ബീഹാറില്‍ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് മകളുടെ മൃതദേഹം തോളിലേറ്റി പിതാവ് നടന്നത് നാല് മണിക്കൂര്‍. കടുത്ത പനിയോടുകൂടി ആശുപത്രിയിലെത്തിച്ച കുട്ടിയെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാതിരുന്നത് കൊണ്ടാണ് കുട്ടി മരണപ്പെട്ടതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ബീഹാറിലെ പാറ്റ്‌നയില്‍ ഇന്ന് വൈകുന്നേരമാണ് സംഭവം. ലാഖിസരായി ജില്ലയിലെ കജ്ര ഗ്രാമത്തിലെ രാംബാലക് എന്ന മധ്യവയസ്‌കനും ഭാര്യക്കുമാണ് ഈ ദുരനുഭവം നേരിട്ടത്. ഒമ്പതുകാരിയായ മകള്‍ റൗഷന്‍ കുമരിക്ക് ആറു ദിവസമായി കടുത്ത പനിയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ പാറ്റ്‌നയിലുള്ള എയിംസില്‍ എത്തിച്ചത്. എന്നാല്‍ കടുത്ത പനിയായിരുന്നിട്ട് കൂടി കുട്ടിയെ ഒപിയില്‍ കാണിക്കാനായിരുന്നു ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. ഒപിയില്‍ നീണ്ട വരിയാണെന്നും രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണെന്നും രാംബാലകും ഭാര്യയും കരഞ്ഞ് പറഞ്ഞിട്ടും അധികൃതര്‍ വഴങ്ങിയില്ല. ഒപി ടിക്കറ്റിനായുള്ള രജിസ്‌ട്രേഷനെല്ലാം തീര്‍ന്നപ്പോഴേക്കും കുട്ടി മരണപ്പെടുകയായിരുന്നു.
എന്നാല്‍ കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആബുംലന്‍സും ആശുപത്രി അധികൃതര്‍ വിട്ടു നല്‍കിയില്ല. സ്വകാര്യ വാഹനം വിളിക്കാനുള്ള പണം ഇല്ലെന്നു പറഞ്ഞിട്ടും അധികൃതരുടെ മനസലിഞ്ഞില്ല. വേറെ മാര്‍ഗമില്ലാത്തതിനെതുടര്‍ന്ന് രാംബാലക് മകളുടെ മൃതദേഹം തോളിലേറ്റി നാല് കിലോമീറ്റര്‍ അപ്പുറമുള്ള പൗള്‍വാരി ഷെരിഫിലെ ഓട്ടോസ്റ്റാന്റിലേക്ക് നടക്കുകയായിരുന്നു. ഇവിടെനിന്നും ഓട്ടോയില്‍ കയറ്റി മൃതദേഹം വീട്ടിലെത്തിച്ചു. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് ഒറീസയില്‍ കഴിഞ്ഞ വര്‍ഷം ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഭര്‍ത്താവ് 10 കിലോമീറ്റര്‍ നടന്നത് വലിയ വിവാദമായിരുന്നു. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മരിച്ച മകന്റെ മൃതദേഹം ഗ്രാമത്തിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് ചുമലിലേറ്റി നിറകണ്ണുകളുമായി നടന്നുനിങ്ങുന്ന മറ്റൊരു അച്ഛന്റെ ദയനീയ കാഴ്ച കണ്ടത് ഈ വര്‍ഷം മെയ് മാസത്തിലായിരുന്നു.