കൊച്ചി: കേരളം കടുത്തവേനലില്‍ വെന്തുരുകുമ്പോള്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോടമോടുകയാണ്. ജലസ്ത്രോതസുകളായ നെല്‍വയലുകളില്‍ കൂറ്റന്‍ കെട്ടിടങ്ങളുയര്ന്ന കൊച്ചിയാണ് ഇതിന് ഏറ്റവും വലിയ വിലകൊടുക്കേണ്ടിവരുന്ന പ്രദേശവും. കൊച്ചിയിലെ കുടിവെള്ള ക്ഷാമമകറ്റാന്‍ നിരവധി വ്യക്തികളും സംഘടനകളും മുന്നോട്ട വന്നിരുന്നു. സിനിമാ താരം മമ്മൂട്ടിയും സഹായ ഹസ്തവുമായി രംഗത്തെത്തിയത് പ്രശംസ പിടിച്ചുപറ്റിയിരുന്നു.
എന്നാല്‍ തണ്ണീര്‍ തടങ്ങള്‍ നികത്തുന്നതില്‍ താനും ഒട്ടുമോശമ്മല്ല എന്ന് തെളിയിക്കുകയാണ് മമ്മൂട്ടിയും. രൂക്ഷമായ കുടിവെളള ക്ഷാമം നേരിടുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ തണ്ണീര്‍ തടങ്ങള്‍ ഇല്ലാതാക്കിയതില്‍ മമ്മൂട്ടിയ്ക്കും പങ്കുള്ള കാര്യം തെളിഞ്ഞതോടെ താരത്തിന്റെ തട്ടിപ്പ് പുറത്തായിരിക്കുകയാണ്.
നാടുനീളെ നടന്ന് ജലം നല്‍കുകയും തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെയും സംസാരിച്ച് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന മമ്മൂട്ടി തണ്ണീര്‍ത്തടമായി പ്രഖ്യാപിച്ചിരുന്ന 3.5 ഏക്കറിലധികം ഭൂമിയാണ് കിഴക്കമ്പലം പഞ്ചായത്തില്‍ നികത്തിയതെന്നാണ് രേഖകള്‍ തെളിയിക്കുന്നത്.
എറണാകുളം ജില്ലയിലെ കുന്നത്തു നാട് താലൂക്കില്‍ കിഴക്കമ്പലം പഞ്ചായത്തിലെ കിഴക്കമ്പലം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 25 ല്‍ ഉള്‍പ്പെടുന്ന 354/1, 354/2, 354/3, 354/7, 354/13, 354/14, 354/15, 357/4 & 357/6 എന്നീ സര്‍വ്വേ നമ്പരുകളിലായി മമ്മൂട്ടിക്കും ഭാര്യ സുള്‍ഫത്ത് മമ്മൂട്ടിക്കും സ്വന്തമായുള്ള 3.74 ഏക്കര്‍ വയല്‍ നികത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ഭൂമി നികത്തിയതുമായി ബന്ധപ്പെട്ട് കിഴക്കമ്പലം കൃഷി ഓഫീസറേയും കിഴക്കമ്പലം വില്ലേജ് ഓഫീസറേയും കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും പ്രതികളാക്കി മമ്മൂട്ടിയും ഭാര്യ സുള്‍ഫത്തും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് വിധി പുറത്തുവന്നിരിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച ഭൂമി താന്‍ 2003 ല്‍ നികത്തിയതാണെന്നും എന്നാല്‍ അതിനുശേഷം 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തോടെ പ്രസ്തുത ഭൂമി ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി കരട് ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തി തണ്ണീര്‍ത്തടമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും, ഭൂമിയെ തണ്ണീര്‍ത്തട പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും കാട്ടിയാണ് മമ്മൂട്ടി ഹൈക്കോടതിയെ സമീപിച്ചത്.
മമ്മൂട്ടിയുടെയും ഭാര്യയുടേയും ഹര്‍ജി പരിശോധിച്ച കോടതി മമ്മൂട്ടിയുടെ വാദം പൂര്‍ണ്ണമായി അംഗീകരിച്ചില്ല എന്നുമാത്രമല്ല രേഖകള്‍ ഒന്നുകൂടി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാന്‍ ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയോട് കോടതി നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്. എന്നാല്‍ നാരദാ ന്യുസിന്റെ അന്വേഷണത്തില്‍ മമ്മൂട്ടിയുടെ വാദം തികച്ചും അസത്യമാണെന്നാണ് തെളിയുന്നത്. 2003 ല്‍ നികത്തിയെന്ന് മമ്മൂട്ടി കോടതിയെ ബോധിപ്പിച്ച നിലം യഥാര്‍ത്ഥത്തില്‍ നികത്തിയിരിക്കുന്നത് 20092010 കാലഘട്ടത്തിലാണെന്നാണ് അന്വേഷണത്തിലൂടെ അറിയാന്‍ കഴിഞ്ഞത്.
കടമ്പ്രയാര്‍ ടൂറിസ്റ്റ് പദ്ധതിക്ക് സമീപത്തു നിന്നും നൂറുമീറ്റര്‍ അകലെയാണ് പ്രസ്തുത നിലം സ്ഥിതിചെയ്യുന്നത്. ടൂറിസ്റ്റ് പദ്ധതിയുടെ വരവോടെ പ്രാധാന്യം വര്‍ദ്ധിച്ച ഈ സ്ഥലത്തിന് വില കോടികളായി മാറിയിരിക്കുകയാണ്. ഇത് മുന്നില്‍ക്കണ്ടാണ് മമ്മൂട്ടി നിലം നികത്തി അത് ഭൂമിയാക്കി മാറ്റിയതെന്നാണ് സൂചനകള്‍. അതിനെതിരെ ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി ശക്തമായ നിലപാടെടുത്തതോടെയാണ് മമ്മൂട്ടി ഹര്‍ജിയുമായി ഹൈകോടതിയെ സമീപിച്ചത്.