ലഖ്‌നൗ: മതം മാറാന്‍ പലര്‍ക്കും പലകാരണങ്ങളുണ്ട് പക്ഷെ തോക്ക് ലൈസന്‍സിനുവേണ്ടി ആരെങ്കിലും മതം മാറുമോ എന്നാല്‍ അങ്ങിനെയു സംഭവിച്ചിരിക്കുന്നു. തോക്കിന് ലൈസന്‍സ് കിട്ടാന്‍ മുസ്ലീം യുവാവ് ഹിന്ദു മതം സ്വീകരിച്ചത് ഉത്തര്‍ പ്രദേശിലാണ്.കഴിഞ്ഞ ആഴ്ച്ചയാണ് ഫുര്‍ഖാന്‍ അഹമ്മദ് എന്ന യുവാവ് മതപരിവര്‍ത്തനം നടത്തിയത്. ഫൂല്‍ സിംഗ് എന്നാണ് ഇദ്ദേഹത്തിന്റെ പുതിയ പേര്.
സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യാനാണ് ഫുര്‍ഖാന്‍ ഖാന്റെ ആഗ്രഹം. അതിനായി തോക്കിനുള്ള ലൈസന്‍സ് വേണം. വര്‍ഷങ്ങളായി ലൈസന്‍സിന് ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് മതംമാറ്റം നടത്തിയത്.
‘കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ ലൈസന്‍സിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിരന്തരം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഞാന്‍ സമര്‍പ്പിച്ച രേഖകളെല്ലാം കൃത്യമായിരുന്നെങ്കിലും ലൈസന്‍സ് ലഭിച്ചില്ല’. ഫുര്‍ഖാന്‍ പറയുന്നു.
റിക്ഷ ഡ്രൈവറായ ഫുര്‍ഖാന്‍ രാത്രി സമയത്ത് സെക്യൂരിറ്റി ജോലി ചെയ്യാനായിരുന്നു ലൈസന്‍സിന് ശ്രമിച്ചത്. ആറ് മക്കളടങ്ങുന്ന കുടുംബം ഫുര്‍ഖാന്റെ വരുമാനത്തിലാണ് മുന്നോട്ടുപോകുന്നത്. 2010 ലാണ് ആദ്യമായി ഫുര്‍ഖാന്‍ ലൈസന്‍സിന് അപേക്ഷിക്കുന്നത്. പിന്നീട് നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഒടുവില്‍ തന്റെ അപേക്ഷ ‘ നഷ്ടപ്പെട്ടു’ എന്ന വിവരമാണ് ഫുര്‍ഖാന് ലഭിച്ചത്.
ഇതിനെ തുടര്‍ന്ന് ഫുര്‍ഖാന്‍ വിവരാവകാശ നിയമപ്രകാരം അന്വേഷണം നടത്തിയപ്പോള്‍, ഫുര്‍ഖാന്റെ പേരില്‍ ഒരു അപേക്ഷ എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. തോക്ക് ലൈസന്‍സിനായി അപേക്ഷിച്ച 378 പേര്‍ക്ക് ലൈസന്‍സ് നല്‍കിയെന്നും ഫുര്‍ഖാന്റെ അപേക്ഷ ലഭിച്ചിട്ട് പോലുമില്ലെന്നാണ് മറുപടിയില്‍ പറഞ്ഞത്.
ഇതിനെ തുടര്‍ന്നാണ് മതംമാറാന്‍ ഫുര്‍ഖാന്‍ നിര്‍ബന്ധിതനായത്. കുടുംബം പുലര്‍ത്താനാണ് ജോലിക്കായി തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത്. എന്നാല്‍ മുസ്ലീമായതിന്റെ പേരില്‍ തനിക്ക് ലൈസന്‍സ് നിഷേധിച്ചു. മതത്തേക്കാളും തനിക്ക് പ്രധാനം കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും കൂടുതല്‍ നല്‍കുക എന്നതാണ്. അതിനാലാണ് ഹിന്ദു മതം സ്വീകരിച്ചത്. അതിനാല്‍ ഇനി മുതല്‍ താന്‍ ഫൂല്‍ സിംഗ് ആണെന്നും ഫൂല്‍ സിംഗ് എന്ന പേരില്‍ വീണ്ടും ലൈസന്‍സിന് അപേക്ഷിക്കുമെന്നും ഫുര്‍ഖാന്‍ പറഞ്ഞു.