മംഗളം ചാനല്‍ പ്രവര്‍ത്തകരെ ഇന്ന് റിമാന്‍ഡ് ചെയ്യും; അറസ്റ്റ് ഒഴിവാക്കാന്‍ പലവഴിയും നോക്കി

കൊച്ചി: രാജി വച്ച മുന്‍മന്ത്രി ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം സംപ്രേക്ഷണം ചെയ്ത കേസില്‍ അറസ്റ്റിലായ മംഗളം ചാനല്‍ പ്രവര്‍ത്തകരെ ഇന്ന് റിമാന്റ് ചെയതേയ്ക്കും. ഉന്നത രാഷ്ട്രീയ നേതാക്കളുമായും പൊലീസുകാരുമായി അടുത്ത ബന്ധമുള്ള റിപ്പോര്‍ട്ടര്‍ ആര്‍ ജയചന്ദ്രന്‍ (നാരായണന്‍), മംഗളം ചാനല്‍ സിഇഒ ആര്‍ അജിത് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പൊലീസിന്റെ ഉന്നതങ്ങളില്‍നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. പോലീസിലെ തന്നെ പലരും അറസ്റ്റ് ഒഴിവാക്കണമെന്ന് ആഗ്രഹമുള്ളവരായിരുന്നു.

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജി ദിനേന്ദ്ര കശ്യപ് അറസ്റ്റ് രേഖപ്പെടുത്തി. അജിത്കുമാര്‍, ജയചന്ദ്രന്‍ എന്നിവര്‍ക്കു പുറമേ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ എം ബി സന്തോഷ്, ന്യൂസ് എഡിറ്റര്‍മാരായ ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി പത്തു വരെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖര്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതിന് എതിരായിരുന്നുവെന്നാണ് സൂചന. ഭരണ പൊലീസ് നേതൃത്വങ്ങളെ തന്റെ നിലപാട് ചെന്നിത്തല അറിയിച്ചിരുന്നു. എന്നാല്‍ എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറച്ചു നിന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാവിലെ എത്തിയ മാധ്യമ പ്രവര്‍ത്തകരെ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയയ്ക്കുമെന്നായിരുന്നു സൂചന. ഇത്തരമൊരു ഒത്തുതീര്‍പ്പ് പൊലീസിലെ ഉന്നതരുമായി ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ കടുത്ത നിലപാട് കാര്യങ്ങള്‍ പ്രതികൂലമാക്കി. ഇതോടെയാണ് അഞ്ച് മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. ഇവരെ ജയിലില്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശം പൊലീസിന് ചില ഉന്നത കേന്ദ്രങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് മൊഴി രേഖപ്പെടുത്തി വിട്ടയയ്ക്കാനുള്ള പൊലീസിലെ ഉന്നതരുടെ നീക്കം നടക്കാതെ പോയത്.

ഡിവൈഎസ്പിമാരായ ബിജുമോന്‍, ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വനിതാ പൊലീസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. തിങ്കളാഴ്ച ചാനല്‍ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ ശേഖരിച്ച വിവരങ്ങള്‍കൂടെവച്ച് ഒറ്റക്കും കൂട്ടായുമായിരുന്നു ചോദ്യംചെയ്യല്‍. കഴിഞ്ഞ ഞായറാഴ്ചതന്നെ ഹാജരാകാന്‍ ഇവര്‍ക്ക് അന്വേഷകസംഘം നോട്ടീസ് നല്‍കിയിരുന്നു. തിങ്കളാഴ്ചയിലേക്ക് ഇവര്‍ സമയം നീട്ടി ചോദിക്കുകയും മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ പ്രതികള്‍ ചൊവ്വാഴ്ച ഹാജരാകുകയായിരുന്നു.

തിങ്കളാഴ്ച മംഗളം ചാനല്‍ ഓഫീസില്‍ റെയ്ഡ് നടത്തിയ അന്വേഷകസംഘം സെര്‍വറില്‍നിന്നടക്കം നിര്‍ണായകവിവരം ശേഖരിച്ചിരുന്നു. ഏതാനും രേഖകളും കസ്റ്റഡിയിലെത്തു. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറി. എന്‍വൈസി നേതാവ് മുജീബ് റഹ്മാന്‍, അഭിഭാഷക ശ്രീജ തുളസി എന്നിവരുടെ പരാതിയില്‍ ക്രിമിനല്‍ ഗൂഢാലോചന, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 120ബി, ഐടി ആക്ട് 67 എന്നീ വകുപ്പുകള്‍പ്രകാരമാണ് പത്തുപേര്‍ക്കെതിരെയും കേസെടുത്തത്. പരാതിയുമായെത്തിയ വീട്ടമ്മയോട് എ കെ ശശീന്ദ്രന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന പേരില്‍ മാധ്യമ പ്രവര്‍ത്തകയെ ഉപയോഗിച്ച് റെക്കോഡ്‌ചെയ്ത ശബ്ദശകലം 26നായിരുന്നു മംഗളം പുറത്തുവിട്ടത്.

തന്റെ മൊബൈല്‍ഫോണും ലാപ്‌ടോപ്പും മോഷണം പോയെന്ന് ആര്‍ അജിത്കുമാര്‍ തിങ്കളാഴ്ച രാത്രി മ്യൂസിയം പൊലീസില്‍ നല്‍കിയ പരാതി വ്യാജമാണെന്ന് പൊലീസ് സ്ഥീരീകരിച്ചതായാണ് വിവരം. അത് ശരിയാണെങ്കില്‍, ലാപ്‌ടോപ്പും, മൊബൈല്‍ ഫോണും കണ്ടെത്താന്‍ അറസ്റ്റിലായവരെ നുണപരിശോധനയ്ക്കുപോലും വിധേയരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം ലഭിച്ചുകഴിഞ്ഞു. വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍പോയപ്പോള്‍ കാര്‍ ലോക്ക് ചെയ്യാന്‍ മറന്നെന്നും അപ്പോള്‍ ആരോ മോഷ്ടിച്ചുവെന്നുമാണ് പരാതി. ഈ ഭാഗത്ത് ട്രാഫിക് പൊലീസ് സ്ഥാപിച്ചിട്ടുള്ളതും,മറ്റ് കടകള്‍ സ്ഥാപിച്ചിട്ടുള്ളതുമായ എല്ലാ സിസി ടിവി ക്യാമറകളും പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മ്യൂസിയം പൊലീസിനാണ് ഇതിന്റെ അന്വേഷണച്ചുമതല.

ഒന്‍പതുപേരാണ് അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്. ഇതില്‍ രണ്ടു പേരെ രാവിലെ തന്നെ വിട്ടയച്ചിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷം രണ്ടു പേരെ വൈകിട്ടും വിട്ടയച്ചു. തുടര്‍ന്നാണ് അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റു തടയാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു കീഴടങ്ങല്‍. അതേസമയം, ചാനല്‍ ചെയര്‍മാനും ശശീന്ദ്രനോടു ഫോണില്‍ സംസാരിച്ച പെണ്‍കുട്ടിയും എത്തിയിട്ടില്ല. ക്രിമിനല്‍ ഗൂഢാലോചന, ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ തുടങ്ങിയവയാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഇതിനിടെ തന്റെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും കാണാനില്ലെന്നു ചാനല്‍ മേധാവി മ്യൂസിയം പൊലീസില്‍ പരാതി നല്‍കി.

Top