ഹോളിവുഡ് ഗ്ളാമര്‍ഗേള്‍ കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ട അപ്പാര്‍ട്ട് മെന്റിന് തൊട്ടടുത്ത അപ്പാര്‍ട്ട് മെന്റില്‍ ബോളിവുഡ് താരം മല്ലികാ ഷെരാവത്തിന് നേരെയും ആക്രമണം. മോഷണ ശ്രമമാണ് അക്രമികളുടെ ലക്ഷ്യമമെന്നാണ് പോലീസ് പറയുന്നത്. നേരത്തെ കര്‍ദാഷിയാനും ഇതേ രീതിയിലാണ് കൊള്ളയടിക്കപ്പെട്ടത്.
ഫ്രാന്‍സ് പാരീസിലെ മല്ലികയും കാമുകനും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ മാസ്‌ക്ക് ധരിച്ച മൂന്ന് പേര്‍ കടന്നുകയറി താരത്തിന് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തോക്കിന്‍ മുനയില്‍ നിര്‍ത്തി വിലപ്പെട്ട വസ്തുക്കള്‍ കവര്‍ന്ന കിം കര്‍ദാഷിയാന് നേരെ ആക്രമണം നടന്ന സംഭവം ഒരു മാസം പിന്നിടും മുമ്പാണ് സമാന രീതിയില്‍ മറ്റൊരു സെലിബ്രിട്ടിക്ക് നേരെ പാരീസില്‍ ആക്രമണം നടക്കുന്നത്. ഇതേ തുടര്‍ന്ന് പാരീസ് നഗരം ഒട്ടും സുരക്ഷിതമല്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. രാത്രി 9.30 യോടെ ഫ്രഞ്ച് ബിസിനസ് പങ്കാളിയും കാമുകനുമായ സിറില്‍ ഓക്സന്‍ഫാന്‍സിനുമൊപ്പം കെട്ടിടത്തിലേക്ക് വരുമ്പോള്‍ ആയിരുന്നു സംഭവം. മുഖം പൂര്‍ണ്ണമായി മൂടിയ മൂന്ന് പേര്‍ പെട്ടെന്ന് എത്തുകയും ഒരു വാക്ക് പോലും പറയാത് ഇരകളുടെ മുഖത്തേക്ക് ഗ്യാസ് പ്രയോഗിച്ച ശേഷം മര്‍ദ്ദിക്കുകയായിരുന്നു. അതിന് ശേഷം അവര്‍ ഓടിപ്പോവുകയും ചെയ്തു.
ഞെട്ടിപ്പോയ മല്ലികയും കാമുകനും പെട്ടെന്ന് തന്നെ പോലീസിനെ വിളിച്ചു. മോഷണ ശ്രമം തന്നെയാണ് ഇതെന്നാണ് ഡിറ്റക്ടീവുകള്‍ കരുതുന്നത്. അതേസമയം വീട്ടില്‍ നിന്നും വിലപ്പെട്ട വസ്തുക്കള്‍ ഒന്നുംതന്നെ നഷ്ടമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് കാരനാണ് 40 കാരി മല്ലികയുടെ 45 കാരനായ കാമുകന്‍ ഓക്സന്‍ഫാന്‍സ്. ഇയാളുടേതാണ് ഫ്ളാറ്റ്. മല്ലികയും ഓക്സന്‍ഫാന്‍സും തമ്മില്‍ പ്രണയത്തിലായിട്ട് ഏറെ കാലമായി. ഇടയ്ക്കിടെ ഇയാള്‍ മല്ലികയെ കാണാന്‍ മുംബൈയില്‍ എത്താറുണ്ട്. ബോളിവുഡില്‍ 20 ചിത്രങ്ങളോളം ചെയ്ത താരം ഇപ്പോള്‍ ഹോളിവുഡ് സിനിമകളിലും വിദേശ ടെലിവിഷന്‍ പരിപാടികളിലുമാണ് ശ്രദ്ധ വെച്ചിരിക്കുന്നത്.
ഒക്ടോബര്‍ 3 നായിരുന്നു പാരീസിലെ അപ്പാര്‍ട്ട്മെന്റില്‍ കിം കര്‍ദാഷിയാനും ആക്രമണത്തിന് ഇരയായത്. ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം താരത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ദശലക്ഷക്കണക്കിന് ഡോളര്‍ വില വരുന്ന വസ്തുക്കള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് താരം പെട്ടെന്ന് തന്നെ പാരീസ് വിടുകയും അമേരിക്കയിലേക്ക് തിരിച്ചു പോവുകയും ചെയ്തു. തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ സെലിബ്രിട്ടികള്‍ക്ക് നേരെ ഉണ്ടാകുന്ന പതിവ് ആക്രമണങ്ങളും ഫ്രാന്‍സിന്റെ സുരക്ഷിതത്വത്തെ അന്താരാഷ്ട്ര തലത്തില്‍ സംശയിക്കപ്പെടുന്ന സ്ഥിതിയിലേക്ക് മാറ്റിയിരിക്കുകയാണ്.