ന്യൂഡല്‍ഹി: ഞാന്‍ ഒരിടത്തേക്കും ഒളിച്ചോടിയിട്ടില്ലെന്നു മദ്യരാജാവ് വിജയ് മല്യ. തനിക്കെതിരായ മാദ്ധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും മല്യ ട്വീറ്റ് ചെയ്തു.
സ്ഥിരമായി വിദേശയാത്ര നടത്തുന്ന വ്യക്തിയാണു താന്‍. ഇപ്പോഴത്തെ യാത്രയും അത്തരത്തിലൊന്നാണ്. ഇന്ത്യന്‍ ഭരണഘടനയെയും നിയമത്തെയും പൂര്‍ണമായി ബഹുമാനിക്കുന്നയാളാണു താനെന്നും വിചാരണ നേരിടാന്‍ തയ്യാറാണെന്നും മല്യ പറഞ്ഞു.
ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത വന്‍തുക തിരിച്ചടയ്ക്കാതെ മല്യ രാജ്യം വിട്ടുവെന്ന വാര്‍ത്തയെത്തുടര്‍ന്നായിരുന്നു മല്യയുടെ പ്രതികരണം. ലോകം മുഴുവന്‍ സഞ്ചരിക്കുന്ന വ്യവസായിയാണ് താന്‍. ഇന്ത്യയില്‍നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പതിവായി സഞ്ചരിക്കാറുണ്ട്. എന്നാല്‍, ഒളിച്ചോടിയെന്ന ആരോപണം അസംബന്ധമാണെന്നാണു മല്യയുടെ വാദം.
നിയമവ്യവസ്ഥയെ ആദരിക്കുന്ന പാര്‍ലമെന്റ് അംഗമാണ് താന്‍. എന്നാല്‍, മാദ്ധ്യമ വിചാരണയ്ക്ക് വഴങ്ങില്ല. മുന്‍കാലങ്ങളില്‍ തന്റെ സഹായം സ്വീകരിച്ചിട്ടുള്ളവരാണ് മാദ്ധ്യമങ്ങള്‍. അവയ്‌ക്കെല്ലാം തെളിവുണ്ടെന്നും മല്യ പറഞ്ഞു.
ബാങ്കുകള്‍ക്ക് 9000 കോടിരൂപയാണു വായ്പയായി മല്യ നല്‍കാനുള്ളത്. രാജ്യംവിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് 17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അപ്പോഴേക്കും മല്യ രാജ്യം വിട്ടു. മല്യ ഇന്ത്യയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. സംഭവം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി.
ലണ്ടനിലെ ആഡംബര വസതിയിലാണിപ്പോള്‍ മല്യയെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2015 നവംബര്‍ 30 ലെ കണക്കുപ്രകാരം മല്യ 9091.40 കോടി ബാങ്കുകള്‍ക്കു നല്‍കാനുണ്ട്. 20042007 കാലയളവിലാണ് വായ്പ വിതരണം നടത്തിയത്. 2009 ല്‍ ഇതു കിട്ടാക്കടമായി മാറുകയായിരുന്നു.