റിയാദ്: ഫേയ്‌സ് ബുക്കിലുടെ അശ്ലീല ചിത്രങ്ങള്‍ അയച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായ യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു. ഫേസ്ബുക്കിലൂടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിയാദില്‍ ജോലി ചെയ്തിരുന്ന യുവാവിനെ ഒരു മാസം മുമ്പാണ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
താമസാനുമതി രേഖയുടെ (ഇഖാമ) നമ്പറിലെടുത്ത ഇന്റര്‍നെറ്റ് വൈഫൈ സൗകര്യം ഉപയോഗിച്ച് മറ്റാരോ ചെയ്ത പ്രവൃത്തിയാണു വിനയായത്. മലസ് ജയിലില്‍ നിന്നു തര്‍ഹീലിലേക്ക് (നാടുകടത്തല്‍ കേന്ദ്രം) മാറ്റാനുള്ള നീക്കത്തിനിടെ സംഭവമറിഞ്ഞ് സാമൂഹിക പ്രവര്‍ത്തകര്‍ സഹായമെത്തിക്കുകയായിരുന്നു. ഇവര്‍ സ്‌പോണ്‍സറുമായി ആശയവിനിമയം നടത്തിയാണ് മോചനം സാധ്യമാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടെന്നായിരുന്നു കുറ്റം.
ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത് ഇയാളുടെ ഫേസ്ബുക്ക് പേജിലായിരുന്നില്ല. വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ സ്വന്തം പേരിലായതാണു ജയിലിലെത്തിച്ചത്. ഇക്കാര്യങ്ങള്‍ കോടതിയില്‍ മലയാളം പരിഭാഷകന്റെ സഹായത്തോടെ തെളിയിക്കാനായതോടെയാണ് നിരപരാധിത്വം തെളിയിക്കാനായത്.സൗദിയില്‍ സാമൂഹിക മാദ്ധ്യമങ്ങളിലെ ചിത്രങ്ങളും വീഡിയോകളും നിരീക്ഷണത്തിലാണ്. തീവ്രവാദം, മതനിന്ദ, അശ്ലീലം തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും നടപടിയെടുക്കും