അശ്ലീലം സംപ്രേക്ഷണം ചെയ്തു: മംഗളത്തിന്റെ ലൈസൻസ് റദ്ദാക്കും..? പരാതിയുമായി എൻസിപി നേതൃത്വം

ക്രൈം ഡെസ്‌ക്
തിരുവനന്തപുരം: അശ്ലീല ഓഡിയോ ക്ലിപ്പുകൾ പീക്ക് ടൈമിൽ സംപ്രേക്ഷണം ചെയ്ത മംഗളം ചാനലിനെതിരെ നടപടിയുണ്ടായേക്കുമെന്നു സൂചന. പകൽസമയം കുട്ടികൾ അടക്കമുള്ളവർ ചാനൽ കാണുന്നതിനിടെയാണ് അശ്ലീല ഓഡിയോ  പുറത്തു വിട്ടത്. മന്ത്രിയുടേതെന്ന പേരിൽ അശ്ലീല ഓഡിയോ പ്രസിദ്ധീകരിച്ചതോടെ ചാനലിൽ ചർച്ചയ്ക്കിരുന്ന സ്ത്രീകൾ അടക്കമുള്ളവർ ചെവിപൊത്തുകയായിരുന്നു.
ചർച്ചയിൽ പങ്കെടുത്ത സ്ത്രീകളിൽ ഒരാൾ നിങ്ങൾ ഇത്തരത്തിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുക കൂടി ചെയ്തു. രാവിലെ 11 മണി മുതൽ ഉച്ചയ്ക്കു ഒരു മണിവരെ അശ്ലീല ഓഡിയോ ചർച്ച ചെയ്ത ചാനൽ മന്ത്രിയുടെ ഓഡിയോ പല തവണ ആവർത്തിച്ചു കാണിക്കുകയും ചെയ്തു. ഇത് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നു ആരോപിച്ചാണ് ഇപ്പോൾ എൻസിപി പരാതി നൽകാൻ ഒരുങ്ങുന്നത്. ഇതോടൊപ്പം വനിതാ സംഘടനകളും മംഗളത്തിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
കുറ്റകൃത്യങ്ങളുടെയും അശ്ലീതകളുടെയും അതിർവരമ്പ് ലംഘിക്കുന്ന പരിപാടികൾ രാത്രി 11 ശേഷം മാത്രമേ സംപ്രേക്ഷണം ചെയ്യാവൂ എന്ന മാനദണ്ഡമാണ് ടെലിവിഷൻ ചാനലുകൾക്കടക്കം കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡകാസ്റ്റിങ് മന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, ഇതെല്ലാം ലംഘിച്ചാണ് മംഗളം ചാനൽ കഴിഞ്ഞ ദിവസം മന്ത്രിയുടേതെന്ന പേരിൽ അശ്ലീല ഓഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നതും. ഇതിനിടെ മാധ്യമപ്രവർത്തനത്തിനു അരുതാത്ത രീതിയിലുള്ള കാര്യങ്ങൾ സംപ്രേക്ഷണം ചെയ്ത മംഗളം ചാനലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം എൻസിപി നേതാക്കൾ ദേശീയ ട്രൈബ്യൂണലിനും, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്കും, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിനും എൻസിപി നേതാക്കളും ഒരു വിഭാഗം വനിതാ നേതാക്കളും പരാതി നൽകിയിട്ടുണ്ട്.
Top