കൊച്ചി: മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പ്രമുഖ തിരക്കഥാകൃത്ത് ഉദയകൃഷ്ണ സംവിധായകനാകുന്ന ചിത്രത്തിലൂടെയാണ് സൂപ്പര്‍ മെഗാതാരങ്ങള്‍ വീണ്ടുമൊന്നിക്കുന്നതെന്നാണ് സൂചന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫും ചേര്‍ന്നായിരിക്കും ഈ ബ്രഹ്മാണ്ഡ ചിത്രം നിര്മ്മിക്കുകയെന്നറിയുന്നു.
മലയാള സിനിമയുടെ ശക്തിസ്തംഭങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഇതുവരെ അമ്പത്തിയഞ്ചോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഉദയകൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമെന്നറിയുന്നു.
പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്. കാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ സംവിധായകന് രാജാധിരാജ ഫെയിം അജയ് വാസുദേവാണ്. മമ്മൂട്ടി അജയ് വാസുദേവ് ചിത്രത്തിന്റെ രചനപൂര്ത്തിയാക്കിയശേഷമായിരിക്കും ഉദയകൃഷ്ണ മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രത്തിന്റെ രചനയിലേക്ക് കടക്കുക. മെഗാതാരങ്ങളുടെ ആരാധകരെയും പ്രേക്ഷകരെയും ആവേശം കൊള്ളിക്കുന്ന ഒരു കളര്‍ഫുള്‍ എന്റര്ടെയ്നറായിരിക്കുംമെന്നാണ് റിപ്പോര്‍ട്ടുകള്‍.