രാംഗഡ് : മനുഷ്യനെ കൊന്നല്ല പശുവിനെ സംരക്ഷിക്കേണ്ടത് എന്ന പ്രധാനമന്ത്രി മോദിയുടേത് പാഴ്വാക്കായി .ജാര്‍ഖണ്ഡിലെ രാംഗഡില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെയാണ് അക്രമി സംഘം അടിച്ചുകൊന്നത്. വാനില്‍ നിരോധിത ഇറച്ചി കൊണ്ടുപൊയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.ബജാര്‍ന്റ് ഗ്രാമത്തിന് സമീപത്തുവെച്ച് ഒരു സംഘം ആളുകള്‍ അന്‍സാരി സഞ്ചരിച്ച വാഹനം തടയുകയും ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു.പൊലീസ് എത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷേ അന്‍സാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകം ആസൂത്രിതമാണെന്ന് എഡിജിപി ആര്‍ കെ മാലിക് പറഞ്ഞു.ബീഫ് കച്ചവടത്തില്‍ ഏര്‍പ്പെട്ട ചിലരാണ് കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും പിന്നിലെന്നാണ് പൊലീസ് ഭാഷ്യം. കൊല്ലപ്പെട്ട അസ്ഗറിനെതിരെ കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും കൊലപാതകത്തിനും കേസുകളുണ്ടെന്നും പൊലീസ് പറയുന്നു.കഴിഞ്ഞ 3 ദിവസത്തിനിടെ ജാര്‍ഖണ്ഡില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. പശുവിന്റെ തല കണ്ടുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കഴിഞ്ഞ ദിവസം ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുകയും വീടിന് തീയിടുകയും ചെയ്തിരുന്നു.
ഗോരക്ഷയുടെ പേരിലുള്ള കൊലപാതകങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ദാരുണമായ സംഭവമുണ്ടായത്.ഗോരക്ഷ അനിവാര്യമാണെന്നും പക്ഷേ ആളുകളെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
”പശുവിനെ ഹിന്ദുക്കള്‍ വിശുദ്ധമായി കരുതുന്നു. പശുക്കളുടെ സംരക്ഷണവും വേണ്ടതാണ്. എന്നാല്‍ അതിന്റെ പേരില്‍ നിയമം കയ്യിലെടുത്തുള്ള കൊലപാതകങ്ങള്‍ അംഗീകരിക്കാനാകില്ല. മനുഷ്യരെ കൊന്നല്ല പശുവിനെ സംരക്ഷിക്കേണ്ടത്. ഒരു സമൂഹം എന്ന നിലയില്‍ ഇവിടെ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. മഹാത്മാ ഗാന്ധി, ആചാര്യ വിനോബ ഭാവെ എന്നിവരേക്കാള്‍ കൂടുതല്‍ ഗോ സംരക്ഷണത്തെക്കുറിച്ച് ആരും സംസാരിച്ചിട്ടില്ല.അവര്‍ അക്രമത്തിന് എതിരായിരുന്നു”, പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്തിലും ഇത്തരം അക്രമങ്ങളെ മോദി അപലപിച്ചിരുന്നു. ഗോസംരക്ഷകരായി അക്രമം നടത്തുന്നവര്‍ സാമൂഹ്യദ്രോഹികളാണെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ഗുരുവായിരുന്ന രാജ്ചന്ദ്രയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. മഹാത്മാഗാന്ധിയുടെ ചിന്തകള്‍ക്ക് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനുള്ള ശക്തിയുണ്ടെന്ന് മോദി ഓര്‍മ്മിപ്പിച്ചു.