മണര്‍കാട്: പതിനായിരക്കണക്കിന് വിശ്വാസകള്‍ക്ക് ദര്‍ശന പുണ്യമേകിയ മണര്‍കാട് പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം സ്ഥാപിച്ചിരിക്കുന്ന നട അടയച്ചു. മണര്‍കാട് മര്‍ത്തമറിയം കത്തീഡ്രലിലെ പ്രധാന മദ്ബഹയില്‍ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് തുറക്കുന്നത്. എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസമാണ് ‘നടതുറക്കല്‍’ നടക്കുന്നത.്
സ്ലീബാ പെരുന്നാള്‍ ദിവസമായ ഇന്നലെ വൈകുന്നേരം നടന്ന സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്നാണ് നട അടച്ചത്. ക്‌നാനായ അതിഭദ്രാസന റാന്നി മേഖല മെത്രാപ്പോലീത്ത കുറിയാക്കോസ് മോര്‍ ഈവാനിയോസ് സന്ധ്യാപ്രാര്‍ത്ഥനയക്കും നട അടയ്ക്കല്‍ ശുശ്രൂഷകള്‍ക്കും നേതൃത്വം വഹിച്ചു. പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ ഈ ദൈവാലയത്തില്‍ അനേകം അത്ഭുതങ്ങളും അനുഗ്രഹങ്ങളും നടക്കുന്നതിന്റെ തെളിവാണ് ഇവിടെ കൂടിയ ജനസമൂഹമെന്ന് അദേഹം പറഞ്ഞു. ദൈവ തിരുസന്നിധിയില്‍ സമര്‍പ്പിത ജീവിതം നയിച്ച മാതാവ് അനേകം ത്യാഗത്തിലൂടെയും കടന്ന് പോയപ്പോഴും ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല എന്ന് പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു. അപ്രകാരം ജീവിച്ചത് കൊണ്ടാണ് ഇന്ന് തലമുറകള്‍ മാതാവിനെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കുന്നതെന്നും അദേഹം വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി.
സന്ധ്യാപ്രാര്‍ത്ഥനെ തുടര്‍ന്നു വിശ്വാസികളുടെ കണ്ഠങ്ങളില്‍ നിന്ന് ഇടതടവില്ലാതെ ഒഴുകിയ പ്രാര്‍ഥനാ മഞ്ജരികള്‍ക്കു നടുവിലായിരുന്നു നടയടക്കല്‍ ചടങ്ങുകള്‍ നടന്നത്. വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ഒരിക്കല്‍ കൂടി ദര്‍ശിക്കുന്നതിനും നടയടക്കല്‍ച്ചടങ്ങിന് സാക്ഷ്യം വഹിക്കുവാനും നാനാജാതിമതസ്ഥരായ ആയിരക്കണക്കിനു വിശ്വാസികളാണ് പള്ളിയില്‍ എത്തിച്ചേര്‍ന്നത്.
വികാരി റവ. ഇ.റ്റി. കുറിയാക്കോസ് കോര്‍- എപ്പിസ്‌കോപ്പ, പെരുന്നാള്‍ കോ- ഓഡിനേറ്റര്‍ റവ. ആന്‍ഡ്രൂസ് കോര്‍-എപ്പിസ്‌കോപ്പ, സഹവികാരിമാരായ റവ. കുര്യാക്കോസ് കോര്‍- എപ്പിസ്‌കോപ്പ കിഴക്കേടത്ത്, റവ. കുര്യാക്കോസ് കറുകയില്‍. ഫാ. കുര്യാക്കോസ് കാലായില്‍, ഫാ. മാത്യൂസ് വടക്കേടത്ത്, ഫാ. ജെ. മാത്യുസ് മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തില്‍, റവ. മാത്യൂസ് കോര്‍-എപ്പിസ്‌കോപ്പ കാവുങ്കല്‍, ഫാ. എ. തോമസ്, ഫാ. കുറിയോക്കോസ് കടവുംഭാഗം തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മ്മികരായിരുന്നു.