ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ പുരുഷന്മാരുടെ ലൈംഗികശേഷിക്കുറവിനുള്ള ചികിത്സാരീതികളില്‍ വിപ്ളവകരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായി. അടുത്തകാലത്ത് നടത്തിയ ഒരു സര്‍വേയില്‍ കണ്ടത് 18 നും 59നും ഇടയ്ക്കുള്ള പുരുഷന്മാരില്‍ 31; 43 ശതമാനം പേര്‍ക്ക് ലൈംഗിക ശേഷിക്കുറവ് ഉണ്ടെന്നാണ്. ഈ സ്ഥിതിവിവരക്കണക്ക് കാണിക്കുന്നത് ലൈംഗികശേഷിക്കുറവ് ഉള്ളവരുടെ എണ്ണം കാന്‍സര്‍, ഹൃദ്‌രോഗം മുതലായവ ഉള്ളവരെക്കാള്‍ കൂടുതലാണ് എന്നതാണ്.
ലൈംഗിക ശേഷിക്കുറവിന് പല കാരണങ്ങളുണ്ട്. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് ഒരു പ്രധാനപ്പെട്ട കാരണമാണ്. പ്രമേഹം, അമിതമായ കൊളസ്ട്രോള്‍ , അതിറോസ്‌ക്ളീറോസിസ്, രക്തസമ്മര്‍ദ്ദം, അപകടം മൂലം രക്തധമനികള്‍ക്ക് തടസം നേരിട്ടവര്‍ മുതലായവരില്‍ ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതുമൂലം ലൈംഗികശേഷിക്കുറവ് ഉണ്ടാകുന്നു. ലിംഗത്തിലെ കാവര്‍നോണസയില്‍ നിന്ന് അശുദ്ധ രക്തക്കുഴലിലെ രക്തം വെളിയിലേക്ക് ലീക്ക് ചെയ്യുന്നത് ലൈംഗികശേഷിക്കുറവിന് കാരണമാകുന്നു. പ്രമേഹം, ലിംഗത്തിന് ഒടിവ് സംഭവിച്ച ആള്‍ക്കാര്‍ മുതലായവര്‍ക്ക് ലൈംഗികശേഷിക്കുറവ് ഉണ്ടാകുന്നു. ലിംഗത്തിന്റെ നാഡീവ്യൂഹത്തിന് തകരാറുള്ളവര്‍ക്ക് ഉദാഹരണത്തിന് പ്രമേഹം, നട്ടെല്ലിന് പരിക്ക് പറ്റിയവര്‍, റാഡിക്കല്‍ പ്രോസ്റ്റാറൈറ്റക്ടമി ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ മുതലായവര്‍ ലൈംഗികശേഷിക്കുറവ് ഉണ്ടാകുന്നു. മാനസിക പ്രശ്നങ്ങള്‍ ലൈംഗിക ശേഷിക്കുറവിന് മറ്റൊരു കാരണമാണ്. വിഷാദരോഗം, മറ്റ് മാനസിക രോഗങ്ങള്‍ മുതലായവ ലൈംഗികശേഷിക്കുറവിന് കാരണമാകുന്നു.
പ്രമേഹരോഗികള്‍ക്ക് സാധാരണക്കാരേക്കാള്‍ ലൈംഗിക ശേഷിക്കുറവിനുള്ള സാദ്ധ്യത 3- 4 ഇരട്ടിയാണ്. മേല്‍പ്പറഞ്ഞ കാരണങ്ങളോടൊപ്പം പുരുഷ ഹോര്‍മോണ്‍ കുറയുന്നത് ഇത്തരക്കാരില്‍ ലൈംഗിക ശേഷിക്കുറവിന് കാരണമാകുന്നു. പ്രമേഹമുള്ളവരില്‍ ലിംഗത്തിലെ കാവര്‍ണോസയുടെ മാംസപേശികള്‍ ശോഷിച്ച് ബലഹീനമാകുന്നത് ലൈംഗികശേഷിക്കുറവിന് മറ്റൊരു കാരണമാണ്.ലൈംഗിക ശേഷിക്കുറവുള്ള വ്യക്തിക്ക് അനുബന്ധ ഹൃദ് രോഗത്തിനുള്ള സാദ്ധ്യത 14 ഇരട്ടിയാണ്. അതിനാല്‍ ലൈംഗികശേഷിക്കുറവിനെ ഹൃദ് രോഗത്തിന്റെ ഒരു ചൂണ്ടുപലകയായി കണക്കാക്കാം.
വിവിധങ്ങളായമരുന്നുകള്‍ ലൈംഗികശേഷിക്കുറവ് ഉണ്ടാക്കുന്നു. രക്തസമ്മര്‍ദ്ദത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍, കീമോതെറാപ്പി, മാനസിക പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകള്‍, അള്‍സറിന് ഉപയോഗിക്കുന്ന ചില മരുന്നുകള്‍ മുതലായവ ലൈംഗികശേഷിക്കുറവ് ഉണ്ടാക്കും. എന്‍ഡോക്രൈന്‍ ഗ്രന്ഥികളുടെ അസുഖങ്ങളായ ഹൈപോ തൈറോയിഡിസം, ഹൈപോഗൊണാഡിസം മുതലായവയും ലൈംഗിക ശേഷിക്കുറവ് ഉണ്ടാക്കുന്നു.ലൈംഗികപ്രക്രിയയെപ്പറ്റിയുള്ള അശാസ്ത്രീയമായ വിവരങ്ങള്‍, അജ്ഞത മുതലായവ മൂലവും ലൈംഗികശേഷിക്കുറവ് ഉണ്ടാകാം.ലൈംഗിക ശേഷിക്കുറവിനുള്ള കാരണങ്ങള്‍ വ്യക്തമായി മനസിലാക്കുന്നത് വിജയകരമായ ചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്.
ഡോ. എന്‍. ഗോപകുമാര്‍