ഒഴിഞ്ഞ കൃഷിപ്പാടത്തില്‍ നിന്നും പുരാവസ്തു ഗവേഷകന്‍ കണ്ടെത്തിയത് ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണ്ണ നാണയം

നാല് ദിവസത്തെ ഖനനത്തിന് ശേഷം പുരാവസ്തു ഗവേഷകന്‍ ഒഴിഞ്ഞ കൃഷിപ്പാടത്തില്‍ നിന്നും കണ്ടെത്തിയത് ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണ്ണ നാണയം. തെക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ എസാക്‌സില്‍ വെച്ചാണ് 54 വയസ്സുകാരനായ ക്രിസ്സ് ഗുട്ടലര്‍ എന്ന പുരാവസ്തു ഗവേഷകന് ഇ ഭാഗ്യം തേടിയെത്തിയത്. 4 ദിവസങ്ങള്‍ കൊണ്ട് 1600 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവ് പ്രദേശത്തിലാണ് ഇദ്ദേഹം തന്റെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്.25 വര്‍ഷമായി പുരാവസ്തു ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്സിന് ആദ്യമായല്ല ഇത്തരം വിലപ്പിടിപ്പുള്ള വസ്തുക്കള്‍ ലഭിക്കുന്നത്. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് വെച്ചു തന്നെ ഇദ്ദേഹത്തിന് ആംഗ്ലോ-സാക്‌സോണ്‍ നാണയങ്ങള്‍ ലഭിച്ചിരുന്നു. ബ്രിട്ടീഷ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുകയാണ് ഈ നാണയങ്ങളിപ്പോള്‍.പുതുതായി കണ്ടെത്തിയ സ്വര്‍ണ്ണ നാണയത്തെയും കൂടുതല്‍ പരിശോധനയ്ക്കായി ബ്രിട്ടീഷ് മ്യൂസിയത്തിലേക്ക് അയച്ചിരിക്കുകയാണ്. എഡി620-640 കാലഘട്ടത്തില്‍ പ്രചാരത്തിലുള്ള നാണയമാണിതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. നാണയത്തിന്റെ പഴക്കവും സ്വര്ണ്ണത്തിന്റെ സാന്നിദ്ധ്യവും കൊണ്ട് തന്നെ ഇവയ്ക്ക് 10000 പൗണ്ട് മൂല്യം കണക്കാക്കുന്നു. ഇത് എട്ട് ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍ വരും.18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാണയങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രിസ്സ് ഈ പ്രദേശത്തെ കുറിച്ച് കൂടുതല്‍ പഠന വിധേയമാക്കിയത്. എക്‌സാസും പരിസര പ്രദേശങ്ങളിലും ഇനിയും നാണയങ്ങള്‍ ഒളിഞ്ഞ് കിടപ്പുണ്ട് എന്ന ഉറച്ച വിശ്വാസത്തിലാണ് ക്രിസ്സ്.

Top