
ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ ജയിലില്‍ കഴിയുന്ന അഞ്ച് മലയാളികളെ മോചിപ്പിക്കാന്‍ ധാരണയായതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവില്‍ക്കഴിയുകയായിരുന്നവരുടെ മോചനമാണ് ഉറപ്പായിരിക്കുന്നത്. 2014ല്‍ നൈജീരിയന്‍ കടലില്‍ അകപ്പെട്ട കപ്പല്‍ ജീവനക്കാരായിരുന്ന ഇവരെ കടല്‍കൊള്ളക്കാരെ സഹായിച്ചെന്ന ആരോപണത്തില്‍ ടോഗോ സര്‍ക്കാര്‍ വിചാരണ ചെയ്യുകയായിരുന്നു.
കൊച്ചി എളമക്കര സ്വദേശി തരുണ്‍ ബാബു, സഹോദരന്‍ നിധിന്‍ ബാബു, എടത്തല സ്വദേശി ഷാജി അബ്ദുള്ള കുട്ടി, കലൂര്‍ സ്വദേശികളായ ഗോഡ്വിന്‍ ആന്റണി, നവീന്‍ ഗോപി എന്നിവരെയാണ് മോചിപ്പിക്കാന്‍ ധാരണയായിരിക്കുന്നത്. ഇതിന് മുന്‍കൈ എടുത്തതിന് കൗണ്‍സിലേറ്റിനെ അഭിനന്ദിക്കുകയും ചെയ്താണ് ട്വിറ്റര്‍ പോസ്റ്റ് വന്നിരിക്കുന്നത്. ഭീകരസംഘടനയായ ഐഎസ് തട്ടിക്കൊണ്ടുപൊയ മലയാളി വൈദീകന്‍ ടോം ഉഴുന്നാലിന്റെ മോചനം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്.