തിരുവനന്തപുരം: നീതി നിഷേധത്തിന്റെ ക്രൂരത കാണണമെങ്കില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന ശ്രീജിത്തിന്റെ സമരത്തിലേയ്ക്ക് ശ്രദ്ധിയ്ക്കണം. 429 ദിവസമായി നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് ഇവിടെ സമരമുഖത്താണ്. തന്റെ സഹോദരനായ ശ്രീജുവിന്റെ കൊലപാതകത്തില്‍ കുറ്റക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്തിന്റെ സമരം. ശ്രീജുവിനെ പോലീസുകാര്‍ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുരുന്നു എന്ന് സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിട്ടും കുറ്റവാളികളായ പൊലീസ് ഉദ്ദ്യോഗസ്ഥരില്‍ ഒരാളെ പോലും ശിക്ഷിച്ചിട്ടില്ല.
മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് ശ്രീജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുന്നത്. മരണത്തില്‍ ദുരൂഹതയായിരുന്നു കുടുംബം ആരോപിച്ചത്. പൊലീസ് വിഷം നല്‍കി കൊല്ലുകയായിരുന്നുവെന്ന് കംപ്ലയിന്റ് അതോറിറ്റിയുടെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ശ്രീജീവിന് എഎസ്ഐ ഫിലിപ്പോസിന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നാരോപിച്ചാണ് പോലീസ് കള്ളക്കേസ്സില്‍ കസ്റ്റഡിയിലെടുത്തത്. ശേഷം കൊലപെടുത്തുകയായിരുന്നെന്ന് ശ്രീജിത്ത് പറയുന്നു. കുടുംബത്തിന് ഇപ്പോഴും പൊലീസ് ഭീഷണിയുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം.
നടപടി വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടം. 2014 മെയ്യിലാണ് ശ്രീജിവന്‍ കൊല്ലപ്പെടുന്നത്. പൊലീസ് മര്‍ദിച്ച് അവശനാക്കിയ ശേഷം വിഷം കഴിപ്പിച്ചതാണെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ഗോപകുമാര്‍, എഎസ്ഐ ഫിലിപ്പോസ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായിരുന്ന പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ക്കെതിരെ നടപടി നിര്‍ദേശിച്ചു. 10 ലക്ഷം രൂപ കുടുംബത്തിന് ധനസഹായം നല്‍കാനും ഉത്തരവായി. പക്ഷെ നടപടിയുണ്ടായില്ല. നഷ്ടപരിഹാര ഉത്തരവിന് കോടതിയില്‍നിന്ന് പൊലീസ് സ്റ്റേ വാങ്ങി.