കേരളത്തിലെത്തുന്ന ഹൈക്കമാന്റിനെ പരിചരിക്കാന്‍ ഇനി സുധീരന്റെ വിശ്വസ്തന്‍; നേതാക്കളെ കയ്യിലെടുത്ത് കാര്യം നേടാന്‍ സുധീരന്റെ തന്ത്രമോ….?

തിരുവനന്തപുരം: കേരളത്തിലെത്തുന്ന ഹൈക്കമാന്റ് നേതാക്കളെ സ്വീകരിക്കാനും അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുമുള്ള ചുമതലയുണ്ടായിരുന്നത് നെയ്യാറ്റിന്‍കര സനലിനായിരുന്നു. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുക്കലില്‍ സനലിന് വഴി എളുപ്പമാക്കിയത് ഈ ജോലിയായിരുന്നുവെന്നാണ് കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നത്.

ഗ്രൂപ്പുകള്‍ പലവഴിക്കായി ഡിസിസി സ്ഥാനത്തിനുവേണ്ടിയുള്ള നീക്കങ്ങള്‍ പലവഴിക്ക് നടത്തിയരപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് നെയ്യാറ്റികര സനല്‍ അധ്യക്ഷ സ്ഥാനത്തെത്തിയത്. ഇതോടെ പലരും ശ്രദ്ധിക്കാതിരുന്ന പെട്ടിചുമക്കള്‍ പരിപാടിയ്ക്ക് ആളുകളുടെ എണ്ണം കൂടുമെന്നുറപ്പായി. ഇതോടെ ഔദ്യോഗികമായി പെട്ടിചുമക്കള്‍ പോസ്റ്റില്‍ സ്വന്തം വിശ്വസ്തനെ നിയോഗിച്ചിരിക്കുകയാണ് സുധീരന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ചെടുക്കുന്ന തീരുമാനം പോലും ഹൈക്കമാണ്ട് അംഗീകരിക്കുന്നില്ല. ഗ്രൂപ്പിന് അതീതമായി നില്‍ക്കുകയെന്ന വാദാമുയര്‍ത്തിയാണ് ഹൈക്കമാണ്ട് ഇതെല്ലാം ചെയ്യുന്നത്. അപ്പോഴും ഹൈക്കമാണ്ടിന് താല്‍പ്പര്യമുള്ളവരെ കൈവിടുന്നുമില്ല. അതായത് തിരുവനന്തപുരത്ത് എത്തുന്ന ഹൈക്കമാണ്ട് പ്രതിനിധികളെ നന്നായി നോക്കിയാല്‍ സ്ഥാനമാനം ഉറപ്പ്. നെയ്യാറ്റിന്‍കര സനല്‍ ഡിസിസി അധ്യക്ഷനാകുമ്പോള്‍ നേതാക്കളെ സ്വീകരിക്കലിനും ഔദ്യോഗിക പരിവേഷം നല്‍കുകയാണ് കെപിസിസി അധ്യക്ഷന്‍. ഡല്‍ഹിയില്‍ നിന്ന് വിമാനത്താവളത്തിലെത്തുന്നവരുടെ പെട്ടിയെടുത്ത് ഹോട്ടലിലെത്തിച്ച് കാര്യങ്ങള്‍ നോക്കനൊരു പദവി. അത് തിരുവനന്തപുരം ജില്ലയിലെ തന്റെ വിശ്വസ്തന് നല്‍കുക കൂടി ചെയ്യുകയാണ് സുധീരന്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രോട്ടോകോള്‍ ഓഫീസര്‍മാരുണ്ട്. എന്നാല്‍ രാജ്യത്തൊരിടത്തും രാഷ്ട്രീയ പാര്‍ട്ടിക്ക് ഈ വിഭാഗമില്ല. സര്‍ക്കാര്‍ തലത്തില്‍ ഭരണഘടനാ അനുസരിച്ചുള്ള അംഗീകാരവും ബഹുമാനവും അത് അര്‍ഹിക്കുന്നവര്‍ക്ക് ഉറപ്പാക്കുകയാണ് പ്രോട്ടോകോള്‍ ഓഫീസര്‍മാരുടെ ജോലി. ഔദ്യോഗിക പരിപാടികള്‍ക്കും മറ്റും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥനും വിഭാഗവുമാണ് ഇത്.

ഈ പേരിലാണ് കെപിസിസിയില്‍ പുതിയ വിഭാഗത്തെ സുധീരന്‍ സൃഷ്ടിക്കുന്നത്. അതിന്റെ തലവനായി കെപിസിസി സെക്രട്ടറിയും തന്റെ വിശ്വസ്തനും കൂടിയായ മണക്കാട് സുരേഷിനെ നിയോഗിക്കുകയും ചെയ്തു. ഹൈക്കമാണ്ട് നേതാക്കളുമായി മണക്കാട് സുരേഷിന് അടുപ്പമുണ്ടാക്കാനും അതിലൂടെ ഉയര്‍ച്ചയും ലക്ഷ്യമി്ട്ടാണ് സുധീരന്റെ നീക്കമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വിമര്‍ശനം.

കെപിസിസി അധ്യക്ഷനെതിരെ ഹൈക്കമാണ്ട് നേതാക്കളോട് പരാതി പറയാനെത്തുന്നവരെ തിരിച്ചറിയുകയെന്ന ലക്ഷ്യവും ഇതിനുണ്ടത്രേ.കെപിസിസി. നടത്തുന്ന പരിപാടികളുടെ ഏകോപനം, പ്രചരണം, അതിഥികളെ സ്വീകരിക്കല്‍, അവരുടെ യാത്രാപരിപാടികള്‍ സജ്ജീകരിക്കല്‍ തുടങ്ങിയ ചുമതലകളാണ് പ്രോട്ടോകോള്‍ ഓഫീസറായി മണക്കാട് സുരേഷിന് നിര്‍വ്വഹിക്കാനുള്ളത്. അതായത് കേന്ദ്ര നേതാക്കളുടെ സര്‍വ്വ ചലനവും സുധീരന്റെ വിശ്വസ്തന്‍ നിര്‍വ്വഹിക്കും.

ഹൈക്കമാണ്ട് പ്രതിനിധികളുടെ അടുത്തേക്ക് എ-ഐ ഗ്രൂപ്പ് മാനജര്‍മാര്‍ എത്തുന്നത് തടയാനാണ് ഇതെന്നാണ് വിമര്‍ശനം. ഇതിന് വേണ്ടി മാത്രമാണ് ഇതുവരെയില്ലാത്ത പദവിയുണ്ടാക്കിയത്. രാഷ്ട്രീയ കാര്യ സമിതിയില്‍ പോലും ചര്‍ച്ച ചെയ്യാതെ ഇത്തരത്തിലൊരു നിയമനം നടത്താനുള്ള അധികാരം കെപിസിസിക്കുണ്ടോ എന്ന് സംശയിക്കുന്നവരുമുണ്ട്. ഏതായാലും മണക്കാട് സുരേഷിന്റെ നിയമനം അടുത്ത രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ചയാക്കാനാണ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. ആരോടും ആലോചിക്കാതെ തന്നിഷ്ടം കാട്ടാന്‍ സുധീരനെ അനുവദിക്കില്ലെന്നാണ് ഉയരുന്ന അഭിപ്രായം.

തിരുവനന്തപുരം ഡിസിസി പിടിക്കാന്‍ എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ പൊരിഞ്ഞ പോരായിരുന്നു. എ ഗ്രൂപ്പിനായി പലോട് രവിയായിരുന്നു പ്രധാനമായും മുന്നില്‍ നിന്നത്. ശശി തരൂരിന്റെ പേരു പോലും ചര്‍ച്ചയായിരുന്നു. ഐ ഗ്രൂപ്പില്‍ നിന്ന് യുവ നേതാവ് ആര്‍ വി രാജേഷിന് തരൂരിന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്നാല്‍ ഐ ഗ്രൂപ്പ് ലേബലില്‍ നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷനായപ്പോള്‍ പൊളിഞ്ഞത് മണക്കാട് സുരേഷിനെ പ്രസിഡന്റാക്കാനുള്ള സുധീരന്റെ നീക്കം കൂടിയായിരുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് പിടി മുറുക്കാനുള്ള തന്ത്രമായും മണക്കാട് സുരേഷിന്റെ നിയമനത്തെ ഗ്രൂപ്പ് മാനേജര്‍മാര്‍ വിലയിരുത്തുന്നുണ്ട്. തനിക്കൊപ്പം നില്‍ക്കുന്ന നേതാക്കളെ സംരക്ഷിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ സുധീരന്‍ നല്‍കുന്നത്.
കോണ്‍ഗ്രസില്‍ ജി കാര്‍ത്തികേയന്റെ അതി വിശ്വസ്തനായിരുന്നു മണക്കാട് സുരേഷ്. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ചരടുവലിച്ചു. എന്നാല്‍ ശബരിനാഥന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ എത്തിയതോടെ അത് പൊളിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സീറ്റുകള്‍ നോട്ടമിട്ടെങ്കിലും അത് നടന്നുമില്ല. കാര്‍ത്തികേയന്റെ പേരിലാണ് കെപിസിസിയുടെ സെക്രട്ടറിയുമായത്.

എന്നാല്‍ കാര്‍ത്തികേയന്റെ വിയോഗത്തോടെ എ-ഐ ഗ്രൂപ്പുകള്‍ക്ക് മണക്കാട് സുരേഷിനോടുള്ള താല്‍പ്പര്യം കുറഞ്ഞു. ഇതോടെ സുധീരന്റെ വിശ്വസ്തനായ സുരേഷ് മാറി. തിരുവനന്തപുരം ജില്ലയിലെ സുധീര പക്ഷത്തിന്റെ മുഖമാണ് മണക്കാട് സുരേഷ്. പ്രോട്ടോക്കോള്‍ ഓഫീസറായി ഉയര്‍ത്തുന്നതിലൂടെ തന്റെ വിശ്വസ്തനാണ് സുരേഷെന്ന് സുധീരനും പരസ്യമാക്കുകയാണ്.പുനഃസംഘടനയിലേക്ക് കടക്കുകയാണ് കെപിസിസി. സുധീരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനാണ് എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത ശ്രമം.

Top