സൗകര്യമൊരുക്കി ജീവിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മേഖലകളിലും അവര്‍ അധിവസിക്കുന്ന ഇടങ്ങളിലും കടകള്‍ സ്ഥാപിച്ചും മതം പഠിപ്പിച്ചും കഴിയുന്ന ഇവരിലാരുംതന്നെ പോര്‍മുഖത്തേയ്ക്ക് പോകാന്‍ താത്പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
എന്നാല്‍ ഇവര്‍ യുദ്ധത്തിനായല്ല പോയതെന്നും വ്യത്യസ്ഥ ജീവിതം നയിച്ച് ദൈവത്തിങ്കലേയ്ക്ക് എത്തുന്നതിനായുള്ള പരിശ്രമത്തിലാണെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ത്യാഗനിര്‍ഭരമായ ജീവിതം നയിക്കുന്നതിനായാണ് ഇവര്‍ നാട് വിട്ടതെന്നും അതിലൂടെ പരലോക മോക്ഷമാണ് ലക്ഷ്യമെന്നും പറയപ്പെടുന്നു.
ഇജാസ് കെട്ടിയപുരയില്‍, ഭാര്യ രഹൈല, അവരുടെ രണ്ടുമാസം പ്രായമായ കുഞ്ഞ്, ഷിഹാസ് കെട്ടിയപുരയില്‍, ഭാര്യ അജ്മല എന്നിവരും മറ്റു 18 പേരും അഫ്ഗാനിസ്താനിലേക്ക് പോയത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായി രാജ്യം വിട്ട ഇവര്‍ അഫ്ഗാനിലെ നാംഗര്‍ഹര്‍ പ്രവിശ്യയിലുണ്ടെന്ന് കണ്ടെത്തിയത് അടുത്തിടെയാണ്. ഭീകരസംഘടനയില്‍ അംഗമാകാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും ജിഹാദികളായി എത്തുന്നവര്‍ക്ക് സൗകര്യമൊരുക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നാണ് സൂചന.
വീട്ടുകാരുമായും സുഹൃത്തുക്കളുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ഇവര്‍ അയച്ച സന്ദേശങ്ങളില്‍നിന്നും മറ്റുമാണ് അത്തരമൊരു നിഗമനത്തിലേക്ക് ഏജന്‍സികള്‍ എത്തിയിട്ടുള്ളത്. വ്യാപാരസ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും മതപഠനം നടത്തുകയും ചെയ്താണ് ഇവര്‍ കഴിയുന്നത്. പലരും വിവാഹം കഴിക്കുകയും ചെയ്തു. കേരളത്തില്‍നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും ഭാവിയിലെത്താനിടയുള്ള ജിഹാദികള്‍ക്കായി ഇന്ത്യന്‍ സമൂഹം സൃഷ്ടിക്കലാണ് ഇവരുടെ ദൗത്യം.
ഇജാസ് ഡോക്ടറും ഷിഹാസ് എന്‍ജിനിയറുമാണ്. ഇവരുടെ പിതാവ് അബ്ദുള്‍ റഹ്മാന്‍ വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലി ചെയ്താണ് മക്കളെ പഠിപ്പിച്ചത്. താനുണ്ടാക്കിയ ജീവിതമെല്ലാം ഉപേക്ഷിച്ചാണ് മക്കള്‍ ഇത്തരമൊരു വഴി തിരഞ്ഞെടുത്തതെന്ന് പിതാവ് പരിതപിക്കുന്നു. അഫ്ഗാനിലെ നാംഗര്‍ഹറില്‍ കൃത്യമായി റോഡ് പോലുമില്ലാത്ത അതിവിദൂരമായ ഗ്രാമത്തിലാണ് ഇവരിപ്പോഴെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ചെറിയ വീട്ടിലാണ് ഇജാസും ഷിഹാസും കുടുംബത്തോടൊപ്പം ജീവിക്കുന്നത്.
ഒന്നരമാസം മുമ്പാണ് ഇജാസ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. ഫോണ്‍വിളിക്കണമെങ്കില്‍ ഒന്നരമണിക്കൂറോളം യാത്ര ചെയ്യണമെന്ന് ഇജാസ് പറഞ്ഞതായാണ് സൂചന. പ്രദേശത്ത് താനൊരു ക്ലിനിക്ക് നടത്തുന്നുണ്ടെന്നും സഹോദരന്‍ ഷിഹാസ് അദ്ധ്യാപകനാണെന്നും പറഞ്ഞു. ഇജാസ് നാട്ടില്‍നിന്ന് പോകുമ്പോള്‍ ഭാര്യ രഹൈല മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞ് പിറന്നുവെന്ന് അറിയിക്കാനാണ് ഇജാസ് വീട്ടിലേക്ക് വിളിച്ചത്.