കോഴിക്കോട്: മലയാളി ഐസ് ഭീകരന്‍ അഫ്ഖാനില്‍ കൊല്ലപ്പെട്ടതിന്റെ ചിത്രം ബന്ധുക്കള്‍ക്ക് ലഭിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആളില്ലാ വിമാനത്തിന്റെ ആക്രമണത്തില്‍ കാസര്‍കോഡ് സ്വദേശിയായ ഇയാള്‍ കൊല്ലപ്പെടുന്നത്. നെറ്റിയില്‍ മുറിവേറ്റ് മരിച്ചു കിടക്കുന്ന ഫോട്ടോ ബന്ധുക്കള്‍ക്ക് അവിടെയുള്ള മറ്റു മലയാളികള്‍ അയച്ചുകൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
2016 ജൂലൈയില്‍ ദൂരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളി സംഘത്തില്‍പ്പെട്ട കാസര്‍കോഡ് പടന്ന സ്വദേശി ടി കെ ഹഫീസുദ്ദീന്‍ (24) ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസമാണ് സന്ദേശം ലഭിച്ചത്. സംഘത്തില്‍പ്പെട്ട അഷ്ഫാഖ് മജീദ് ഹഫീസിന്റെ മാതാവിനും ബന്ധുവിനും ടെലഗ്രാം മെസഞ്ചര്‍ വഴി ഞായറാഴ്ച രാവിലെ ഹഫീസിന്റെ മരണ വാര്‍ത്ത അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അധികൃതര്‍ നല്‍കിയിരുന്നില്ല. തിങ്കളാഴ്ച ഫോട്ടോ ലഭിച്ചതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരും മരണം സ്ഥിരീകരിച്ചത്.
സംഘത്തില്‍പ്പെട്ട അബ്ദുല്‍ റാഷിദ് അബ്ദുല്ല, സഹോദരനും അഷ്ഫാഖ് മജീദ് ഹഫീസിന്റെ വീട്ടുകാര്‍ക്കുമാണ് മരിച്ചു കിടക്കുന്ന ഫോട്ടോ അയച്ചത്. ഫോട്ടോയിലുള്ളത് ഹഫീസുദ്ദീന്‍ തന്നെയാണെന്നും നെറ്റിയില്‍ മുറിവുള്ളതായി ഫോട്ടോയിലുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. നെറ്റിയിലേറ്റ മുറിവും ആഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. യു എ ഇയില്‍ ബിസിനസുകാരനായ പിതാവ് ഹക്കീം മകന്റെ മരണവാര്‍ത്തയറിഞ്ഞ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ മകന്‍ മരിച്ചു കിടക്കുന്ന ഫോട്ടോ പിതാവിന് ബന്ധുക്കള്‍ കാണിച്ചിട്ടില്ല. വിവിധ അന്വേഷണ ഏജന്‍സികള്‍ വീട്ടിലെത്തിയിട്ടുണ്ട്. ഫോട്ടോ പുറത്തു വിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
എന്‍.ഐ.എ, ഇന്റലിജന്‍സ്, റോ, സ്പെഷല്‍ ബ്രാഞ്ച് തുടങ്ങിയ സുരക്ഷാ ഏജന്‍സികള്‍ ബന്ധുകളുടെ മൊഴി രേഖപ്പെടുത്തി. നിലവില്‍ എന്‍.ഐ.എ ആണ് കേസ് അന്വേഷിക്കുന്നത്. ബന്ധുക്കള്‍ക്ക് ലഭിച്ച ഫോട്ടോകള്‍, സന്ദേശങ്ങള്‍ എന്‍.ഐ.എ ശേഖരിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്കടക്കം ഇത് കൈമാറരുതെന്നാണ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഐസിസില്‍ എത്തിയ മറ്റു മലയാളികളും ബന്ധുക്കള്‍ക്ക് ഡ്രോണ്‍ ആക്രമണം സംബന്ധിച്ച് സന്ദേശം അയച്ചതായാണ് വിവരം.
അതേ സമയം ഡ്രോണ്‍ ആക്രമണത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടതായും ഇതില്‍ 36 പേര്‍ വിദേശികളാണെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം. മറ്റു മലയാളികള്‍ക്കും പരിക്കുപറ്റിയിട്ടുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. അഫ്ഗാനിലെ ഐസിസ് സ്വാധീന മേഖലയായ നാംഗര്‍ഹാര്‍ ദിഹ്ബലയില്‍ വച്ചാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ഈ മേഖലയില്‍ നിരവധി ഇന്ത്യക്കാര്‍ ഉള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇത് ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്.
കേരളത്തില്‍ നിന്നും കാണാതായ 22 പേരടങ്ങുന്ന സംഘം ഇസ്ലാമിക്ക് സ്റ്റേറ്റില്‍ എത്തിയതായി എന്‍.ഐ.എ നേരത്തേ സ്ഥിരീകരിച്ചിരുന്നു. ദൈവീക രാജ്യത്ത് എത്തിയെന്നും സ്വര്‍ഗത്തിലേക്കുള്ള വഴിയാണിതെന്നുമായിരുന്നു ഇവര്‍ ശബ്ദ സന്ദേശമായി ബന്ധുക്കള്‍ക്ക് അയച്ചിരുന്നത്. ഇതോടെ അന്വേഷണം കൂടുതല്‍ ഊര്‍ജിതപ്പെടുത്തി. ഇവര്‍ക്കെതിരെയുള്ള കേസിനു പുറമെ നിരവധി ഐസിസ് കേസുകള്‍ കേരളത്തില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്തു. 15 ഓളം പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഹഫീസുദ്ദീന്റെ മരണവാര്‍ത്ത എത്തിയത്. ഇതിനിടെ ബന്ധുക്കളെയും കൂട്ടുകാരെയും ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള സന്ദേശങ്ങളും ഇവരില്‍ നിന്നും എത്തിയിരുന്നു. ഹഫീസ് സഹോദരിയെയും ഭാര്യയെയും അടക്കം ഐസിസി ലേക്ക് ക്ഷണിച്ചിരുന്നു.