കോട്ടയം: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വി.മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അധ്യാത്മിക സംഘടനകളുടെ ഏകോപിച്ചുള്ള വാര്‍ഷിക പൊതുസമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ തീമോത്തിയോസ് അധ്യക്ഷത വഹിക്കും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മുഖ്യപ്രഭാഷണവും എം.എസ്.ഒ.റ്റി സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് അനുഗ്രഹപ്രഭാഷണവും നടത്തും.
ചടങ്ങില്‍ സേവകസംഘം നിര്‍മിച്ചുനല്‍കുന്ന 15 ഭവനങ്ങളുടെ താക്കോല്‍ദാനം മേളം ചാരിറ്റി ഇന്‍റര്‍നാഷനലിന്‍െറ പ്രസിഡന്‍റ് ഡോ. കുര്യന്‍ ജോണ്‍ മേളാംപറമ്പിലും സമൂഹവിവാഹ ധനസഹായവിതരണം വനം-ഗതാഗത വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണം ജോസ് കെ. മാണി എം.പി.യും വയോജന സംഘടനയിലെയും വനിതാ സമാജത്തിലെയും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ വി.എന്‍. വാസവനും നിര്‍വഹിക്കും. വികാരി റവ. ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റവ. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ട്രസ്റ്റി എബി വര്‍ഗീസ് മുണ്ടാനിക്കല്‍ സെക്രട്ടറി ഷാജു കെ. ജോണ്‍ കരിമ്പന്നൂര്‍ തുടങ്ങിയര്‍ സംസാരിക്കും.
നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കുരിശുപള്ളികളിലേക്കുള്ള റാസ. പതിനായിരത്തിലധികം മുത്തുകുടകളും 150 ലധികം പൊന്‍-വെള്ളി കുരിശും 20 ഓളം വാദ്യമേള ഗ്രൂപ്പുകളും കൊഴുപ്പേകുന്ന റാസ ഏഷ്യയിലെ ഏറ്റവും വലിയ അധ്യാത്മിക ഘോഷയാത്രയാണ്. ഏഴിന് ഉച്ച നമസ്ക്കാരത്തിനുശേഷം ചരിത്ര പ്രസിദ്ധമായ “നടതുറക്കല്‍’. പള്ളിയുടെ പ്രധാന മദ്ബഹായില്‍ സ്ഥാപിച്ചിട്ടുള്ള മാതാവിന്‍െറയും ഉണ്ണിയേശുവിന്‍െറയും ഛായാചിത്രം ദര്‍ശനത്തിനായി വര്‍ഷത്തിലൊരിക്കല്‍ തുറന്നുകൊടുക്കുന്നതാണ് നടതുറക്കല്‍ ചടങ്ങ്. ഉച്ചയ്ക്ക് 1-ന് കറിനേര്‍ച്ച തയ്യാറാക്കുന്നതിലേക്കുള്ള പന്തിരുനാഴി ഘോഷയാത്രയും 5-ന് സന്ധ്യാപ്രാര്‍ത്ഥനയും, രാത്രി പത്തിന് പ്രദിക്ഷണവും 11-ന് കരിമരുന്ന് പ്രയോഗവും മാര്‍ഗംകളിയും പരിചമുട്ട്കളിയും നടക്കും. പെരുന്നാള്‍ ദിനമായ ഏട്ടിന് ഉച്ചക്ക് രണ്ടിന് പ്രദക്ഷിണത്തോടും നേര്‍ച്ചവിളമ്പോടെയും ചടങ്ങുകള്‍ക്ക് സമാപനമാവും. 1501 പറ അരിയുടെ പാച്ചോറാണ് നേര്‍ച്ചക്കായി തയാറാക്കുന്നത്.