സ്വന്തം ലേഖകൻ
കോട്ടയം: ഗാന്ധിദർശൻ പുരസ്‌കാരം ഏറ്റുവാങ്ങി, മരങ്ങൾ നട്ടുപിടിപ്പിക്കേണ്ട ആവശ്യം ചൂണ്ടിക്കാട്ട് പൊതുവേദിയിൽ പ്രസംഗിച്ച മെഗാസ്റ്റാർ മമ്മൂട്ടിക്കു പൊതുവേദിയിൽ കൂക്കിവിളി. നാട്ടുകാർ ഒന്നടങ്കം പ്രതിഷേധവുമായി മമ്മൂട്ടിക്കെതിരെ കൂക്കിവിളിയുമായി തിരിഞ്ഞതോടെ മൂന്നു തവണ പ്രസംഗം തടസപ്പെട്ടു. പാടം കയ്യേറി മണ്ണിട്ടു നികത്തിയവൻ, ജനത്തെ വെള്ളത്തിന്റെ മഹത്വം പഠിപ്പിക്കേണ്ടെന്നായിരുന്നു വേദിയിൽ നിന്ന ഒരാൾ വിളിച്ചു പറഞ്ഞത്. ഒടുവിൽ പ്രതിഷേധക്കാരനെ സദസിൽ നിന്നു പുറത്താക്കിയ ശേഷമാണ് മമ്മൂട്ടിക്കു പ്രസംഗം തുടരാൻ സാധിച്ചത്.
കോട്ടയം മാമ്മൻമാപ്പിള ഹാളിൽ മീഡിയ റിസർച്ച് ഇൻസ്റ്റിട്ട്യൂറ്റ്, ഗാന്ധി ഗ്‌ളോബൽ ഫൗണ്ടേഷൻ എന്നിവർ ചേർന്ന് ഏർപെടുത്തിയ ഗാന്ധിദർശൻ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം പ്രസംഗിച്ച മമ്മൂട്ടി മരം നട്ടാൽ മാത്രംപോരെന്ന് അത് പോറ്റിവളർത്തണമെന്നും പറഞ്ഞതോടെയാണ് സദസിൽ നിന്നും ഒരാൾ കൂവലുമായി എഴുന്നേറ്റത്. ഇയാളോടൊപ്പം ഒരു വിഭാഗം യുവാക്കളും കൂവാൻ തുടങ്ങിയതോടെ പ്രതിഷേധം ശക്തമായി. ഇതിനിടെ മമ്മൂട്ടി പ്രസംഗം തുടർന്നെങ്കിലും ശക്തമായ കൂവൽ തുടർന്നതോടെ പ്രസംഗം തടസപ്പെട്ടു. ഒടുവിൽ ഇവരെ പുറത്താക്കിയ ശേഷമാണ് പ്രസംഗം പുനരാരംഭിച്ചത്.
മരം നട്ടുപിടിപ്പിക്കാൻ ആളുകളെ വെല്ലുവിളിച്ചാണ് മുന്നിട്ടിറങ്ങിയത്. അതിന്റെപേരിൽ അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ആശയങ്ങൾ ലോകത്ത് കൂടുതൽ പച്ചപ്പ് ഉണ്ടാക്കാൻ ഉപകരിക്കും. മൂന്നരകോടിയോളം ജനങ്ങൾ ആശയംപ്രചരിപ്പിച്ചാൽ കേരളം കാടായി മാറും. തമിഴ്, ഹിന്ദി സിനിമയിലെ താരങ്ങളടക്കം വെല്ലുവിളി ഏറ്റെടുത്തത് വളരെ താൽപര്യത്തോടെയാണ്. മുൻതലമുറ നട്ട മരത്തിന്റെ തണലിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരങ്ങൾ നട്ടുവളർത്താനുള്ള ആശയം ആവിഷ്‌കരിച്ചതിന് മമ്മൂട്ടിക്ക് പ്രശസ്ത്രിപത്രവും ഫലകവും ജസ്റ്റിസ് കെ.ടി.തോമസ് സമ്മാനിച്ചു. ജർമൻ സാമൂഹികപ്രവർത്തകയും അന്ധയുമായ സാബ്രിയേ ടെർ ബർക്കർ, ഖത്തറിലെ വ്യവസായി ഡോ. ഹസൻകുഞ്ഞി (കണ്ണൂർ) എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. ജസ്റ്റിസ് ഡി.ശ്രീദേവി അധ്യക്ഷത വഹിച്ചു. കോട്ടയം പബ്‌ളിക് ലൈബ്രറി പ്രസിഡൻറ് എബ്രഹാം ഇട്ടിച്ചെറിയ, കായിക്കര ബാബു, പ്രോഗ്രാം കോഡിനേറ്റർ ജേക്കബ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.