മലകയറാതെ തടഞ്ഞത് 15 ലക്ഷം മിനറല്‍ ബോട്ടില്‍, 5 ലക്ഷം മറ്റ് പാനീയകുപ്പികള്‍; മലയാറ്റൂര്‍ തിരുനാളിന് ഗ്രീന്‍ പ്രോട്ടാക്കോള്‍ നടപ്പിലാക്കിയത് ഇങ്ങനെ

കേരളത്തില്‍വച്ച് നടന്ന നാഷണല്‍ ഗെയിംസില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ വളരെ വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് ആ വര്‍ഷത്തെ മലയാറ്റൂര്‍ തിരുനാളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കിയാലോ എന്ന് ചിന്തിച്ചത്. മലയാറ്റൂര്‍ വികാരിയും പള്ളിക്കമ്മിറ്റിക്കാരുമായോ അല്ലെങ്കില്‍ ആര്‍ച്ചുബിഷപ്പുമായോ ഈ ആശയം പങ്കുവച്ചാല്‍ വളരെ നിസാരമായി നടപ്പിലാക്കാന്‍പറ്റും എന്നുവിചാരിച്ചു പരിചയമുള്ള ഒരു വൈദീകനുമായി സംസാരിച്ചു. മലയാറ്റൂര്‍ തീര്‍ത്ഥാടനം വളരെ നാളത്തെ പ്ലാനിങ്ങോടുകൂടെ അനേകംപേരുടെ അധ്വാനമായതുകൊണ്ട് തലേആഴ്ച്ച പറഞ്ഞാല്‍ ശരിയാവില്ല, അടുത്തവര്‍ഷം നമുക്ക് ശ്രമിക്കാം എന്ന് അദ്ദേഹം പറഞ്ഞു.

Image may contain: outdoor

പിറ്റേവര്‍ഷം(2016) ഒരു വൈദീക സുഹൃത്തിനെയും കൂട്ടി മലയാറ്റൂര് ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കണമെന്ന ആവശ്യവുമായി സഭാ അധികാരികളെ കണ്ടു. നാഷണല്‍ ഗെയിംസ് കഥകള്‍ കേള്‍ക്കുമ്പോള്‍ വളരെ ഊഷ്മളമായ പ്രതികരണമായിരിക്കും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക എന്ന ധാരണയെ തെറ്റിച്ചുകൊണ്ട് ഇതൊന്നും പ്രായോഗികമല്ല, പിന്നെ മോനെ നീ ചെയ്യാന്‍ പറ്റുന്നതൊന്ന് ശ്രമിച്ചുനോക്കൂ എന്ന് പറഞ്ഞു ഞങ്ങളെ മടക്കി. ഇതേ ആവശ്യവുമായി മലയാറ്റൂര്‍ പള്ളി അധികാരികളെ കാണാന്‍ ഞങ്ങള്‍ ചെന്നപ്പോള്‍ (അപ്പോള്‍ അവിടെ തിരുന്നാള്‍ കമ്മിറ്റി മീറ്റിംഗ് കൂടാന്‍ തുടങ്ങുകയായിരുന്നു )ജോണച്ചന്‍ ഒഴികെ ആരും ഞങ്ങളോട് സംസാരിക്കാന്‍ പോലും താല്പര്യം കാണിച്ചില്ല. പക്ഷേ ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ Dr. വാസുകിയുടെ എഴുത്ത് സഭാ അധികാരികള്‍ക്കും ജില്ലാ ഭരണകൂടത്തിനും കിട്ടിക്കഴിഞ്ഞപ്പോള്‍ സംഗതി ആകെ മാറി, എല്ലാവരും G P നടപ്പിലാക്കണമെന്ന നിലയിലേക്കായി. (അധികാരികളില്‍ പലര്‍ക്കും ഗ്രീന്‍പ്രോട്ടോകോളിനോട് താല്‍പര്യമില്ലാതിരുന്നിട്ടുകൂടി ചൂണ്ടി ഭാരതമാതാ കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയിരുന്ന ബെന്നി മരംപറമ്പില്‍അച്ചന്റെ നേതൃത്ത്വത്തില്‍ BMC, St. ആല്‍ബെര്‍ട്‌സ്, St. പോള്‍സ്, ഗുരുകുലം മൈനര്‍ സെമിനാരി തുടങ്ങിയ കോളേജുകളിലെ കുട്ടികളും പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകരും ഇന്‍ഫോപാര്‍ക്കിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് അടിവാരം മുതല്‍ മലമുകളിലെ പള്ളിവരെയുള്ള എല്ലാ മാലിന്യങ്ങളും പെറുക്കി വൃത്തിയാക്കി , കുടിവെള്ള വിതരണ സംവിധാനങ്ങള്‍ അറ്റകുറ്റപണികള്‍ നടത്തി ഉപയോഗയോഗ്യമാക്കി ) പലതലങ്ങളില്‍ നിരവധി മീറ്റിംഗുകള്‍. പക്ഷേ ചില വൈദീകരും പള്ളിക്കമ്മറ്റിക്കാരും കുപ്പിവെള്ളക്കച്ചവടം ഒഴിവാക്കുന്നതിനെ എതിര്‍ത്തു. കാരണം അവരുടെ ഹൃദയം മലയാറ്റൂരുള്ള ജനങ്ങള്‍ക്കൊപ്പമല്ല, നഷ്ടപ്പെടുന്ന പണത്തിനൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ ഈ പരിപാടിക്ക് കഴിയാവുന്ന പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ റെക്ടര്‍ തേലക്കാട്ടച്ചന്റെയും കൈക്കാരന്‍ ജോണിച്ചേട്ടന്റെയും സഹായം ഉണ്ടായിരുന്നതുകൊണ്ട് ദുഖവെള്ളിയാഴ്ചയിലെ നേര്‍ച്ചക്കഞ്ഞി വിതരണം 80% ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രകാരം നടത്താന്‍ സാധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Image may contain: 6 people, people sitting

കഴിഞ്ഞവര്‍ഷം വീണ്ടും ഗ്രീന്‍പ്രോട്ടോക്കോള്‍ ആവശ്യം ഉന്നയിച്ചുകൊണ്ട് സഭാ അധികാരികളെയും ജില്ലാ ഭരണകൂടത്തെയും സമീപിച്ചു. കളക്ടറേറ്റില്‍ ബന്ധപ്പെട്ടവരുടെ ഒരു യോഗം കളക്ടര്‍ വിളിച്ചു ചേര്‍ത്തു. അതില്‍ ഒരു വൈദീകന്‍ പറഞ്ഞത് ഗ്രീപ്രോട്ടോക്കോളോന്നും നടക്കത്തില്ല ; കുപ്പിവെള്ളക്കച്ചവടം നിര്‍ത്താന്‍ പറ്റില്ല എന്നാണ്. പക്ഷേ റെക്ടറച്ചന്‍ 30ലക്ഷം രൂപ മുടക്കി അടിവാരം മുതല്‍ മുകളിലത്തെ പള്ളിവരെ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം സ്ഥാപിച്ചു. ജില്ലാകലക്ടര്‍ എല്ലാ ഡിസ്‌പോസബിള്‍സിന്റെയും ഉപയോഗം തീര്‍ത്ഥാടന സ്ഥലത്തു നിരോധിച്ചു ഉത്തരവ് ഇറക്കിയിരുന്നു. അതില്‍നിന്നും കുപ്പിവെള്ളത്തെ ഒഴിവാക്കിയിരുന്നു. പക്ഷേ ജല വിതരണ സംവിധാനം പൂര്‍ത്തിയായതോടുകൂടി കുപ്പിവെള്ളവും നിരോധിച്ചു. പക്ഷേ ഇതിനകംതന്നെ അനേകം ലോഡ് കുപ്പിവെള്ളം മലമുകളില്‍ എത്തിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം തന്നെ ആലഞ്ചേരിപിതാവുമായി സംസാരിക്കുകയും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് എല്ലാ പള്ളികളിലേക്കും സര്‍ക്കുലര്‍ അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നമുക്കെങ്ങനെ ഉത്തരവൊന്നും ഇറക്കാന്‍ പറ്റില്ല; പള്ളിയിലുള്ളവര്‍ എന്റെ ദാസന്മാരല്ലല്ലോ; പക്ഷേ നിങ്ങള്‍ക്ക് സിവില്‍ നിയമം നടപ്പിലാക്കാം; അത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്ന് പറഞ്ഞു. അനുവദിച്ച സമയപരിധികഴിഞ്ഞിട്ടും മലയില്‍ സൂക്ഷിച്ചിരുന്ന കുപ്പിവെള്ളം മുഴുവന്‍ പഞ്ചായത്ത് പിടിച്ചെടുത്ത് സീല്‍ ചെയ്തു. പ്രധാന ദിവസങ്ങളിലെല്ലാംതന്നെ 70% ത്തോളം ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കപ്പെട്ടു. അത് ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടലുകള്‍ മൂലമാണ്. കളക്ടര്‍ നിരോധനഉത്തരവിറക്കിയിരുന്നെങ്കിലും അത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതില്‍ അദ്ദേഹം താല്പര്യമെടുത്തില്ല. ഒരു സുഹൃത്തില്‍നിന്നും അറിയാന്‍കഴിഞ്ഞത് ഡിസ്‌പോസബിള്‍ ഉപയോഗവും മാലിന്യങ്ങള്‍ കാട്ടിലിട്ട് കത്തിക്കുന്ന കാര്യവും കളക്ടറെ അറിയിച്ചിരുന്നു എന്നാണ്. എന്നിരുന്നാല്‍തന്നെയും മുന്‍വര്‍ഷത്തെ അപേക്ഷിച്ചു നാം വളരെ മുന്നോട്ട് പോയി.

Image may contain: 3 people, people eating and food

2018 ആദ്യത്തില്‍ തന്നെ ജില്ലാ കലക്ടറിന് ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം കൊടുത്തു. മുന്‍വര്‍ഷത്തെ അനുഭവങ്ങളനുസരിച്ചു ഹൈക്കോടതിയില്‍ ഒരു ഹര്‍ജി കൊടുക്കാനുള്ള തയ്യാറെടുപ്പും തുടങ്ങി. ഇതിന് തേലക്കാട്ടച്ചന്റെ അനുഗ്രഹങ്ങളും ഉണ്ടായിരുന്നു. ചില സാങ്കേതികമായ തടസങ്ങള്‍ കാരണം ഹര്‍ജി സമര്‍പ്പിച്ചില്ല. ഈ വര്‍ഷവും കളക്ടര്‍ ഉത്തരവാദപ്പെട്ടവരുടെ മീറ്റിംഗ് വിളിച്ചു ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനെപ്പറ്റി ആലോചിച്ചു. കഴിഞ്ഞവര്‍ഷത്തേതുപോലെ ഈ വര്‍ഷവും ഡിസ്‌പോസബിള്‍ നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങി. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം വളരെ നിശ്ചയദാര്‍ഢ്യമുള്ള ആത്മാര്‍ത്ഥതയുള്ള ഒരു ഫോറെസ്‌റ് റേഞ്ചര്‍ ആണ് മലയാറ്റൂര്‍ ഉള്ളത്. വനഭൂമിയില്‍ യാതൊരു കച്ചവടവും അനുവദിക്കില്ല എന്ന് അവര്‍ പറഞ്ഞു. പക്ഷേ നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ നാലു കുടിവെള്ള സേവന കേന്ദ്രങ്ങള്‍ അനുവദിച്ചു. അങ്ങനെ അടിവാരം മുതല്‍ മുകളിലേക്ക് 100% ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ റേഞ്ചര്‍ മാഡം സഹായിച്ചു. ഇപ്പോള്‍ മലയാറ്റൂര്‍ മലയില്‍ ചെന്നാല്‍ അവിടെ കാടുണ്ടെന്നും മലയുണ്ടെന്നും തോന്നുമെന്ന് തീര്‍ത്ഥാടകര്‍ പറഞ്ഞു. ഇപ്പോള്‍ അടിവാരത്ത് അന്വേഷണ കൗണ്ടെറിനോട്‌ചേര്‍ന്ന് ഒരു താല്‍ക്കാലിക ഭക്ഷണ ശാല മാത്രമേയുള്ളൂ. അവിടെ പുനരുപയോഗം ചെയ്യാവുന്ന പാത്രങ്ങളിലാണ് ഭക്ഷണ-പാനീയങ്ങള്‍ നല്‍കുന്നത്. മുന്‍വര്‍ഷങ്ങളില്‍ മൂന്നിലധികം ഭക്ഷണശാലകള്‍ പ്രവര്‍ത്തിച്ചിരുന്നു. അടിവാരത്തിനും തടാകത്തിനും ഇടയില്‍ നിരവധി ഭക്ഷണ ശാലകളും മറ്റ് കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നു. ദുഖവെള്ളിയാഴ്ച്ച പഞ്ചായത്ത് അധികൃതര്‍ അവിടെ റെയ്ഡ് നടത്തി ഡിസ്‌പോസബിള്‍സ് പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.

Image may contain: one or more people, people standing and outdoor

ഒരു കടക്കാരനില്‍നിന്ന് കിട്ടിയ വിവരമനുസരിച്ച് 15ലക്ഷത്തോളം കുപ്പിവെള്ളകുപ്പികള്‍, 5ലക്ഷത്തിലധികം മറ്റ് പാനീയ കുപ്പികള്‍, 10-15ടണ്‍ ഡിസ്‌പോസബിള്‍ പ്ലേറ്റുകളും ഗ്ലാസുകളും, എന്നിവ ഈ വര്‍ഷം ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കിയതുമൂലം ഒഴിവാക്കാനായി. മുന്‍വര്‍ഷങ്ങളില്‍ ഇതില്‍ ഏറിയപങ്കും വനത്തില്‍ ഉപേക്ഷിക്കപെടുകയോ (വന്യ ജീവികള്‍ ഇത് തിന്ന് ചത്തുപോകാം ), വനത്തില്‍ കുഴിച്ചുമൂടപ്പെടുകയോ വനത്തിലിട്ടു കത്തിക്കപ്പെടുകയോ ആണ് ചെയ്തിരുന്നത്.

Image may contain: 3 people, people standing, tree, outdoor and nature

ഈ വര്‍ഷം ഇത്രമനോഹരമായി ഗ്രീന്‍പ്രോട്ടോക്കോള്‍ നടത്താന്‍ സഹായിച്ച റേഞ്ചര്‍ മാഡത്തിനും സഹപ്രവര്‍ത്തകര്‍ക്കും മരിക്കുന്നതിന് മുന്‍പ് ഇതിന് എല്ലാ സഹായങ്ങളും നല്‍കിയ തേലക്കാട്ടച്ചന്‍, ജോണച്ചന്‍, കൈക്കാരന്‍ ജോണിച്ചേട്ടന്‍, വോളന്റിയര്‍മാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍…..വിട്ടുപോയ എല്ലാവര്‍ക്കും നന്ദി.

പിന്നെ ഗ്രീന്‍പ്രോട്ടോക്കോളിന്റെ എല്ലാമെല്ലാമായ Manoj Cn, Vasuki Kuppu, Biju Parthan, Gopu Kesav

അടുത്ത വര്‍ഷം കൂടുതല്‍ ഭംഗിയാക്കുന്നതിനും നഷ്ടം സംഭവിച്ചവരെ ഗ്രീന്‍ ഇനിഷ്യേറ്റിവ്സില്‍ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കണമെന്നും ബന്ധപ്പെട്ടവരോട് അപേക്ഷിക്കുന്നു.

Top