സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായി മുങ്ങിയ മദ്യരാജാവ് വിജയ് മല്യക്ക് കാണികളുടെ പരിഹാസം.ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം കാണാനെത്തിയ വിജയ് മല്ല്യയെ ഇന്ത്യന്‍ ആരാധകര്‍ എതിരേറ്റത് കൂക്കുവിളിയോടെയാണ്. ഓവല്‍ ഗ്രൗണ്ടിലെത്തിയ മല്ല്യ നടന്നുനീങ്ങുന്നത് കണ്ടതോടെ ആരാധകര്‍ ‘കള്ളന് കള്ളന്’ എന്നും ‘ദാ പോകുന്നു കള്ളന്’ എന്നും ആര്‍ത്തുവിളിച്ചു.
ഇന്ത്യ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചിരിക്കുന്ന മല്യ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ കാണാന്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം മല്യ വിരുന്നില്‍ പങ്കെടുത്തതും വിവാദമായി. മുന്‍പ് ഇന്ത്യയുടെ മത്സരം കാണാനെത്തിയപ്പോഴൊന്നും പ്രതികരിക്കാതിരുന്നു ഇന്ത്യന്‍ കാണികള്‍ പക്ഷേ ഇന്നലെ വെറുതേ ഇരുന്നില്ല.
എ്ന്നാല്‍ പരിഹാസങ്ങളൊന്നും വകവെക്കുന്നതായി പ്രകടിപ്പിക്കാതെയാണ് മദ്യരാജാവ് വിഐപി ബോക്സിലേക്ക് കയറിപ്പോയത്.ചിലര്‍ അടുത്തെത്തി സെല്‍ഫി എടുക്കുകയും ചെയ്തു. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മല്യയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.ഇന്ത്യയുടെ എല്ലാ മത്സരങ്ങളും കാണാനെത്തുമെന്ന് മല്ല്യ മാധ്യമങ്ങളെ വെല്ലുവിളിച്ചിരുന്നു.