വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കീര്‍ നായികിന്‍റെ പ്രസംഗങ്ങള്‍ക്ക് മലേഷ്യയില്‍ വിലക്ക്. മലേഷ്യന്‍ സര്‍ക്കാരിന്‍റേതാണ് തീരുമാനം. മലേഷ്യയിലെ ഹിന്ദുക്കള്‍ക്കെതിരെ സാക്കീര്‍ നായിക് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പത്ത് മണിക്കൂറിലേറെ നേരം ഈ വിഷയത്തില്‍ സാക്കീര്‍ നായികിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് ഗവണ്‍മെന്‍റിന്‍റെ തീരുമാനം വന്നത്. മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് മലേഷ്യന്‍ പ്രധാനമന്ത്രിയേക്കാള്‍ വിശ്വാസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആണെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കുള്ളതിനേക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഉള്ളതെന്നുമായിരുന്നു നായികിന്‍റെ വിവാദ പ്രസ്താവന.
മലേഷ്യന്‍ പ്രധാനമന്ത്രി മഹാദിര്‍ മുഹമ്മദും മാനവവിഭവ ശേഷി മന്ത്രി എം കുലശേഖരനും സാക്കിറിന്‍റെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. നായിക് വംശീയ രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു മഹാദിര്‍ മുഹമ്മദിന്‍റെ പ്രതികരണം. മതപ്രസംഗം നടത്താനുള്ള അവകാശം സാക്കിറിന് ഉണ്ട്. എന്നാല്‍ വംശീയ വികാരങ്ങളെ ആളിക്കത്തിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും മഹാദിര്‍ മുഹമ്മദ് പറഞ്ഞു. രാജ്യസുരക്ഷയുടെ ഭാഗമായിട്ടാണ് സാക്കിര്‍ നായികിന്‍റെ പ്രസംഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മലേഷ്യന്‍ പോലീസ് കമ്മ്യൂണിക്കേഷന്‍ മേധാവിയും പറഞ്ഞു.