
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തി. രാജ്ഭവനിലായിരുന്നു ചര്‍ച്ച. പൗരത്വ ഭേദഗതി നിയമം, എന്‍ആര്‍സി എന്നീ കാര്യങ്ങളില്‍ പുനരാലോചന നടത്തണമെന്ന് മമത ആവശ്യപ്പെട്ടു. മോദി എത്തുന്നതിനോട് അനുബന്ധിച്ച് ബംഗാളില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് മോദിയുടെ സന്ദര്‍ശനം.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
ശനി, ഞായര്‍ ദിവസങ്ങളില്‍ മോദി കൊല്‍ക്കത്തയില്‍ ഉണ്ടാകും.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.രണ്ടുപരിപാടികളില്‍ പ്രധാമന്ത്രിക്കൊപ്പം മമത ബാനര്‍ജി വേദി പങ്കിടും.പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടക്കം മുതല്‍ കര്‍ശന നിലപാടെടുത്ത നേതാക്കളില്‍ ഒരാളാണ് മമതാ ബാനര്‍ജി. ഒരു കാരണവശാലും പശ്ചിമ ബംഗാളില്‍ പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്നും മമത വ്യക്തമാക്കിയിരുന്നു.
എന്‍പിആര്‍, എന്‍ആര്‍സി, സിഎഎ എന്നീ കാര്യങ്ങളില്‍ പുനരാലോചന നടത്തണമെന്ന് മോദിയോട് ആവശ്യപ്പെട്ടുവെന്ന് മമത ബാനര്‍ജി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ മമതയെ മോദി ദില്ലിയിലേക്ക് ക്ഷണിച്ചു. ബംഗാളില്‍ എത്തിയത് മറ്റു ചില പരിപാടികള്‍ക്ക് വേണ്ടിയാണെന്നും മോദി പറഞ്ഞു. സുപ്രധാന രാഷ്ട്രീയ കൂടിക്കാഴ്ചകളാണ് നടന്നതെന്ന് മോദി ട്വിറ്ററില്‍ പറഞ്ഞു. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം ബംഗാളിന് 28 കോടി രൂപ നല്‍കാനുള്ള കാര്യവും മമത മോദിയെ ഉണര്‍ത്തി. ബുള്‍ബുള്‍ ചുഴലിക്കാറ്റിന്റെ കെടുതിയുടെ പശ്ചാത്തലത്തില്‍ ഏഴ് കോടി രൂപ നല്‍കേണ്ടതുണ്ടെന്നും മമത പറഞ്ഞു.
കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ മോദിയെ ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍, മുന്‍സിപ്പല്‍ കാര്യമന്ത്രി ഫിര്‍ഹാദ് ഹക്കീം, ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്, മറ്റു ബിജെപി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. വിമാനത്താവളത്തിന് പുറത്ത് വിവിധ രാഷ്ട്രീയ കക്ഷികളുടെയും പൗരാവലിയുടേയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു. ഞയാറാഴ്ച വൈകീട്ടാണ് മോദി ദില്ലിയിലേക്ക് തിരിക്കുക. കൊല്‍ക്കത്ത തുറമുഖ ട്രസ്റ്റിന്റെ 150ാം വാര്‍ഷികമുള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി ബംഗാളിലെത്തിയത്. മോദിയും മമതയും രണ്ടു ചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുക്കുമെന്നാണ് കരുതുന്നത്. മോദിയുടെ സന്ദര്‍ശനത്തിനിടെ വന്‍ പ്രതിഷേധമാണ് ബംഗാളിലെ എല്ലാ ജില്ലകളിലും നടക്കുന്നത്.