തിരുവനന്തപുരം: മൂന്ന് ദിവസമായി പൊലീസ് സ്റ്റേഷനിലെ കിണറ്റിനകത്ത് ഒളിച്ചിരുന്ന യുവാവിനെ ഫയര്‍ഫോഴസ് രക്ഷപ്പെടുത്തി. ചെറുന്നിയൂര്‍ വെന്നികോട് പണയില്‍ വീട്ടില്‍ രാഹുലിനെയാണ് (29) ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സബ് രജിസ്ട്രാര്‍ ഓഫീസിന്റെയും വര്‍ക്കല പൊലീസ് സ്റ്റേഷന്റെയും അതിര്‍ത്തിയിലുളള കിണര്‍ ഇരു കൂട്ടരുടെയും ഉപയോഗത്തിലുളളതാണ്.
രണ്ട് ദിവസത്തെ അവധിക്ക് ശേഷം ശനിയാഴ്ച രാവിലെ വെളളം കോരാനെത്തിയ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരാണ് കിണറ്റിനകത്തിരുന്ന യുവാവിനെ കണ്ടെത്തിയത്. അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തണുത്ത് വിറച്ച് അവശനിലയിലായിരുന്ന യുവാവിനെ വര്‍ക്കല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറിന്റെ അടിത്തട്ടില്‍ മോട്ടര്‍ സ്ഥാപിക്കുവാനായി ഉപയോഗിച്ചിരുന്ന കനമുളള പ്ലാസ്റ്റിക് റോപ്പില്‍ തൂങ്ങിയാണ് ഇയാള്‍ കിണറ്റില്‍ ഇറങ്ങിയതെന്നാണ് സംശയിക്കുന്നത്.
യുവാവിന് മാനസികരോഗമുളളതായി പൊലീസ് പറഞ്ഞു.ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടയില്‍ കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കിന് സമീപം വച്ച് രക്ഷകര്‍ത്താക്കളെ കബളിപ്പിച്ചു കടന്ന യുവാവിനെ പിന്നീട് കാണാനില്ലായിരുന്നു. രക്ഷകര്‍ത്താക്കളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് മാന്‍മിസിംഗിന് കേസെടുക്കുകയും അന്വേഷണം നടത്തി വരുകയുമായിരുന്നു. ഇതിനിടയിലാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്.