കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്ജിക്ക് അടിതെറ്റുന്നു .കടുത്ത പ്രതിസന്ധിയിലൂടെയാണ് തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമത ബാനര്‍ജിയും കടന്ന് പോകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൃണമൂലില്‍ നേതാക്കളുടെ കൂട്ട രാജി തുടരുകയാണ്. ഏറ്റവും ഒടുവിലായി കാന്തി ഉത്തര്‍ മണ്ഡലത്തിലെ എംഎല്‍എയായ ബനാശ്രീ മൈറ്റിയും രാജി സമര്‍പ്പിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുകയാണെന്നും ഇതോടൊപ്പം തന്നെ ഏല്‍പ്പിച്ച എല്ലാ പദവികളില്‍ നിന്നും കര്‍ത്തവ്യങ്ങളില്‍ നിന്നും ഒഴിയുകയാണെന്നും ബനാശ്രീ മമതയ്ക്ക് നല്‍കിയ രാജിക്കത്തില്‍ വ്യക്തമാക്കി. സുവേന്ദു അധികാരിയാണ് തന്നെ രാഷ്ട്രീയത്തിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. അദ്ദേഹമില്ലാത്ത പാര്‍ട്ടിയില്‍ താനും ഉണ്ടാകില്ല. സുവേന്ദു അധികാരിയുടെ തീരുമാനം എന്താണോ അതാണ് തന്റെയും തീരുമാനമെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ബനാശ്രീ പറഞ്ഞു.
മെദിനിപ്പൂര്‍ പുര്‍ബ ജില്ലയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായിരുന്ന ബനാശ്രീ രണ്ട് തവണ എംഎല്‍എയായിട്ടുണ്ട്. 2011ലും 2016ലും കാന്തി ഉത്തറില്‍ വിജയിച്ച ബനാശ്രീ അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിടെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഏഴാമത്തെ തൃണമൂല്‍ നേതാവാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നത്.