അന്‍ഗുല്‍: ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകള്‍ ചുമക്കേണ്ടിവന്ന ദനാ മാഞ്ജി സംഭവം ഒഡീഷയില്‍ ആവര്‍ത്തിക്കുന്നു. അഞ്ചുവയസുകാരി മകളുടെ മൃതദേഹം 15 കിലോമീറ്റര്‍ ചുമക്കേണ്ടിവന്ന അച്ഛനാണ് ഇക്കുറി വാര്‍ത്തകളില്‍ നിറയുന്നത്. ഒഡിഷയിലെ അംഗുല്‍ ജില്ലയില്‍ ഗട്ടി ദിബാര്‍ എന്നയാളാണ് 15കാരിയായ മകളുടെ മൃതദേഹം ചുമന്നുകൊണ്ട് 15 അകലെയുള്ള ഗ്രാമത്തിലേക്ക് നടന്നത്.
കടുത്ത പനിയെ ബാധിച്ച മകള്‍ സുമിയെ അംഗുല്‍ ജില്ലയിലെ പല്ലഹാര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. പിറ്റേന്ന് കുട്ടി മരണപ്പെട്ടെങ്കിലും മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യമൊന്നും ആശുപത്രി അധികൃതര്‍ നല്‍കിയില്ല. മൃതദേഹം കൊണ്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ സേവനം ഉണ്ടെന്ന് ദിബാറിന് അറിയാമായിരുന്നില്ല. ആശുപത്രി അധികൃതര്‍ മൃതദേഹം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതോടെ ഗട്ടി ദിബാര്‍ ഭാര്യയുമൊന്നിച്ച് മൃതദേഹവും ചുമന്ന് നടക്കുകയായിരുന്നു.
ജനുവരി നാലിനാണ് സംഭവം നടന്നത്. വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ ജൂനിയര്‍ മാനേജരെയും സെക്യൂരിറ്റി ഗാര്‍ഡിനെയും സസ്‌പെന്‍ഡ് ചെയ്തതായി അംഗുല്‍ ജില്ലാ കളക്ടര്‍ അനില്‍ കുമാര്‍ സമല്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടിട്ടുണ്ടെന്നും ഇതിനുശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.
പണമില്ലാത്തതിനാല്‍ ദനാ മാജിയെന്ന കര്‍ഷകന് ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകള്‍ ചുമക്കേണ്ടിവന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം കൊണ്ടുപോകുന്നതിന് സൗജന്യസേവനം സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയത്.