കൊച്ചി: പുരുഷൻമാർക്ക് പ്രവേശനം അനുവദിക്കാത്ത ചില ക്ഷേത്രങ്ങളും നമ്മുടെ നാട്ടിലുണ്ട്. പുരുഷൻമാർ ഒരിക്കലും പ്രവേശിക്കുവാൻ പാടില്ലാത്ത ക്ഷേത്രം മുതൽ ഒരു പ്രത്യേക കാലയളവിൽ മാത്രം പ്രവേശനം നിഷേധിക്കപ്പെടുന്ന ക്ഷേത്രങ്ങളും രാജ്യത്തുണ്ട് . ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധിയിൽ കേരളത്തിലെ തർക്കം തുടർന്നു കൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പു വരുത്തുന്ന സമത്വം ആവശ്യപ്പെടുന്നവരും മറുവശത്ത് അത് ആചാരലംഘനമാണെന്ന വാദിക്കുന്നവരും ചേർന്നുള്ള തർക്കങ്ങൾക്ക് ഇനിയും ഒരറുതി വന്നിട്ടില്ല. എന്നാൽ സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും വിലക്കുണ്ട് എന്നുള്ളതാണ് സത്യം .ഇത്തരത്തിൽ പുരുഷൻമാർ വിലക്ക് നേരിടുന്ന കുറച്ച് ക്ഷേത്രങ്ങൾ പരിചയപ്പെടാം.
പുഷ്കർ ബ്രഹ്മ ക്ഷേത്രം ത്രിമൂർത്തികളിൽ ഒരാളായ ബ്രഹ്മാവിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് രാജസ്ഥാനിലെ പുഷ്കർ ബ്രഹ്മ ക്ഷേത്രം. പുഷ്കർ തടാകത്തിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ പുരുഷൻമാർ പ്രവേശിക്കാത്തതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ ബ്രഹ്മാവ് പുഷ്കർ നദിയിൽ ഒരു യാഗം നടത്തുകയായിരുന്നു. എന്നാൽ അതിൽ പങ്കെടുക്കേണ്ട അദ്ദേഹത്തിന്റെ പത്നിയായ സരസ്വതിക്ക് സമയത്ത് എത്താനായില്ല. അതിനു പകരം ബ്രഹ്മാവ് ഗായത്രി എന്ന ദേവതയെ വിവാഹം ചെയ്യുകയും യാഗത്തിൽ അവർ ബ്രഹ്മാവിന്റെ ഒപ്പമിരിക്കുകയും ചെയ്തു. അതുകണ്ടുവന്ന സരസ്വതി ശപിച്ചു. അങ്ങനെ ആ ശാപത്തെ ഭയന്നാണ് വിവാഹിതരായ പുരുഷൻമാർ ഇവിടെ പ്രവേശിക്കാത്തത്.
പുരുഷൻമാർ പ്രവേശിച്ചാൽ പുഷ്കറിലെ ബ്രഹ്മ ക്ഷേത്രത്തിൽ പുരുഷൻമാർ പ്രവേശിച്ചാൽ അവരുടെ വിവാഹ ജീവിതം തകരും എന്നാണ് വിശ്വാസം. ഇന്ത്യയിൽ ഏറ്റവും അധികം വിശ്വാസികൾ സന്ദർശിക്കുന്ന ബ്രഹ്മ ക്ഷേത്രം കൂടിയാണിത്. ഏകദേശം രണ്ടായിരം വർഷത്തെ പഴക്കം ഇതിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്,. ഇപ്പോഴുള്ള ക്ഷേത്രം 14-ാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത് എന്നാണ് കരുതുന്നത്.
ആറ്റുകാൽ ഭഗവതി ക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. ആറ്റുകാലമ്മ എന്ന പേരിൽ ഭദ്രകാളിയ ആരാധിക്കുന്ന ഈ ക്ഷേത്രം കരമനയാറിന്‍റെയും കിള്ളിയാറിന്റെയും തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ആറ്റുകാൽ പൊങ്കാല. എന്നാൽ പൊങ്കാലയിടുന്ന ദിവസം ഇവിടെ സ്ത്രീകൾക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. അന്നേ ദിവസം ഇവിടെ പുരുഷൻമാർക്ക് പ്രവേശനം അനുവദിക്കാറില്ല.
സ്ത്രീകളുടെ ശബരിമല സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാൽ ക്ഷേത്രം അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ചടങ്ങുകളിലൊന്നായ ഇതിന് ഗിന്നസ് റെക്കോർഡും സ്വന്തമായുണ്ട്. കുത്തിയോട്ടം, താലപ്പൊലി എന്നിവയാണ് ഇവിടുത്തെ മറ്റു പ്രധാന വഴിപാടുകൾ .
ചക്കുളത്ത് കാവ് ക്ഷേത്രം ആലപ്പുഴ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ചക്കുളത്ത് കാവ് ക്ഷേത്രം. ചക്കുളത്തമ്മ എന്ന പേരിൽ ആദിപരാശക്തിയെയാണ് ഇവിടെ ആരാധിക്കുന്നത്. ആറ്റുകാൽ ക്ഷേത്രത്തിലെ പോലെ തന്നെ ഇവിടെയും പൊങ്കാലയാണ് ഏറെ പ്രശസ്തം. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളിലാണ് ഇവിടുത്തെ കാർത്തിക പൊങ്കാല നടക്കുന്നത്. സ്ത്രീകളുടെ ശബരിമല എന്ന് ആ ക്ഷേത്രവും അറിയപ്പെടുന്നു. പമ്പയാറും മണിമലയാറും സംഗമിക്കുന്ന ഇടത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
നാരീപൂജയ്ക്ക് പുരുഷൻമാർ പുറത്ത് കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്മായി ധാരാളം പൂജകളും വഴിപാടുകളും ഒക്കെ നടക്കുന്ന ക്ഷേത്രമാണിത്. നാരീപൂജ, വിളിച്ചു ചൊല്ലിയുള്ള പ്രാർത്ഥന, ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയവ ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്. ദുർഗ്ഗാ സങ്കൽപ്പത്തിൽ സ്ത്രീകളെ പൂജിക്കുന്ന അനുഷ്ഠാനമാണിത്. നാരീപൂജ നടക്കുനന ദിവസങ്ങളിൽ ഇവിടെ സ്ത്രീകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കാറുള്ളൂ.
മാതാ ക്ഷേത്രം, മുസാഫർപൂർ ചില പ്രത്യേക സമയങ്ങളിൽ പൂജാരികൾക്ക് വരെ പ്രവേശനം അനുവദിക്കാത്ത ഒരു ക്ഷേത്രമാണ് ബീഹാറിലെ മുസാഫർപൂർ ക്ഷേത്രം. ആ സമയങ്ങളിൽ സ്ത്രീകൾക്കു മാത്രമാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്.
തൃംബകശ്വർ ക്ഷേത്രം,നാസിക് മഹാരാഷ്ട്രയിലെ നാസിക്കില്‍ സ്ഥിതി ചെയ്യുന്ന തൃംബകേശ്വര്‍ ക്ഷേത്രവും. ശിവന്റെ ജ്യോതിർലിംഗ സ്ഥാനങ്ങളിൽ ഒന്നാണ ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് രണ്ട് വർഷങ്ങൾക്കു മുൻപ് വരെ സ്ത്രീകൾക്ക് പ്രവേശനം ഇല്ലായിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതി സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നില്ല എങ്കിൽ പുരുഷൻമാരും പ്രവേശിക്കരുംത് എന്നു വിധിച്ചു. അങ്ങനെ അതിനു ശേഷം ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിലേക്ക് പുരുഷൻമാർക്കും പ്രവേശനം അനുവദിക്കാറില്ല.
കന്യാകുമാരി ക്ഷേത്രം കന്യകയായ ദേവിയെ ആരാധിക്കുന്ന കന്യാകുമാരി ക്ഷേത്രവും പുരുഷൻമാരെ പുറത്തു നിർത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ്. കുമാരി അമ്മൻ കോവിൽ എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ പാർവ്വതി ദേവിയുടെ അവതാരമായ കന്യാകുമാരി ദേവിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ശുചീന്ദ്രനാഥനായ ശിവനുമായുള്ള വിവാഹം നടക്കാത്തതിനാല്‍ കന്യകയായി ദേവി തുടരുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഇവിടെ വിവാഹിതരായ പുരുഷൻമാർ പ്രവേശിക്കാറില്ല.
വിവാഹം നടക്കാന്‍ കന്യാകുമാരി ദേവി കന്യാകുമാരി ദേവിയെ ദര്‍ശിച്ച് പ്രാര്‍ഥിച്ചാല്‍ ഉടന്‍ കല്യാണം നടക്കുമെന്നും വിവാഹിതര്‍ക്ക് ഉത്തമ ദാമ്പത്യം സാധ്യമാകുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ഇവിടെ ഒരിക്കെലങ്കിലും പ്രാര്‍ഥിച്ചവര്‍ക്ക് ദേവിയുടെ അനുഗ്രഹത്തിന്റെ കഥകള്‍ ഒന്നെങ്കിലും പറയാനുണ്ടാകും. തിരുവള്ളുവര്‍ പ്രതിമയും വിവേകാനന്ദപ്പാറയും വരുന്നതിനു മുന്‍പുള്ള കന്യാകുമാരി.
കാമാഖ്യ ദേവി ക്ഷേത്രം ആർത്തവത്തിന്റെ നാളുകളിൽ സ്ത്രീകളെ അകറ്റി നിർത്തുന്ന ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ആർത്തവം ആഘോഷിക്കുന്ന കാമാഖ്യ ദേവി ക്ഷേത്രം. ആസാമിലെ ഗുവാഹത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം യോനിയെ ആരാധിക്കുന്ന ക്ഷേത്രം കൂടിയാണ്. യോനിയെ ആരാധിക്കുന്ന ഇവിടെ ദേവി രജസ്വലയാകുന്നു എന്ന വി ശ്വാസവുമുണ്ട്. വർഷത്തിൽ മൂന്നു ദിവസങ്ങളാണത്രെ ഇവിടെ ദേവി രജസ്വലയാവുന്നത്. ആ ദിവസങ്ങളിൽ ഇവിടെ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. ചില പ്രത്യേക ദിവസങ്ങളിൽ ഇവിടെ സ്ത്രീകൾക്കു മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ആ സമയത്തെ പൂജകൾക്കുള്ള അവകാശവും സ്ത്രീകൾക്കു തന്നെയാണ്.