മാലി : പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയിലെ അമേരിക്കന്‍ ആഡംബര ഹോട്ടലില്‍ 170
പേരെ ബന്ദികളാക്കി ഭീകരാക്രമണത്തില്‍ 27 പേര് കൊല്ലപ്പെട്ടു . ആറുമണിക്കൂറിനുശേഷം രണ്ടു ഭീകരരെയും വധിച്ച് ബന്ദികളെ സുരക്ഷാസേന മോചിപ്പിച്ചു. 27 മൃതദേഹങ്ങള്‍ ഹോട്ടലിനകത്തു കണ്ടെത്തിയതായി യുഎന്‍ സേന അറിയിച്ചു. ബന്ദികളായിരുന്ന 20 ഇന്ത്യക്കാരെയും സുരക്ഷിതമായി മോചിപ്പിച്ചെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
തലസ്ഥാന നഗരമായ ബമാകോയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഇന്നലെ രാവിലെ ഏഴോടെയാണു ഭീകരാക്രമണമുണ്ടായത്. ഹോട്ടലില്‍ 190 മുറികളാണുള്ളത്. രാവിലെ ഏഴോടെ (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30) ആക്രമണം നടക്കുമ്പോള്‍ ഹോട്ടലില്‍ ആകെ 170 അതിഥികളും 13 ജീവനക്കാരുമുണ്ടായിരുന്നു. കാറിലാണു രണ്ടു ഭീകരരും എത്തിയത്. മുഖം മറച്ചിരുന്നു. ഹോട്ടല്‍ കവാടത്തില്‍ കാവല്ക്കാര് ഇവരെ തടഞ്ഞതോടെ വെടിവയ്പു
തുടങ്ങി. ബന്ദികളെ മോചിപ്പിക്കാനായി ഹോട്ടലിലേക്ക് ഇരച്ചുകയറിയ മാലിസേനയ്ക്കു സഹായവുമായി യുഎന്‍ സമാധാനസേനയും ഫ്രഞ്ച് പ്രത്യേക സേനയും ബമാകോയിലെത്തിയിരുന്നു.
ആറുമണിക്കൂര്‍ നീണ്ട സൈനികനടപടിക്കൊടുവിലാണു ഭീകരരെ വധിച്ചത്. ഹോട്ടലിലെ വിവിധ നിലകളില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം.
കഴിഞ്ഞ ഓഗസ്റ്റില്‍ മധ്യ മാലിയിലെ സെവേര്‍ പട്ടണത്തിലെ ഹോട്ടലില്‍ ഭീകരര്‍ ബന്ദികളാക്കിയ യുഎന്‍ ജീവനക്കാര്‍ അടക്കം 13 പേര് കൊല്ലപ്പെട്ടിരുന്നു. ആഭ്യന്തരകലാപം രൂക്ഷമായ മാലിയുടെ വടക്കന്മേഖലയില് പിടിമുറുക്കിയ അല്‍ഖായിദ പിന്തുണയുള്ള വിമതര്‍ 2013 ജനുവരിയില്‍ തലസ്ഥാന നഗരമായ ബമാകോ പിടിച്ചെടുക്കാന്‍ സായുധമുന്നേറ്റം നടത്തിയിരുന്നു.
ഫ്രഞ്ച് പട്ടാളമിറങ്ങിയാണു വിമതരെ തുരത്തിയത്. ഫ്രാന്‍സിന്റെ കോളനിയായിരുന്നു മാലി.
വിമതരുമായി സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ചിരുന്നുവെങ്കിലും ഈ വര്‍ഷം ഇതു രണ്ടാം തവണയാണു ഭീകരാക്രമണം.മാലിയിലെ തീവ്രവാദി സംഘടനയായ അന്‍സാറുദീന്‍ നേതാവ് ഇയാദ് ഖാലി ഫ്രാന്‍സിനെതിരെ ആക്രമണം നടത്താന്‍ കഴിഞ്ഞ ദിവസം ആഹ്വാനം നടത്തിയിരുന്നു.2013ല്‍ ബമാകോയിലെ വിമത മുന്നേറ്റത്തില്‍ അന്സാറുദീനുമുണ്ടായിരുന്നു. ഹോട്ടലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ ദുബായ് ആസ്ഥാനമായ കമ്പനിയുടെ ജീവനക്കാരാണ്