മലയാളി യുവാവിനെ ഹൈദരാബാദിലെ വീട്ടിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ സ്വദേശി അരുൺ പി ജോർജി(37)നെയാണ് സെക്കന്തരാബാദിനടുത്ത് രാംനഗറിലെ വീട്ടിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. തൊടുപുഴ പന്നൂർ പറനിലയം വീട്ടിൽ ജോർജിന്റെയും എൽസമ്മയുടെയും മകനായ അരുൺ പി ജോർജ് ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹൈദരാബാദ് ശാഖ മാനേജറാണ്. അരുണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വീട്ടിലെ കുളിമുറിയിൽ അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. അന്നേദിവസം ഉച്ചയ്ക്ക് നാട്ടിലേക്ക് തിരിക്കേണ്ടിയിരുന്ന അരുണിനെ നാട്ടിലുള്ള ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഹൈദരാബാദിലുള്ള അരുണിന്റെ സുഹൃത്തുക്കളെ വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. സെക്കന്തരാബാദിലെത്തിയ അരുണിന്റെ സുഹൃത്തുക്കൾ വീട്ട് പൂട്ടിയിട്ട നിലയിലാണ് കണ്ടത്. പിന്നീട് വീട്ടുടമയുടെ സഹായത്തോടെ പൂട്ട് പൊളിച്ച് അകത്തുകടന്നതോടെയാണ് കുളിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്നത് വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണെന്നാണ് പോലീസ് പറയുന്നത്. സ്ഥലത്തെ സിസിടിവിയിൽ നിന്നും വെള്ളിയാഴ്ച രാത്രി ഒരാൾ അരുണിന്റെ വീട്ടിലേക്ക് കയറിപ്പോകുന്നതും, ശനിയാഴ്ച പുലർച്ചെ ഇറങ്ങിവരുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.