ജമ്മു: ജമ്മു കശ്‌മീരിലെ അനന്ദ്‌നാഗ്, കുപ്‌വാര, രജൗരി ജില്ലകളില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രജൗരിയിലുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി ജവാന്‍ കൊയിലാണ്ടി ചേലിയ അടിയള്ളൂര്‍ മീത്തല്‍ സുബിനേഷാ(26)ണു മരിച്ചത്. കരസേനാ പട്രോളിങ് സംഘത്തിനു നേരെയയിരുന്നു ഇവിടെ ആക്രമണം. ജമ്മു കശ്മീരിലെ നൗഷേര മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരര്‍ നിയന്ത്രണരേഖക്കു സമീപം നിരീക്ഷണം നടത്തുകയായിരുന്ന സൈനിക വാഹനത്തിനുനേരെ നടത്തിയ വെടിവെപ്പിലാണ് സുബിനേഷ് കൊല്ലപ്പെട്ടത്. പരിക്കേറ്റ സുംബഷിനെ സൈനിക ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് മരിച്ചതെന്ന് സൈനിക വക്താവ് ലഫ്. കേണല്‍ മനീഷ്‌മേത്ത അറിയിച്ചു. തീവ്രവാദികള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.
അതിനിടെ തെക്കന്‍ കശ്മീരിലെ സുള്ളിഗാമില്‍ പോലീസിന്റെ പ്രത്യേകസേനയും സൈന്യവും നടത്തിയ സംയുക്ത ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.കുപ്‌വാര മേഖലയില്‍ തീവ്രവാദികള്‍ക്കു വേണ്ടി രണ്ടാഴ്ചയായി തിരച്ചില്‍ തുടരുകയാണ്.
അനന്ദ്‌നാഗിലെ സിലിഗാം ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്‌ബുള്‍ ഭീകരരായ സര്‍താജ് അഹമ്മദ് ലോണ്‍, അദില്‍ അഹമ്മദ് ഷെയ്‌ഖ്, തന്‍വീര്‍ അഹമ്മദ് ഭട്ട് എന്നിവരും കൊല്ലപ്പെട്ടു. കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിലാണു മറ്റൊരു ഭീകരന്‍ കൊല്ലപ്പെട്ടത്. ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഡിസംബര്‍ 20-നു സുബിനേഷിന്റെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു. മൂന്നുമാസം മുമ്പാണ് അവധി കഴിഞ്ഞു കാശ്‌മീരിലേക്കു മടങ്ങിയത്. വിവാഹത്തിനായി അഞ്ചിനു നാട്ടിലെത്താനിരിക്കുകയായിരുന്നു. പിതാവ്: കുഞ്ഞിരാമന്‍, മാതാവ്: ശോഭന. സഹോദരി: സുഭിഷ.