ബോളിവുഡ് നടി കജോളിന്റെ ബീഫിനെക്കുറിച്ചുളള വീഡിയോ വിവാദം ഏറ്റെടുത്തും പിന്തുണച്ചും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്ത് തരത്തിലുളള മാംസമാണ് കജോള്‍ കഴിച്ചതെന്ന് പേടികൂടാതെ വ്യക്തമാക്കണം. അപകടകരമായ അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് ചിലര്‍ തീരുമാനിക്കുകയാണ്. ചിലര്‍ അസഹിഷ്ണുതയുടെ അന്തരീക്ഷമുണ്ടാക്കുകയാണെന്നും നോര്‍ത്ത് ദിനാജ്പൂരില്‍ നടന്ന യോഗത്തില്‍ മമത ബാനര്‍ജി വ്യക്തമാക്കി.തനിക്ക് ആ നടിയുടെ പേര് അറിയില്ല പക്ഷേ ഷാരൂഖ് ഖാനുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളളതാണെന്ന് അറിയാം. അടുത്തിടെ അവര്‍ പുറത്തുവിട്ട വീഡിയോക്കെതിരെയുണ്ടായ വിമര്‍ശനങ്ങള്‍ കണ്ടിരുന്നു. ഒടുവില്‍ അത് പോത്തിറച്ചി കൊണ്ടുളള വിഭവമാണെന്നുളള വിശദീകരണവും കണ്ടിരുന്നു. ഇത് അപകടകരമായ സ്ഥിതിയാണെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഭയം സൃഷ്ടിക്കുന്നത്. ആരെയാണ് നമ്മള്‍ ഭയക്കേണ്ടത്. കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും ബിജെപിയുടെ പേര് പറയാതെ മമത ബാനര്‍ജി പറഞ്ഞു. ജയിലില്‍ അടക്കുമെന്നാണ് പറയുന്നത്. എന്നാല്‍ മൊത്തം തൃണമൂല്‍ കോണ്‍ഗ്രസുകാരെ നിങ്ങള്‍ക്ക് ജയിലില്‍ അടക്കാന്‍ സാധിക്കുമോ, ജനങ്ങള്‍ നിങ്ങള്‍ക്ക് മറുപടി പറയുമെന്നും മമത ബാനര്‍ജി പറഞ്ഞു.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അവര്‍ക്ക് മാത്രമെ അറിയു. അവര്‍ ഹിന്ദുമതത്തിന്റെ അനുകൂലികളല്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് വഴി കഴിഞ്ഞ ദിവസം കജോള്‍ ബീഫെന്ന് പറഞ്ഞ് ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തായ റയാന്റെ റസ്റ്ററന്റിലാണ് കജോളിനായി ഉണ്ടാക്കിയ വിഭവം എന്താണെന്ന് പരിചയപ്പെടുത്തുന്നത്.ബീഫ് പെപ്പര്‍ വാട്ടര്‍ വിത്ത് ഡ്രൈ ലെന്റില്‍സ് ആന്‍ഡ് ഡ്രൈ ബീഫ് എന്ന് ഇതിനെ സുഹൃത്ത് റയാന്‍ വിശദീകരിക്കുകയും ചെയ്തു. പിന്നാലെ ഗോസംരക്ഷകരെ പരിഹസിച്ചുകൊണ്ട് കജോള്‍ ഞങ്ങളിവന്റെ കൈ വെട്ടാന്‍ പോവുകയാണെന്നും പറഞ്ഞു. വീഡിയോ വിവാദമായതോടെ ഇത് പോത്തിറച്ചി കൊണ്ടുളള വിഭവമായിരുന്നുവെന്ന് വ്യക്തമാക്കി കജോള്‍ വീഡിയോ പിന്‍വലിച്ചിരുന്നു.