
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സൗകര്യമില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്തു പ്രശ്നം വന്നാലും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നും അതിന്റെ പേരില്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടാലും ആധാറുമായി ബന്ധിപ്പിക്കല്‍ സാധ്യമല്ലെന്നും മമത പറഞ്ഞു. കല്‍ക്കത്തയിലെ നസ്റുല്‍ മഞ്ചില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ മമത പ്രതികരിച്ചത്. ജനങ്ങളും ഇതേ രീതിയില്‍ പ്രതികരിക്കണമെന്നും വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്നതെന്നും മമത വ്യക്തമാക്കി. പൗരന്‍മാര്‍ക്ക് പല സ്വകാര്യതകളും ഉണ്ടാകും. നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണം വരെ പരസ്യമായേക്കാമെന്നും മമത ആശങ്ക പ്രകടിപ്പിച്ചു. സാധാരണക്കാര്‍ക്കുമേല്‍ ആധാര്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ മമതാ ബാനര്‍ജി മുമ്പും പ്രതികരിച്ചിരുന്നു. ജൂണ്‍ മാസത്തില്‍ എംഎന്‍ആര്‍ജിസി പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് മമത കത്തയച്ചിരുന്നു. പശുക്കള്‍ക്ക് ആധാര്‍ ഏര്‍പ്പെടുത്തുന്ന നടപടിയേയും മമത വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാനുള്ള ടെലികോം ഡിപ്പാര്‍ട്മെന്റിന്റെ ഉത്തരവ് വരുന്നത്.