തിരുവനന്തപുരം: പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് സിപിഎമ്മില്‍ പടയൊരുക്കമെന്ന് റിപ്പോര്‍ട്ട്. മംഗളം പത്രമാണ് ഇക്കാര്യം റിേേപ്പാര്‍ട്ട് ചെയ്യുന്നത്. ലാവ്‌ലിന്‍ കേസില്‍ പ്രതികൂല വിധിയുണ്ടായാല്‍ കസേര കൈക്കലാക്കാന്‍ സംസ്ഥാനത്തെ രണ്ട് ഉന്നത നേതാക്കള്‍ ചരടുവലി തുടങ്ങിയതായാണ് എസ് നാരായണന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്തെ രണ്ട് ഉന്നത നേതാക്കളാരെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ വാര്‍ത്തയിലുണ്ടെങ്കിലും ഐപിഎസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ല.
എന്നാല്‍ സിപിഐം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയേയും തന്നെയാണ് പരോക്ഷമായി സൂചിപ്പിക്കുന്നതെന്നും വ്യക്തമാണ്. മുഖ്യമന്ത്രിക്കസേര സ്വപ്നം കാണുന്ന രണ്ട് ഉന്നതനേതാക്കള്‍ വെവ്വേറെ നടത്തുന്ന നീക്കങ്ങള്‍ക്കു പിന്നില്‍ തിരുവനന്തപുരത്തു നാലു മുതിര്‍ന്ന ഐ.പി.എസ്. ഓഫീസര്‍മാരും ഡല്‍ഹിയില്‍ ചില മാധ്യമപ്രവര്‍ത്തകരുമാണുള്ളതെന്നാണ് മംഗളം പറയുന്നത്.
സാധാരണ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കാണ് മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ സാധ്യത. ഇതുകൊണ്ട് തന്നെയാണ് വാര്‍ത്തയിലെ രാഷ്ട്രീയ നേതാക്കള്‍ കോടിയേരിയും ബേബിയുമാണെന്ന ചര്‍ച്ച സജീവമാകുന്നത്. പിണറായി സര്‍ക്കാരിന്റെ പല നീക്കങ്ങളേയും പരസ്യമായി ബേബി എതിര്‍ത്തിട്ടുണ്ട്. മാവോയിസ്റ്റ് വിഷയത്തില്‍ പാര്‍ട്ടി നിലപാട് സര്‍ക്കാരിന് എതിരാക്കി കോടിയേരിയും പിണറായിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
ഈ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്ന നാല് ഐ.പി.എസ്. ഓഫീസര്‍മാര്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇവരിലൊരാളുടെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നു. പിണറായി സര്‍ക്കാര്‍ അപ്രധാനതസ്തികകളില്‍ ഒതുക്കിയവരാണു നാലുപേരും. പൊലീസ് ഇന്റലിജന്‍സ് വിവരം മണത്തറിഞ്ഞതിനേത്തുടര്‍ന്നാണു യോഗം ഉദ്യോഗസ്ഥന്റെ വീട്ടിലേക്കു മാറ്റിയത്. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവിന്റെ പിന്തുണയും ഇവര്‍ക്കുണ്ട്. താന്‍ മുഖ്യമന്ത്രിയായാല്‍ ഇവരെ താക്കോല്‍സ്ഥാനങ്ങളില്‍ നിയമിക്കാമെന്നാണു നേതാവിന്റെ വാഗ്ദാനം. യോഗത്തിനിടെ ഇവര്‍ പലരെയും ഫോണില്‍ വിളിച്ച് അഭിപ്രായങ്ങള്‍ ആരാഞ്ഞുവെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഭ്യന്തരവകുപ്പില്‍ പാര്‍ട്ടിയുടെ സ്വാധീനം നഷ്ടപ്പെടുത്തുന്ന തീരുമാനം പലരെയും ചൊടിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് പരാജയമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ചില നേതാക്കള്‍ മുന്നിട്ടിറങ്ങിയത്. ലാവ്ലിന്‍ കേസില്‍ കോടതിയില്‍നിന്നുള്ള പരാമര്‍ശമുണ്ടാകുമോയെന്നാണ് ഇവര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അടുത്ത മാസമാണ് ലാവ്‌ലിന്‍ കേസില്‍ വാദം തുടങ്ങുന്നത്. പിണറായിയെ പ്രതിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചാല്‍ രാജി വയ്‌ക്കേണ്ടി വരും. ലാവ്‌ലിന്‍ കേസില്‍ അഴിമതി ആരോപിക്കപ്പെട്ടതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും പിണറായി മത്സരിച്ചിരുന്നില്ല. അഴിമതി ആരോപണത്തില്‍ കുറ്റവിമുക്തനാകും വരെ ഭരണപരമായ സ്ഥാനങ്ങള്‍ വഹിക്കില്ലെന്നതായിരുന്നു നിലപാട്. ഇത് സിപിഎം പോളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു.
ഹൈക്കോടതിയിലെ ഹര്‍ജിയില്‍ പിണറായിക്ക് എതിരായ തീരുമാനം ഉണ്ടായാല്‍ ലാവ്‌ലിന്‍ കേസില്‍ പിണറായി വീണ്ടും പ്രതിയാകും. അതിനാല്‍ പഴയ പിബി നിലപാട് പ്രസക്തമാകും. അപ്പോള്‍ രാജി വയ്‌ക്കേണ്ടി വരുമെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യം ഉണ്ടായാല്‍ നേട്ടമുണ്ടാക്കാനാണ് ചില പൊലീസ് ഉദ്യോഗസ്ഥരുടേയും നീക്കം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വഴിവിട്ട് ഡിജിപിയാക്കിയ ചില ഉദ്യോഗസ്ഥരെ പിണറായി വിജയന്‍ അധികാലത്തിലെത്തിയതോടെ അപ്രധാന സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഇവരാണ് രഹസ്യ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് സൂചന. പൊലീസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയോടും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനോടും അതൃപ്തിയുള്ളവരാണ് ഇവര്‍. പിണറായിക്കെതിരെ സിപിഎമ്മിലെ പുതിയ വിഭാഗം നടത്തുന്ന നീക്കങ്ങള്‍ പരസ്യമായതോടെ സിപിഎമ്മില്‍ പുതിയ കലാപങ്ങള്‍ക്ക് ഇത് വഴിതെളിയിക്കുക.