ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചവര്‍ ആര്?

എന്തും വെട്ടിത്തുറന്ന് പറയുകയും പ്രതികരിക്കുകയും ചെയ്യുന്നവരാണ് വിമര്‍ശനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നതും അമ്മയുടെ ശത്രുപക്ഷത്ത് എത്തുന്നതും. തിലകന് പുറമെ നടന്‍ സുകുമാരനും അമ്മയുടെ വിലക്കുകളെ നേരിട്ടിട്ടുണ്ട്. പ്രതികരിക്കാന്‍ ശീലിച്ച തന്റെ ഭര്‍ത്താവിന് മാത്രമല്ല, മക്കള്‍ക്കും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് നടി മല്ലിക സുകുമാരന്‍ പറയുന്നു. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് താരപത്‌നി തുറന്നടിച്ചത്. ചാലക്കുടിയില്‍ വച്ച് നടന്ന പൂജ ചടങ്ങില്‍ അമ്മയിലെ വിലക്കിനെ കുറിച്ചും തന്റെ ഭര്‍ത്താവും മക്കളും നേരിട്ട വിലക്കിനെ കുറിച്ചും മല്ലിക സംസാരിച്ചു. എന്റെ ഭര്‍ത്താവിനെ സിനിമയില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചവര്‍ മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും സിനിമയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മല്ലിക സുകുമാരന്‍ ആരോപിയ്ക്കുന്നു. സുകുമാരനും പൃഥ്വിരാജും അമ്മയുടെ വിലക്കിന് ഇരയായിട്ടുണ്ട്. എന്നാല്‍ തന്റെ മക്കളെ ആ അവസ്ഥയില്‍ നിന്ന് രക്ഷിച്ചത് സംവിധായകന്‍ വിനയനാണെന്ന് മല്ലിക പറയുന്നു. വിലക്കുകളൊന്നും കൂസലാക്കാത്ത സംവിധായകനാണ് വിനയന്‍. അമ്മയുടെ വിലക്കില്‍ നിന്ന് ഈ അടുത്താണ് വിനയന്‍ മോചിതനായത്. വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലെ വില്ലന്‍ വേഷത്തിലൂടെയാണ് ഇന്ദ്രജിത്ത് സിനിമയില്‍ അരങ്ങേറിയത്. കാവ്യാ മാധവനും ജയസൂര്യയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. വിനയന്‍ ചിത്രങ്ങളിലൂടെ പൃഥ്വിക്ക് ലഭിച്ച പ്രശസ്തി നിസ്സാരമല്ല. തുടരെത്തുടരെയുള്ള ചിത്രങ്ങളില്‍ താരത്തെയാണ് വിനയന്‍ നായകനാക്കിയത്. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന സിനിമയിലൂടെയാണ് ഈ കൂട്ടുകെട്ട് ആദ്യമായി ഒരുമിച്ചത്. പിന്നീട് സത്യം, വെള്ളിനക്ഷത്രം, അത്ഭുത ദ്വീപ്, അര്‍പ്പുത ദീവ് (തമിഴ് ) എന്നീ ചിത്രങ്ങളിലും ഇവര്‍ ഒരുമിച്ചു.

Top