ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. ഞായറാഴ്ച രാത്രി നടന്ന എവേ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സതാംപ്ടണെയാണ് യുണൈറ്റഡ് കീഴടക്കിയത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു അവരുടെ വിജയക്കുതിപ്പ്. അതേസമയം ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളിനെ നോര്‍വിച്ച് സിറ്റി 11ന് സമനിലയില്‍ തളച്ചു. സതാംപ്ടനെതിരായ മത്സരത്തില്‍ അന്റോണിയോ മാര്‍ഷ്യലിന്റെ ഇരട്ട ഗോളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്. സതാംപ്ടന്റെ രണ്ട് ഗോളുകളും ഗ്രാസിയാനോ പെല്ലെ സ്വന്തമാക്കി. വിജയത്തോടെ ആറ് കളികളില്‍ നിന്ന് 13 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയരുകയും ചെയ്തു. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന വെസ്റ്റ് ഹാം മൂന്നാം സ്ഥാനത്തായി. കല്‍യില്‍ നേരിയ മുന്‍തൂക്കം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് സതാംപ്ടണായിരുന്നു. മാഞ്ചസ്റ്റര്‍ പായിച്ച 10 ഷോട്ടുകളില്‍ മൂന്നെണ്ണം വലയില്‍ കയറുകയായിരുന്നു. അതേസമയം സതാംപ്ടണ്‍ താരങ്ങള്‍ 15 ഷോട്ടുകള്‍ പായിക്കുകയും എട്ടെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങുകയും ചെയ്‌തെങ്കിലും രണ്ടെണ്ണം മാത്രമാണ് വലയില്‍ കയറിയത്. ബാറിന് കീഴില്‍ മിന്നുന്ന പ്രകടനം നടത്തിയ യുണൈറ്റഡ് ഗോളി ഡി ഗിയയാണ് സതാംപ്ടണ്‍ വിജയത്തിന് മുന്നില്‍ വിലങ്ങുതടിയായത്. കളിയുടെ പതിമൂന്നാം മിനിറ്റിലാണ് ഗ്രാസിയാനോ പെല്ലെ സതാംപ്ടനെ മുന്നിലെത്തിച്ചത്. ജെയിംസ് വാര്‍ഡിന്റെ ക്രോസ് സാഡിയോ മാനെ പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും യുണൈറ്റഡ് ഗോളി ഡി ഗിയ തടുത്തിട്ടു. എന്നാല്‍ പന്ത് പിടിച്ചെടുത്ത പെല്ലെ വലംകാലുകൊണ്ട് പായിച്ച ഷോട്ടിന് മുന്നില്‍ യുണൈറ്റഡ് ഗോളി നിസ്സഹായനായി. (10). 20ാം മിനിറ്റില്‍ ജെയിംസിന്റെ വാര്‍ഡിന്റെ ഷോട്ടും യുണൈറ്റഡ് ഗോളി രക്ഷപ്പെടുത്തി. 34ാം മിനിറ്റില്‍ യുണൈറ്റഡ് സമനില പിടിച്ചു. ബോക്‌സിനുള്ളില്‍ നിന്ന് മാര്‍ഷ്യല്‍ പായിച്ച ഷോട്ടാണ് സതാംപ്ടണ്‍ ഗോളിയെ മറികടന്ന് വലയില്‍ പതിച്ചത്. ഇതോടെ ആദ്യപകുതി 11ന് സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റായപ്പോഴേക്കും മാര്‍ഷ്യല്‍ തന്റെ രണ്ടാം ഗോളും ടീമിന് ലീഡും നേടിക്കൊടുത്തു. 68ാം മിനിറ്റില്‍ യുണൈറ്റഡ് ഗോള്‍ പട്ടിക തികച്ചു. ബാസ്റ്റിയന്‍ ഷ്വെയ്ന്‍സ്റ്റീഗറുടെ പാസില്‍ നിന്ന് മെംഫിസ് ഡിപെ പായിച്ച ഷോട്ട് ഇടതുപോസ്റ്റില്‍ തട്ടി തെറിച്ചു. റീ ബൗണ്ട് പന്ത് പിടിച്ചെടുത്ത ജുവാന്‍ മാട്ട നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ സതാംപ്ടണ്‍ വല കുലുക്കുകയും ചെയ്തു. 86ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. സാഡിയോ മാനേ നല്‍കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ പെല്ലെ യുണൈറ്റഡ് വലയിലെത്തിച്ചു. കളിയുടെ അവസാന നിമിഷങ്ങളില്‍ സതാംപ്ടണ്‍ താരങ്ങള്‍ കനത്ത മുന്നേറ്റവുമായി യുണൈറ്റഡ് നിരയെ വിറപ്പിച്ചെങ്കിലും ഗോളി ഡി ഗിയ അക്ഷോഭ്യനായി നിലയുറപ്പിച്ചതോടെ സമനിലയെന്ന അവരുടെ സ്വപ്‌നം പൊലിഞ്ഞു. നോര്‍വിച്ച് സിറ്റിക്കെതിരായ മത്സരത്തില്‍ ലീഡ് നേടിയ ശേഷമാണ് ലിവര്‍പൂള്‍ സമനില വഴങ്ങിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 48ാം മിനിറ്റില്‍ ഡാനി ഇങ്‌സിലൂടെ ലിവര്‍പൂള്‍ ലീഡ് നേടി. എന്നാല്‍ 61ാം മിനിറ്റില്‍ റസ്സല്‍ മാര്‍ട്ടിനിലൂടെ നോര്‍വിച്ച് സമനില പിടിച്ചു. ആറ് കളികളില്‍ നിന്ന് 8 പോയിന്റ് മാത്രമുള്ള ലിവര്‍പൂള്‍ 13ാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ടോട്ടനം 10ന് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി. ആറ് കളികളില്‍ നിന്ന് 9 പോയിന്റുമായി ടോട്ടനം ഒമ്പതാം സ്ഥാനത്തേക്ക് കയറി.