കോട്ടയം: ഗുരുതരമായ മസ്തിഷ്‌ക രോഗത്തിനുള്ള മരുന്ന് മയക്കുമരുന്നാണെന്നു തെറ്റിദ്ധരിച്ച് ചങ്ങനാശേരി സ്വദേശിയായ അമ്മയെയും കുഞ്ഞിനെയും സൗദി അധികൃതര്‍ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തുജയിലിലടച്ചു. ഹിസാനാ ഹുസൈനും (26) അവരുടെ മൂന്നു വയസുകാരന്‍ മകനുമാണു ദമാമിലെ ജയിലിലായത്. പൊതുപ്രവര്‍ത്തയായ രമാജോര്‍ജ്ജിന്റെ ഇടപെടലില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. പിന്നീട് കുഞ്ഞിനെ പിതാവിന് കൈമാറി. അമ്മ ഇപ്പോഴും ജയിലില്‍ തന്നെയാണ്. നാട്ടില്‍നിന്ന് ഇവരുടെ ചികിത്സാ റിപ്പോര്‍ട്ട് സൗദിയിലെ ഇന്ത്യന്‍ എംബസിക്കു കൈമാറിയിട്ടുണ്ട്. എംബസി ഇത് ഉടന്‍ തന്നെ സൗദി അധികൃതര്‍ക്കു നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച പകലാണു ഹിസാന കുഞ്ഞിനൊപ്പം കൊച്ചിയില്‍നിന്ന് സൗദി അറേബ്യയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്കു പറന്നത്. മസ്തിഷ്‌ക സംബന്ധമായ ഗുരുതര രോഗത്തിനു കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റിന്റെ ചികിത്സയിലാണ് ഹിസാന. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആറു മാസത്തേക്കുള്ള മരുന്നുമായാണ് അവര്‍ സൗദിയിലേക്കു വിമാനം കയറിയത്. വിമാനത്താവളത്തില്‍ ഡ്രഗ്സ് ആന്‍ഡ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടുകയായിരുന്നു
വിവരമറിഞ്ഞു നാട്ടിലുള്ള മാതാപിതാക്കള്‍ നാട്ടില്‍നിന്നു ഹിസാനയുടെ ചികിത്സാ റിപ്പോര്‍ട്ട് സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് അയച്ചുകൊടുത്തു. ഹിസാനയുടെ ഭര്‍ത്താവ് എംബസി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയിട്ടുണ്ട്. ചികിത്സാ റിപ്പോര്‍ട്ട് അറ്റസ്റ്റ് ചെയ്തെന്നും സൗദിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഇന്ത്യന്‍ ന്യൂറോസര്‍ജന്റെ സത്യവാങ്മൂലവും വാങ്ങി ഉടന്‍ തന്നെ സൗദി അധികൃതര്‍ക്ക് കൈമാറുമെന്നും എംബസി അറിയിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തില്‍ കഴിയുന്ന വിദേശകാ ര്യമന്ത്രി സുഷമാ സ്വരാജിനെയും വിവരമറിയിച്ചിട്ടുണ്ട്. മന്ത്രാലയത്തില്‍നിന്നും ഇടപെടലുണ്ടായതോടെയാണു ജയിലില്‍നിന്നു കുഞ്ഞിനെ വിട്ടയയ്ക്കാന്‍ അധികൃതര്‍ തയാറായത്. ഹിസാന ഉടന്‍തന്നെ ജയില്‍ മോചിതയാകുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കളും സുഹൃത്തുക്കളും. ഡോക്ടറുടെ കുറിപ്പ് ഉണ്ടെങ്കില്‍ പോലും മരുന്നുകളുമായി സൗദിയിലേക്ക് എത്തരുതെന്ന് മുന്നറിയിപ്പു നല്‍കാറുണ്ടെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.